ഹ്റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ കഥവീടിന്റെ ആദ്യ ഒത്തു ചേരൽ നവംബർ ഏഴാം തിയ്യതി സമാജം ബാബുരാജ് ഹാളിൽ വച്ച് നടന്നു. അൻപതോളം കുട്ടികളെ പ്രതീക്ഷിച്ചിരുന്ന സംഘാടകരെ ഞെട്ടിച്ചുകൊണ്ട് ഇരുന്നൂറോളം കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.

കഥകളും, പാട്ടുകളും, ചോദ്യോത്തരവും സമ്മാനങ്ങളുമായി വിപുലമായ ഒരുക്കങ്ങളോടെയാണ് പരിപാടി നടത്തപ്പെട്ടത്. വായനശാലയുടെ ഈ വ്യത്യസ്തമായ കാൽവെയ്‌പ്പു കുട്ടികളുടെ മാതൃ ഭാഷാ സ്‌നേഹവും വായനാശീലവും പ്രോത്സാഹിപ്പിക്കാൻ ഉപകാരപ്പെടും എന്ന സന്തോഷമാണ് രക്ഷിതാക്കളും പങ്കുവച്ചത്. പരിപാടിയിൽ വായനശാല കൺവീനർ ആഷ്ലി കുര്യൻ സ്വാഗതവും, ലൈബ്രേറിയൻ അനു തോമസ് ജോൺ ആശംസകളും, കഥ വീട് കൺവീനർ ശുഭ അജിത് നന്ദിയും അർപ്പിച്ചു സംസാരിച്ചു.

അജിത് അനന്തപുരി, സുധി പുത്തൻവേലിക്കര എന്നിവർ കഥ വീടിന്റെ ആദ്യ ഭാഗത്തിന് നേതൃത്വം നൽകി. കഥ വീടിന്റെ വരും എപ്പിസോഡുകൾ കൂടുതൽ പുതുമകൾ നിറഞ്ഞതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. നൂതനവും ഉപയോഗപ്രദവുമായ ആശയങ്ങൾ മലയാളി സമൂഹം ഇരുകൈകളും നീട്ടി സ്വീകരിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ പരിപാടിയുടെ മികച്ച വിജയം എന്ന് സമാജം പ്രസിഡണ്ട്, പി. വി. രാധാകൃഷ്ണ പിള്ള സെക്രട്ടറി, എം. പി. രഘു എന്നിവർ പറഞ്ഞു. ഇങ്ങനെ ഒരു ആശയം നടപ്പിലാക്കിയ വായനശാല വിഭാഗത്തെ അഭിനന്ദിക്കുന്നതായും സമാജം ഭാരവാഹികൾ അറിയിച്ചു.