- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം ജില്ലയിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് ഏഴ് പേർക്ക്; ഇതിൽ ആറ് പേർക്കും രോഗം വന്നത് കോവിഡ് ബാധിച്ചതിന് ശേഷം; മഞ്ചേരി മെഡിക്കൽ കോളേജിൽ രോഗത്തിന് ചികിത്സ
മലപ്പുറം: കോവിഡ് ബാധിതരിലും രോഗമുക്തി നേടി വരുന്നവരിലും റിപ്പോർട്ട് ചെയ്യപ്പെട്ട ബ്ലാക്ക് ഫംഗസ് ജില്ലയിൽ ഏഴ് പേർക്ക് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിൽ റിപ്പോർട്ട് ചെയ്ത ഏഴ് രോഗികളിൽ ആറ് പേർക്കും കോവിഡ് ബാധിച്ചതിന് ശേഷമാണ് ബ്ലാക്ക് ഫംഗസ് പിടിപെട്ടത്. ഇതിൽ ഒരു രോഗി മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ മഞ്ചേരി മെഡിക്കൽ കോളജിൽ ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സ ലഭ്യമാണെന്നും ആവശ്യമായ മരുന്നുകൾ ജില്ലയിൽ ലഭ്യമാക്കിയതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
മ്യൂകോറേൽസ് എന്ന ഫംഗസ് കുടുംബത്തിലെ ഫംഗസുകൾ മൂലമുണ്ടാകുന്ന രോഗമാണ് മ്യൂകോർമൈകോസിസ് അഥവാ സൈകോമൈകോസിസ്. മ്യൂകോർമൈകോസിസ് സാധാരണ കാണുന്നത് അനിയന്ത്രിത പ്രമേഹം, രോഗ പ്രതിരോധ ശേഷി കുറവുള്ളവർ, ക്യാൻസർ രോഗികൾ, ക്യാൻസർ രോഗത്തിന്ന് മരുന്ന് കഴിക്കുന്നവർ, ഇടക്കിടക്ക് രക്തം കയറ്റുന്നവർ, എച്.ഐ.വി. രോഗ ബാധിതർ, ഉയർന്ന അളവിൽ സ്റ്റിറോയിഡ് മരുന്ന് കഴിക്കുന്നവർ തുടങ്ങിയ അസുഖങ്ങൾ ഉള്ളവരിലാണ്. പ്രതിരോധശേഷി കുറഞ്ഞവരെയാണ് മ്യുകോറേൽസ് സാധാരണയായി ബാധിക്കുന്നത്. കോർട്ടിക്കോസ്റ്റിറോയ്ഡ് പോലെ പ്രതിരോധ സംവിധാനത്തെ അമർത്തിവയ്ക്കുന്ന മരുന്നുകൾ ഫംഗസ് ബാധയ്ക്ക് സാഹചര്യം ഒരുക്കാം. പ്രതിരോധ സംവിധാനത്തെ താറുമാറാക്കുന്ന അർബുദം, അവയവമാറ്റം പോലുള്ള സാഹചര്യങ്ങളും ഫംഗസ് ബാധയിലേക്ക് നയിക്കാനിടയുണ്ട്.
വ്യക്തിയുടെ പ്രതിരോധ സംവിധാനവും ശ്വാസകോശവും ആരോഗ്യത്തോടെ ഇരിക്കുമ്പോൾ ഈ ഫംഗസുകൾക്ക് അണുബാധ ഉണ്ടാക്കാനാവില്ല. ശ്വാസകോശം തകരാറിലാവുകയോ പ്രതിരോധശേഷി താറുമാറാകുകയോ ചെയ്യുമ്പോൾ ഫംഗസ് അപകടകാരിയായി മാറും. കോവിഡ് രോഗികളിൽ ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണവും ഇതാണ്. ഫംഗസ് ബീജകോശങ്ങൾ കോവിഡ് രോഗികളുടെ ശ്വാസനാളിയിലും സൈനസിലും വളർന്ന് ശരീരത്തിലെ കോശങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്തുകയാണ് ചെയ്യുന്നത്.