കൊച്ചി: ഡോളർകടത്ത് കേസിൽ സ്വർണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷും സരിത്തും മാപ്പ് സാക്ഷിയാകുമെന്ന അഭ്യൂഹം ശക്തം. ഇരുവരും ടൂൾ മാത്രമായിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേർത്തിരുന്നു. ഇവരുടേയും രഹസ്യ മൊഴി കോടതി രേഖപ്പെടുത്തുന്നുണ്ട്. അതിനിർണ്ണായക വെളിപ്പെടുത്തലുകൾ ഉള്ളതു കൊണ്ടാണ് ഇതെന്നാണ് സൂചന.

ഡിപ്ലോമാറ്റിക് ബാഗ് വഴിയാണ് കോടികളുടെ കള്ളപ്പണം ഗൾഫിലേക്ക് കടത്തിയിട്ടുള്ളത്. സ്വപ്നയും സരിത്തുമാണ് ഇത് സംബന്ധിച്ച് കസ്റ്റംസിന് മുമ്പാകെ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. പല പ്രമുഖരും ഈ വലയത്തിലുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ പറയുന്നത്. യു.എ.ഇ. കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷിനേയും ഡ്രൈവർ സിദ്ദീഖിനേയും നിലവിൽ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. സ്വർണക്കടത്തിനൊപ്പം തന്നെ വിദേശത്തേക്കുള്ള ഡോളർ കടത്തും കസ്റ്റംസ് വലിയ പ്രധാന്യത്തോടെയാണ് കാണുന്നത്.

പല പ്രമുഖരുടേയും പണം ഡിപ്ലോമാറ്റിക് ചാനൽ വഴി വിദേശത്തേക്കെത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയുടേയും സരിത്തിന്റേയും മൊഴി പുറത്ത് വന്നാൽ ഇവരുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചത്. യു.എ.ഇ. കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷിനേയും ഡ്രൈവർ സിദ്ദീഖിനേയും ഇന്ന് രാവിലെ ആറ് മണിയോടെയാണ് കസ്റ്റംസ് അവരുടെ വീടുകളിൽ നിന്ന് കസ്റ്റംസ് വാഹനത്തിൽ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ജയഘോഷ് നേരത്തെ ആത്മഹത്യാശ്രമം നടത്തിയിരുന്നു. വളരെ നിർണായകമായ ചോദ്യം ചെയ്യലാണിതെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.

വിദേശത്തേക്ക് വലിയ അളവിൽ ഡോളർകടത്തിയെന്നാണ് കണ്ടെത്തൽ അതീവ നിർണ്ണായകമാണ്. ഇതിൽ കൂടുതലും രാഷ്ട്രീയക്കാരുടെ പണമാണെന്നും റിവേഴ്സ് ഹവാലയാണ് നടത്തിയിരിക്കുന്നതെന്നുമാണ് സൂചന. നൂറുകോടിയിലേറെ രൂപ വിദേശത്തേക്ക് കടത്തിയതായി കസ്റ്റംസ് കണ്ടെത്തൽ. കടത്തിയതിലേറെയും കൈക്കൂലി പണമാണ്. പ്രമുഖർ കള്ളപ്പണം നയതന്ത്ര ചാനലിലൂടെ എത്തിച്ചുവെന്നാണ് സൂചന. അഴിമതി പണമെല്ലാം ഗൾഫിലെത്തിയെന്ന സൂചനയിലാണ് ഇഡി അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.

യൂണി ടക് ഉടമ സന്തോഷ് ഈപ്പനേയും മുഖ്യമന്ത്രിയുടെ ഐടി ഉപദേഷ്ടാവ് ആയിരുന്ന അരുൺ ബാലചന്ദ്രനേയും നാളെ ചോദ്യം ചെയ്യും. കേസിൽ ലക്ഷകണക്കിന് ഇന്ത്യൻ രൂപ ഡോളറാക്കി മാറ്റാൻ ശിവശങ്കർ സഹായിച്ചുവെന്ന കണ്ടെത്തലിൽ ആയിരുന്നു അദ്ദേഹത്തെ പ്രതി ചേർത്തത്. സ്വപ്നയും മൊഴി നൽകിയിരുന്നു. കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ. ശിവശങ്കറിൽ നിന്നും ഒരു ഫോൺകൂടി കണ്ടെത്തിയിരുന്നു. ഈ ഫോണിലെ വിവരങ്ങളും ശേഖരിച്ച് വരികയാണ്.

സ്വപ്നാ സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും രഹസ്യമൊഴിയെടുപ്പ് കോടതിയിൽ തുടങ്ങിയിട്ടുണ്ട്. ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരമുള്ള മൊഴിയെടുക്കുന്നത് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മൂന്നാംനമ്പർ കോടതിയാണ്. സ്വർണക്കടത്തുകേസിലാണ് ഇരുവരുടെയും മൊഴി ശേഖരിക്കുന്നത്. ഡോളർക്കടത്ത് കേസിലുള്ള മൊഴി ഏഴാംതീയതിയെടുക്കും. മജിസ്ട്രേറ്റിനുമുന്നിൽ നൽകുന്ന മൊഴി പിന്നീട് മാറ്റിപ്പറഞ്ഞാൽ ശിക്ഷാനടപടികൾക്ക് വിധേയരാകേണ്ടിവരും. അതിനിടെ, സ്വപ്നയുടെ അഭിഭാഷകനായിരുന്ന അഡ്വ. ജിയോ പോൾ വക്കാലത്തൊഴിഞ്ഞു. കസ്റ്റംസ്, ഇ.ഡി. ഏജൻസികൾ രജിസ്റ്റർചെയ്ത കേസുകളിൽ ഇനി സ്വപ്നയ്ക്കുവേണ്ടി ജിയോ പോൾ ഹാജരാകില്ല. വ്യക്തിപരമായ കാരണങ്ങളാണ് വക്കാലത്തൊഴിഞ്ഞതെന്നാണ് സൂചന.

100 കോടിയോളം രൂപ വിദേശത്തേക്ക് റിവേഴ്സ് ഹവാലയായി കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വപ്നയും സരിത്തും ഉപകരണങ്ങൾ മാത്രമെന്നും കസ്റ്റംസ് കണ്ടെത്തൽ. അതേസമയം തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. സ്വപ്ന, സരിത്ത് എന്നിവരെയും ഒരുമിച്ച് ഇരുത്തി ആയിരിക്കും കസ്റ്റംസ് ചോദ്യം ചെയ്യുക. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലെ മുഖ്യ പ്രതികളെ കണ്ടെത്തുന്നത് സംബന്ധിച്ച് ആയിരിക്കും ചോദ്യം ചെയ്യൽ.

കൂടുതൽ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ സ്വപ്നയും സരിത്തും തങ്ങളുടെ രഹസ്യ മൊഴിയിലൂടെ അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. കേസിൽ വമ്പന്മാർ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരും നൽകുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവും എന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു.