- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ കർഷകർക്കും കേന്ദ്ര സർക്കാരിനും ഒപ്പമെന്ന് ബോളിവുഡ് താരം സണ്ണി ഡിയോൾ; കർഷകരുമായി ചർച്ച നടത്തിയ ശേഷം ശരിയായ തീരുമാനം സർക്കാർ എടുക്കുമെന്നും ബിജെപി എംപി; പലരും ഈ സാഹചര്യം മുതലെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും വിമർശനം
ചണ്ഡിഗഡ്: കർഷക പ്രക്ഷോഭത്തിൽ താൻ കർഷകർക്കും കേന്ദ്ര സർക്കാരിനും ഒപ്പമെന്ന് ബോളിവുഡ് താരവും ബിജെപി എംപിയുമായ സണ്ണി ഡിയോൾ. ഇത് സർക്കാരും കർഷകരും തമ്മിലുള്ള വിഷയമാണെന്നും ഇരുകൂട്ടരും ചർച്ചയിലൂടെ പ്രശ്ന പരിഹാരം കാണുമെന്നുമായിരുന്നു ഗുരുദാസ്പുർ എംപി കൂടിയായ സണ്ണി ഡിയോളിന്റെ പ്രതികരണം. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് നടനും സണ്ണി ഡിയോളിന്റെ ഉറ്റ സുഹൃത്തുമായ ദീപു സിദ്ദു രംഗത്തെത്തിയതോടെ സണ്ണി ഡിയോൾ നിലപാട് വ്യക്തമാക്കണമെന്ന് വിവിധകോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു. ഇതിനുപിന്നാലെയാണ് സണ്ണിയുടെ പ്രതികരണം.
‘ഇത് കർഷകരും സർക്കാരും തമ്മിലുള്ള വിഷയമാണ്. അവർക്കിടയിൽ കയറി ആരും അഭിപ്രായം പറയരുത്. ഇരുവരും ചർച്ചകൾക്ക് ശേഷം ഒരു വഴി കണ്ടെത്തും. പലരും ഈ സാഹചര്യം മുതലെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും എനിക്കറിയാം. അവർ കർഷകരെക്കുറിച്ചല്ല ചിന്തിക്കുന്നത്. അവർക്ക് അവരുടെതായ അജണ്ട ഉണ്ടായിരിക്കാം.' – സണ്ണി ഡിയോൾ ട്വിറ്ററിൽ കുറിച്ചു.
തിരഞ്ഞെടുപ്പ് വേളയിൽ തന്നോടൊപ്പം ഉണ്ടായിരുന്ന ദീപ് സിദ്ദു വളരെക്കാലമായി എന്നോടൊപ്പം ഉണ്ടായിരുന്നില്ല. അദ്ദേഹം എന്ത് പറഞ്ഞാലും അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. താൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. താൻ പാർട്ടിയോടും കർഷകരോടും ഒപ്പം നിൽക്കുന്നു, എല്ലായ്പ്പോഴും കർഷകർക്കൊപ്പമായിരിക്കും. സർക്കാർ കർഷകരുടെ നന്മയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. കർഷകരുമായി ചർച്ച നടത്തിയ ശേഷം ശരിയായ തീരുമാനം സർക്കാർ എടുക്കുമെന്നും സണ്ണി ഡിയോൾ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഗുരുദാസ്പുരിൽനിന്നാണ് സണ്ണി ഡിയോൾ വിജയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നിൽനിന്നിരുന്നത് നടൻ കൂടിയായ ദീപു സിദ്ദുവായിരുന്നു. ഈ മാസമാദ്യം കോവിഡ് സ്ഥിരീകരിച്ച സണ്ണി, ഹിമാചൽ പ്രദേശിലെ മണാലിയിലെ വീട്ടിൽ ഐസലേഷനിലാണ്.
കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ബോക്സർ വിജേന്ദ്ര സിങ് ഇന്ന് രംഗത്തെത്തിയിരുന്നു. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് തിരികെ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് സിങ്കു അതിർത്തിയിലെ സമരവേദിയിൽ എത്തിയതായിരുന്നു അദ്ദേഹം. ‘കരി നിയമങ്ങൾ സർക്കാർ പിൻവലിച്ചില്ലെങ്കിൽ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് ഞാൻ തിരിച്ചുനൽകും – " അദ്ദേഹം പറഞ്ഞു. 2009 ജൂലൈയിലാണ് അദ്ദേഹത്തിന് ഖേൽ രത്ന ലഭിച്ചത്.
ശനിയാഴ്ച കർഷകർക്ക് പിന്തുണയുമായി പാട്ടുകാരനും പഞ്ചാബി നടനുമായ ദിൽജിത് ദൊസാൻഝ് എത്തിയിരുന്നു. താൻ കർഷകരെ കാണാനും അവരെ കേൾക്കാനുമാണ് എത്തിയതെന്നും തനിക്ക് സംസാരിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘ഞാൻ ഇവിടെ എത്തിയിരിക്കുന്നത് നിങ്ങളെ കേൾക്കാനാണ്. എനിക്ക് സംസാരിക്കാനല്ല. പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർക്ക് നന്ദി. നിങ്ങൾ വീണ്ടും ഇവിടെയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.
ഡൽഹി അതിർത്തികളിൽ കർഷകർ നടത്തുന്ന സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിര കണക്കിന് കർഷകരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. കേന്ദ്രസർക്കാറിനെിരെ പഞ്ചാബികൾക്കിടയിൽ കടുത്ത വിരോധമാണ് ഈ സമരത്തോടെ ഉണ്ടായിരിക്കുന്നത്. ഈ രോഷം പ്രതിപക്ഷ കക്ഷികളെ വീണ്ടും ഒന്നിപ്പിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. എൻഡിഎ പക്ഷത്തു നിന്നും ശിരോണി അകാലിദളും ബിജെപിക്കെതിരെ തുറന്നടിച്ചു കൊണ്ട് രംഗത്തുവരികയാണ്. കൂടാതെ മറ്റു രാഷ്ട്രീയ കരുനീക്കങ്ങളിലേക്കും ഇത് നയിക്കുന്നു.
കർഷകനിയമത്തിനെതിരേയുള്ള പ്രക്ഷോഭത്തിനിടയിൽ മോദി സർക്കാരിനെതിരേ പ്രതിപക്ഷ പാർട്ടികളെ അണിനിരത്തിയും അവരുടെ പിന്തുണ തേടാനുമാണ് അകാലിദളിന്റെ ശ്രമം. കർഷക പ്രക്ഷോഭത്തെ കുറിച്ച് സംസാരിക്കാൻ അകാലിദൾ വൈസ് പ്രസിഡന്റ് പ്രേം സിങ് ചന്ദുമജ്ര തൃണമൂൽ കോൺഗ്രസ്സ് നേതാക്കളെ സന്ദർശിച്ചു. നിലവിലെ കർഷക സമരം കർഷകരുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും പകരം ഏകീകൃത സംവിധാനത്തിനെതിരേയുള്ള പോരാട്ടം കൂടിയാണതെന്നും പ്രേം സിങ് പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ മാത്രമല്ല പകരം രാജ്യമെമ്പാടുമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുമായി തങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോൺഗ്രസ്സ്, തെലങ്കാന രാഷ്ട്ര സമിതി, കോൺഗ്രസ്സ് പാർട്ടി, സിപിഎം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികൾ എന്നിവയാണ് ഡിസംബർ എട്ടിന് കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഇതുവരെ പിന്തുണയറിയിച്ചത്. 