- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭ്യൂഹങ്ങൾ പലവിധം; ബ്ലാക്ക് ഫംഗസിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ ആരോഗ്യ രംഗം; ഏറ്റവും ഒടുവിൽ വിരൽചൂണ്ടുന്നത് കോവിഡ് രോഗികൾക്ക് നൽകിയ ഓക്സിജനിലേക്ക്; കോവിഡിനൊപ്പം മനുഷ്യരാശിയെ വെല്ലുവിളിച്ച് ബാക്ക് ഫംഗസ്
ന്യൂഡൽഹി: കോവിഡിന്റെ ഉറവിടത്തെപ്പറ്റി തന്നെ വ്യക്തമായ ധാരണകൾ ഇല്ലാതെ ഉത്തരംതേടി അന്വേഷണങ്ങൾ തുടരുകയാണ് ശാസ്ത്രലോകം.വുഹാനിലെ ലാബിൽ നിന്നാണെന്നും വവ്വാലിൽ നിന്നാണെന്നും ഏറ്റവും ഒടുവിൽ ഇതാ ഒരു ഗുഹയിൽ നിന്നാണ് കോവിഡിന്റെ വരവ് എന്നതിലേക്ക് വരെ എത്തി നിൽക്കുകയാണ് കോവിഡിനെപ്പറ്റിയുള്ള ഈ അന്വേഷണം.ലോകത്തെയാകമാനം കോവിഡ് വിറപ്പിച്ചപ്പോൾ ഇന്ത്യയിലിതാ കോവിഡിനൊപ്പം മറ്റൊരു രോഗം കൂടി ജനങ്ങളെയും ഒപ്പം ശാസ്ത്രലോകത്തെയും ആശങ്കയിലാഴ്ത്തുകയാണ്.. ബ്ലാക്ക് ഫംഗസ്.
ബ്ലാക്ക് ഫംഗസിന്റെ ഉറവിടം തേടിയാണ് ഇപ്പോൾ നമ്മുടെ ആരോഗ്യമേഖലയും ശാസ്ത്രലോകവും ഒരുപോലെ തലപുകയ്ക്കുന്നത്.കോവിഡിന്റെ അനന്തര രോഗമെന്ന നിലയിൽ ആദ്യം വേണ്ടത്ര ശ്രദ്ധ ഇക്കാര്യത്തിൽ ചെലുത്തിയിരുന്നില്ല.എന്നാൽ ബ്ലാക്ക്ഫംഗസ് ബാധയെത്തുടർന്ന് മരണം സ്ഥീരികരിച്ചതോടെയാണ് വിഷയം ഗൗരവമായി എടുക്കാൻ തുടങ്ങിയത്.കോവിഡിന്റെ ഭീതി ഒരുവശത്ത് കുറയുന്നുണ്ടെങ്കിലും ബ്ലാക്ക്ഫംഗസ് ഭീഷണിയാവുകയാണ്.
കോവിഡ് 19 മഹാമാരിയുമായുള്ള പോരാട്ടത്തിനിടെ ആരോഗ്യമേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയും ജനങ്ങളെ സാരമായി ആശങ്കപ്പെടുത്തുകയുമാണ് കോവിഡ് മുക്തരായവരിൽ വ്യാപകമാകുന്ന ബ്ലാക്ക് ഫംഗസ് ബാധ.ചീഞ്ഞ ജൈവിക പദാർത്ഥങ്ങളിൽ മണ്ണിലുമെല്ലാം കാണപ്പെടുന്ന ഫംഗസ് പ്രത്യേക സാഹചര്യത്തിൽ മനുഷ്യരിലേക്ക് കയറിപ്പറ്റുകയാണ്. തുടർന്ന് ഇത് മുഖമടക്കമുള്ള ഭാഗങ്ങളിൽ ആക്രമണം നടത്തുന്നു. പരിക്ക് പറ്റിയത് പോലുള്ള കലകളോ അടയാളങ്ങളോ ആയി ഫംഗസ് ബാധ പ്രകടമാകുന്നു. നീര്, അസഹ്യമായ വേദന എന്നിവയെല്ലാം ഇതിന്റെ ഭാഗമായി അനുഭവപ്പെടാം.
കോവിഡ് രോഗികൾക്ക് രോഗത്തിന്റെ വിഷമതകൾ ലഘൂകരിക്കാൻ നൽകുന്ന സ്റ്റിറോയ്ഡുകളുടെ ഉപയോഗം മുതൽ പ്രമേഹരോഗം വരെ ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് കാരണമാകുന്നതായി ആരോഗ്യവിദഗ്ദ്ധർ കണ്ടെത്തി. എന്നാൽ കൃത്യമായി കാരണം എന്ന നിലയ്ക്ക് ഒന്നിനെതിരെ വിരൽ ചൂണ്ടാൻ ഇതുവരെ മെഡിക്കൽ ലോകത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. കൊവിഡിനും മുമ്പ് തന്നെ ബ്ലാക്ക് ഫംഗസ് ബാധ എന്ന രോഗം ഇവിടെയുണ്ട്. എന്നാൽ എന്തുകൊണ്ടാണ് കോവിഡ് കാലത്ത് ഇത് വ്യാപകമായത് എന്ന അന്വേഷണമാണ് വിദഗ്ദ്ധർ തുടങ്ങിയത്.
ഇപ്പോൾ രോഗബാധയ്ക്ക് കാരണമായി പറയുന്നത് കോവിഡ് രോഗികൾക്ക് നൽകിയ ഓക്സിജനാണ്.കോവിഡ് രോഗികൾക്ക് നൽകിവന്ന 'ഇൻഡസ്ട്രിയൽ' ഓക്സിജനും ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് പ്രധാന കാരണമായി എന്ന അഭ്യൂഹങ്ങളും സജീവമായിട്ടുണ്ട്. ഓക്സിജൻ ക്ഷാമം രൂക്ഷമായപ്പോഴാണ് ഇൻഡസ്ട്രിയൽ ഓക്സിജനെ ആശ്രയിക്കേണ്ടി വന്നത്.മെഡിക്കൽ ഓക്സിജനിൽ നിന്ന് വ്യത്യസ്തമാണ് 'ഇൻഡസ്ട്രിയൽ' ഓക്സിജൻ. ഇത് വ്യാവസായികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്. മെഡിക്കൽ ഓക്സിജനെന്നാൽ ആശുപത്രി ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നതും.
മെഡിക്കൽ ഓക്സിജൻ ശുദ്ധീകരിക്കുന്നത് പോലെ ഒരിക്കലും ഇൻഡസ്ട്രിയൽ ഓക്സിജൻ ശുദ്ധീകരിക്കപ്പെടുന്നില്ലെന്നും അതുകൊണ്ട് തന്നെ ഇത് രോഗികൾക്ക് നൽകിയതാകാം ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് കാരണമായതെന്നും പലരും വാദിക്കുന്നു.അതുപോലെ തന്നെ ഇൻഡസ്ട്രിയൽ ഓക്സിജൻ അത്രമാത്രം സുരക്ഷിതമായി കൈകാര്യം ചെയ്യാത്തതിനാൽ തന്നെ ചോർച്ച സംഭവിക്കാമെന്നും അതും ബ്ലാക്ക് ഫംഗസിന് കാരണമായിട്ടുണ്ടാകാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
പലപ്പോഴും ഇൻഡസ്ട്രിയൽ ഓക്സിജൻ എത്തിച്ചിരുന്നത് വൃത്തിഹീനമായ രീതിയിൽ ട്രക്കുകളിലും വാനുകളിലും ആയിരുന്നുവെന്നും ചോർച്ചയുണ്ടെങ്കിൽ ഇത്തരം അന്തരീക്ഷത്തിൽ ഓക്സിജൻ മലിനമായിക്കാണുമെന്നും വാദമുയരുന്നു.എങ്കിലും ഈ വാദങ്ങൾക്കൊന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം
മറുനാടന് മലയാളി ബ്യൂറോ