മനാമ: വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട്് ബഹ്‌റിൻ മലയാളികൾക്ക് പുത്തൻ ഉണർവ് നൽകുന്ന ബഹ്‌റിൻ കേരളീയ സമാജം ഗാന്ധി
ജയന്തിയോടനുമ്പന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ബഹ്‌റിൻ കേരളീയ സമാജം നടത്തുന്ന ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് രണ്ടിന് വെള്ളിയാഴ്‌ച്ച സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ചാണ് നടക്കുക. ബഹ്‌റിനിലെ പ്രമുഖ ഹോസ്പിറ്റലുകളിലെ പ്രമുഖരായ ഡോക്ടർമാരും പാരമെഡിക്കൽ സ്റ്റാഫും ഉൾപ്പെടെ അമ്പതോളം വിദഗ്ദ്ധരുടെ സഹകരണത്തോടെ ബഹ്‌റിൻ കേരളീയ സമാജം നടത്തുന്ന ഈ ക്യാമ്പിന്റെ സേവനം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ലഭ്യമാണ്.

ജനറൽ ഫിസിഷ്യൻ, ഹൃദ്രോഗ വിദഗ്ദ്ധൻ, ഗൈനക്കോളജിസ്റ്റ്, അസ്ഥിരോഗ വിദഗ്ദ്ധൻ, ത്വക്‌രോഗ വിദഗ്ദ്ധൻ, ഡെന്റിസ്റ്റ് എന്നിവരെ കൂടാതെ ആയൂർവ്വേദം, ഹോമിയോ എന്നീ മേഖലകളിൽ പ്രാമുഖ്യം തെളിയിച്ചിട്ടുള്ള പ്രമുഖരായ ഡോക്ടർമാരുടെ സേവനവും സൗജന്യ മെഡിക്കൽ ക്യാമ്പിൽ ലഭ്യമായിരിക്കുമെന്ന് ബഹ്‌റിൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ, സമാജം ജനറൽ സെക്രട്ടറി വികെ പവിത്രൻ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

അതോടൊപ്പം സ്ത്രീകൾക്കായി 'ബ്യൂട്ടി ആൻഡ് കോസ്‌മെറ്റിക് കൺസൾട്ടന്റ്' എന്ന വിഷയത്തിൽ പ്രത്യേക ക്ലാസ്സുകളും വിദഗ്ദ്ധ ത്വക്‌രോഗ വിദഗ്ദ്ധന്റെ സഹായത്തോടെ സ്‌കിൻ ടെസ്റ്റ് നടത്തി വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതുമായിരിക്കും.

ബഹ്‌റിനിൽ താമസിക്കുന്ന മുഴുവൻ ആളുകളും കുടുംബസമേതം പങ്കെടുത്തുകൊണ്ട് ഈ വിദഗ്ദ്ധ സേവനം വിനിയോഗിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രദീപ് അഴിക്കോട് (39134046), ഷാഫി പറക്കാട്ട (39464958) എന്നിവരെ വിളിക്കാവുന്നതാണ്.