ഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ ഈ വർഷത്തെ ഭരത് മുരളി നാടക പുരസ്‌കാരം എ ശാന്തകുമാറിന്. മലയാള നാടക വേദിക്കു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത് എന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ അറിയിച്ചു. അൻപതിനായിരം രൂപയും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡ്.

1965 നവംബർ 13 ന് കോഴിക്കോട് ജില്ലയിൽ പരമ്പിൽ ബസാറിൽ ജനിച്ച ശാന്തകുമാർ കോഴിക്കോട് ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും ബിരുദ പഠനത്തിന് ശേഷം നാടകരംഗത്തേക്കിറങ്ങി. കഴിഞ്ഞ 15 വർഷമായി അമേച്വർ നാടകരംഗത്ത് പ്രവർത്തിക്കുന്നു. നാടകരചന, സംവിധാനം എന്നിവയാണ് പ്രധാന തട്ടകം. 1999 ൽ സംഗീത നാടക അക്കാദമി അവാർഡ് നേടിയ പെരുംകൊല്ലൻ എന്ന നാടകത്തിലൂടെ നാടക രംഗത്ത് സജീവമായി. ബാങ്ക്മെൻസ് ക്ലബ് സംഘടിപ്പിച്ച സംസ്ഥാന നാടകമത്സരത്തിൽ സമ്മാനാർഹമായ സുഖനിദ്രയിലേക്ക്, പതിമൂന്നാം വയസ്സ്, ന്റെ പുള്ളിപ്പയ്യ് കരയ്വാണ്, ദാഹം, കർക്കടകം, സ്വപ്നവേട്ട, ജയിൽ ഡയറി,തുടങ്ങി അറുപതിലേറെ നാടകങ്ങൾ രചിച്ചു.

ലൈംഗികത്തൊഴിലാളികൾക്കു വേണ്ടി രചനയും സംവിധാനവും നിർവഹിച്ച ഒറ്റ രാത്രിയുടെ കാമുകിമാർ, സ്വവർഗാനുരാഗികൾക്കുവേണ്ടി രചിച്ച അവസാനചുംബനം എന്നീ നാടകങ്ങൾ എറെ ചർച്ചചെയ്യപ്പെട്ടു.

അരക്കു കീഴെ തളർന്ന, അജയൻ എന്ന നാടക നടനുവേണ്ടി രചനയും സംവിധാനവും നിർവഹിച്ച മരം പെയ്യുന്നു എന്ന നാടകവും കേരളത്തിനകത്തും പുറത്തും ഏറെ ചർച്ചചെയ്യപ്പെട്ടു.

കേരള സംഗീത നാടക അക്കാദമി അവാർഡ് കേരളാ സാഹിത്യ അക്കാദമി അവാർഡ് എന്നിവ ഒന്നിലേറെ തവണ നേടിയ ശ്രീ ശാന്തകുമാറിനു ലഭിച്ച പുരസ്‌കാരങ്ങൾ നിരവധിയാണ്. ചിരുത ചിലതൊക്കെ മറന്നുപോയി എന്ന നാടകത്തിന് തോപ്പിൽ ഭാസി അവാർഡും ബാലൻ കെ നായർ അവാർഡും ലഭിച്ചു.നിലമ്പൂർ ബാലൻ പുരസ്‌കാരം. കൈരളി ടി വി അവാർഡ്. അബുദാബി ശക്തി അവാർഡ്. സ്വപ്നവേട്ട എന്ന നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും കാക്കക്കിനാവ് എന്ന നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഇന്ത്യൻ ലിറ്ററേച്ചറും പ്രസിദ്ധീകരിച്ചു.

കർക്കടകം, കുരുടൻ പൂച്ച, ചിരുത ചിലതൊക്കെ മറന്നു പോയി, മരം പെയ്യുന്നുന്നു, കറുത്ത വിധവ. ഒരു ദേശം നുണപറയുന്നു എന്നപേരിൽ ഏകാങ്കങ്ങളുടെ സമാഹാരം എന്നിവ പ്രസിദ്ധീകരിച്ച നാടകങ്ങളാണ് ഭാര്യ ഷൈനി. മകൾ നീലാഞ്ജന എന്നിവർ അടങ്ങുന്നതാണ് കുടുംബം.