സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന കുട്ടികളുടെ സമ്മർക്യാമ്പായ കളിക്കളം കളം പിരിയുന്നു. ജൂലായ് 3ന് തുടക്കം കുറിച്ച സമ്മർ ക്യാമ്പിൽ പങ്കെടുത്ത 15 വയസ്സിൽ താഴെ പ്രായക്കാരായ 200 ലേറെ കുട്ടികൾ അണിനിരക്കുന്ന വർണ്ണപകിട്ടാർന്ന കലാവിരുന്നോടെ ഓഗസ്റ്റ് 19 നാണ് സമാപനം എന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള , സമാജം ജനറൽ സെക്രട്ടറി എൻ.കെ വീരമണി എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

കേരളീയത്തനിമയാർന്ന കലാസാംസ്‌കാരിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് ചിത്രകല,സംഗീതം നൃത്തം നാടകം കരകൗശലം,വ്യക്തികത വികസനം സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനത്തോടൊപ്പം വിജ്ഞാനപ്രദവും വിനോദകരുമായ പരിപാടികളോടെ അവധികാല ക്യാമ്പ് ശ്രദ്ധേയമായി. ആലപ്പുഴ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന കളിയരങ്ങിന്റെ ഡയരക്ടറും മികച്ച കലാഅദ്ധ്യാപകനുള്ള ഗുരുശ്രേഷ്ട്ട പുരസ്‌കാര ജേതാവും ആയ ചിക്കൂസ് ശിവന്റെ നേതൃത്വത്തിൽ ഇരുപതോളം പേരുടെ സഹകരണത്തോടെ യാണ് ഗൾഫ് മേഖലകളിൽ നടന്നു വരുന്നതായ ഏറ്റവും വലിയ ഈ സമ്മർ ക്യാമ്പ് വിജയകരമായി സമാപിക്കുന്നത്.

നാല് ഗ്രൂപ്പുകളിലായി കുട്ടികളെ തിരിച്ചു തികച്ചും ആരോഗ്യകരമായ മത്സരങ്ങളിലൂടെ ക്രമീകരിച്ച ക്യാമ്പിൽ അവധികാലത്തെ ആഘോഷമാക്കി തീർക്കും വിധത്തിൽ ഉള്ള സംവിധാനമാണ് ഒരുക്കിയിരുന്നത്. വിവിധ രംഗത്ത് പ്രതിഭ തെളിയിച്ച പ്രമുഖ വ്യക്തികളുടെ ക്ലാസുകളും കുട്ടികളിൽ കൂടുതൽ അവബോധം സൃഷ്ടിച്ചു.ഡോൾഫിൻ പാർക്കിലേക്കുള്ള ഉല്ലാസകാഴ്ചയും ആസ്വാദ്യകരമായിരുന്നു.

47 ദിവസം നീണ്ടു നിന്ന ക്യാമ്പിൽ നിന്നും ചെത്തിപ്പൂക്കൾ ,മന്ദാര ചെപ്പ്,പിച്ചകനിലാവ്, തുളസിക്കതിർ  എന്നീ പേരുകളിൽ നാല് കൈയെഴുത്തു പ്രതികൾ തയ്യാറാകുകയും അതിന്റെ ഉള്ളടക്കത്തിൽ കുട്ടികളുടെതായ കഥകൾ കവിതകൾ, ലേഖനങ്ങൾ, അഭിമുഖങ്ങൾ ,ചിത്രങ്ങൾ തുടങ്ങിയവയോടെ പ്രസിദ്ധപ്പെടുത്തിയും ശ്രദ്ധേയമായി. കളിക്കളം 2016 ന്റെ സ്മരണിക എന്ന നിലയിൽ ഇവ സമാജം ലൈബ്രറിയിൽ സൂക്ഷിക്കപ്പെടുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.

19ന് സംഘടിപ്പിച്ചിട്ടുള്ള ' കളംപിരിയൽ'' ചടങ്ങിൽ അവതരിപ്പിക്കുന്ന കലാവിരുന്ന് ക്യാമ്പിൽ ലഭിച്ച പരിശീലനത്തിൽ നിന്നും രൂപംകൊണ്ട പരിപാടികളാണ് അരങ്ങേറുന്നതെന്നും കുട്ടികൾ തന്നെ അവതാരകരായി എത്തുന്നതും അവധികാല കളരിയുടെ ലക്ഷ്യത്തെ സാക്ഷാത്ക്കരിക്കുന്നതാണെന്നും സമാജം കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി സമാജം അസിസ്റ്റന്റ് സെക്രട്ടറി സിറാജുധീൻ കൊട്ടാരക്കര എന്നിവർ അഭിപ്രായപ്പെട്ടു.