മനാമ: ഇന്ത്യൻ സ്‌കൂളിന്റെ ഈ വർഷത്തെ മെഗാ ഫെയറിനുള്ള ടിക്കറ്റു പുറത്തിറക്കുന്ന ചടങ്ങു സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു . ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, ഫെയർ സംഘാടക സമിതി കൺവീനർ എസ് ഇനയദുള്ള, ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യാതിഥി ബഹറിനിലെ മുൻ വൈദ്യുതി-ജലവിതരണ മന്ത്രി അബ്ദുല്ല മുഹമ്മദ് ജുമാ ടിക്കറ്റു ലോഞ്ച് ഉദ്ഘാടനം ചെയ്തു.

ഡിസംബർ 20, 21 തീയതികളിൽ ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ നടക്കുന്ന മെഗാ ഫെയറിൽ ആദ്യ ദിവസം പ്രശസ്ത പിന്നണിഗായകരായ വിധുപ്രതാപും ഗായത്രീയും സഞ്ജിത് സലാമും നയിക്കുന്ന തെന്നിന്ത്യൻ സംഗീത നിശയും രണ്ടാം ദിവസം പ്രശസ്ത ബോളിവുഡ്ഡ് പിന്നണിഗായക പ്രയങ്ക നേഗി നേതൃത്വം നൽകുന്ന ഉത്തരേന്ത്യൻ സംഗീത നിശയും അരങ്ങേറും. രണ്ടു ദിനാറാണ് പ്രവേശന ടിക്കറ്റു നിരക്ക്.

ഇത്തവണ ഫെയറിന്റെ മറ്റൊരു പ്രധാന പ്രത്യകത അതിനോടനുബന്ധിച് സംഘടിപ്പിച്ചിട്ടുള്ള കായികമത്സരങ്ങളാണ്. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൻ എന്നീ ഇനങ്ങളിൽ മത്സരം നടക്കും . പ്രൈസ് മണിയും, ട്രോഫിയും വിജയികൾക്ക് സമ്മാനമായി നൽകും. രജിസ്ട്രേഷൻ നടപടികൾ പുരോഗമിച്ച് വരുന്നു. ഫെയറിന്റെ മറ്റൊരു ആകർഷണം കുട്ടികൾക്കായുള്ള പ്രത്യക പവലിയനാണ്. ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെയും, പൂർവ്വ വിദ്യാർത്ഥി കളുടെയും വിവിധ കലാപരിപാടികൾ ഫെയറിനോടനുബന്ധിച്ചു നടക്കും. ഫെയറിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഖ്യമായും ഉപയോഗിക്കുന്നത് സ്‌കൂൾ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കും, അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ക്ഷേമപ്രവർത്തനങ്ങൾക്കുമാണ്.

ടിക്കറ്റു പുറത്തിറക്കുന്ന ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ ജയഫർ മൈദാനി, അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എൻ എസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, അഡ്വ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് നമ്പ്യാർ, സജി ജോർജ്,ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയസ് ഉല്ല, വി. അജയകൃഷ്ണൻ, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസി, സംഘാടക സമിതി അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.