'ഇതു തറവിലയുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമല്ല. പകരം ഫെഡറിലസവുമായി ബന്ധമുള്ളതുകൂടിയാണ്. ഒരു ഏകീകൃത ഏകാധിപത്യ സംവിധാനത്തിലൂടെയാണ് രാജ്യം പൊയ്ക്കൊണ്ടിരിക്കുന്നത്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പിടിച്ചെടുക്കപ്പെടാൻ പാടില്ല. കൃഷി എന്നത് സംസ്ഥാനവുമായി ബന്ധപ്പട്ട കാര്യമാണ്. പുതിയ നിയമ പ്രകാരം കാർഷിക ഉത്പന്നങ്ങൾക്ക് നികുതി ചുമത്താൻ സംസ്ഥാനത്തിന് അധികാരമില്ല. അതിനെ ഞങ്ങൾ മാത്രമല്ല തൃണമൂലും അംഗീകരിക്കുന്നില്ല', ചന്ദുമജ്ര പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെയും എൻസിപി പ്രസിഡന്റ് ശരദ് പവാറിനെയും കാണാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. 'എൻഡിഎ സർക്കാരിന്റെ സ്വേഛാധിപത്യ മനോഭാവത്തിനെതിരേ എല്ലാ പ്രാദേശിക പാർട്ടികളും ഒന്നിച്ചു നിൽക്കേണ്ടതുണ്ട്. ഫെഡറൽ സംവിധാനത്തിനെതിരേയുള്ള ഇത്തരം ആക്രമണങ്ങളെ ചെറുക്കേണ്ടത് ഈ സമയത്തിന്റെ ആവശ്യമാണ്'. നിലവിൽ ശക്തമായ പ്രതിപക്ഷം ഇല്ലാത്തിനാൽ തന്നെ പ്രാദേശിക പാർട്ടികളുടെ ശക്തമായ മുന്നണി വേണ്ടതാണെന്നും അകാലിദൾ നേതാവ് ചന്ദുമജ്ര ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'പൂർണ്ണമായും കൃഷിയുമായി മാത്രം ബന്ധപ്പെട്ടതാണ് കർഷകരുടെ ഉപജീവനം. വിഷയവുമായി ബന്ധപ്പെട്ട പെട്ടെന്നൊരു നിയമം നടപ്പിലാക്കുന്നത്് ശരിയല്ല. ഭൂരിപക്ഷവാദത്തിലൂന്നി നിയമം പാസ്സാക്കാം എന്നാൽ നിയമം പാസ്സാക്കുന്നതുമൂലം കർഷകർ അനുഭവിക്കുന്ന വേദന പരിഗണിച്ചതേയില്ല. അങ്ങനെയല്ല നിയമത്തിനെതിരേയുള്ള പ്രക്ഷോഭം ആരംഭിച്ചത്. നിയമം പുനപരിസോധിക്കണമെന്ന ആവശ്യത്തെ അതുകൊണ്ട് തന്നെ തൃണമൂൽ കോൺഗ്രസ്സ് പിന്തുണയ്ക്കുകയാണ്', പാർട്ടി നേതാവ് സുദീപ് ബന്ദ്യോപാധ്യായ പറഞ്ഞു.
അതിനിടെ കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസും രംഗത്തുവന്നു. അന്നേദിവസം പാർട്ടി ഓഫീസുകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര വ്യക്തമാക്കി. ഭാരത് ബന്ദിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ടി ആർ എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവും രംഗത്തെത്തി.
കർഷക സമരത്തിന് പിന്തുണ നൽകാൻ രാജ്യത്തെ മറ്റു പാർട്ടികളോട് ഇടതുപാർട്ടികൾ അഭ്യർത്ഥിച്ചു. അന്നദാതാക്കളായ കർഷകർക്കെതിരെ ആർഎസ്എസും ബിജെപിയും നടത്തുന്ന ഹീന പ്രചാരണങ്ങളെ ഇടതുപാർട്ടികൾ അപലപിച്ചു. പ്രക്ഷോഭം അവസാനിപ്പിക്കാനായി കേന്ദ്രസർക്കാർ കർഷക സംഘടനകളുമായി നടത്തിയ അഞ്ചാംവട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു. നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ നിലപാട് സ്വീകരിക്കുകയായിരുന്നു. നിയമങ്ങൾ പിൻവലിക്കുന്നത് പ്രായോഗികമല്ലെന്നും ഭേദഗതികൾ ആകാമെന്നുമെന്നാണ് സർക്കാർ നിലപാട്. ഡിസംബർ 9ന് വീണ്ടും ചർച്ച നടത്തും.
മറുനാടന് ഡെസ്ക്