മനാമ: കഴിഞ്ഞ ഒന്നരമാസമായി നടന്നു വരുന്ന പ്രവാസി മലയാളി കുട്ടികളുടെ സർഗ്ഗവാസനനകളുടെ കലാമാമാങ്കമായ ദേവ്ജി- ബി.കെ.എസ് ബാലകലോത്സവം-2016ത്തിന് വെള്ളിയാഴ്ച തിരശ്ശീല വീണു. സമാപന സമ്മേളനത്തിൽ പ്രശസ്ത സിനിമാ താരം സുധീർ കരമന മുഖ്യാതിഥിയും ദേവ്ജി ജുവല്ലേഴ്‌സ് ഉടമ പ്രകാശ് ദേവ്ജി വിശിഷ്ടാതിഥിയും ആയിരുന്നു.

ദാശാബ്ധങ്ങളുടെ ചരിത്രമുള്ള ബാലകലോത്സവത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങാളായി സമാജം അംഗം അല്ലാത്ത കുട്ടികൾക്കും പങ്കെടുത്തു മത്സരിക്കാനുള്ള അവസരം സമാജം നൽകിവരുന്നു. കേരളത്തിലെ സ്‌കൂൾ യുവജനോത്സവത്തിലെ അതെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇവിടെയും മത്സരങ്ങൾ സംഘടിപ്പിച്ചത് എന്ന് ജനറൽ കൺവീനർ ഡി.സലിം അറിയിച്ചു.

കലാപ്രതിഭയായി അതുൽ കൃഷ്ണ ജി. യും കലാതിലകമായി സ്‌നേഹ മുരളീധരനേയും തിരഞ്ഞെടുത്തു. ബാലതിലകം നന്ദന എസ്., സാഹിത്യരത്‌ന നന്ദിനി രാജേഷ് നായർ, സംഗീത രത്‌നയായി അതുൽ കൃഷ്ണ ജി., നമിത അശോക്, നാട്യരത്‌നയായി വർഷ സതീഷ് കുമാർ എന്നിവരെയും തിരഞ്ഞെടുത്തു.

ഗ്രൂപ്പ്1 ചാമ്പ്യൻ ശ്രേയ മുരളീധരൻ, ഗ്രൂപ്പ്2 ചാമ്പ്യന്മാരായി അമ്രീൻ ഉണ്ണികൃഷ്ണൻ, അയന സുജി, ഗ്രൂപ്പ്3 ചാമ്പ്യന്മാരായി ജിയോൺ ബിജു മനക്കൽ, ആദിശ്രീ സോണി, ഗ്രൂപ്പ്4 ചാമ്പ്യൻ പവിത്ര പത്മകുമാർ മേനോൻ, ഗ്രൂപ്പ്5 ചാമ്പ്യൻആയി നമിത അശോക് എന്നിവരെയും തിരഞ്ഞെടുത്തു.

എല്ലാ വിജയികൾക്കും സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള സമാജം ജനറൽ സെക്രട്ടറി വീരമണി എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.