ന്യൂഡൽഹി: രാജ്യസഭയിൽ ഇടതുപക്ഷത്തിനു മുന്നിൽ കേന്ദ്ര സർക്കാർ തോറ്റു. രാഷ്ട്രപതിയുടെ നയപ്രഖ്യപനത്തിന്മേൽ ഇടതുപക്ഷം കൊണ്ടുവന്ന ഭേദഗതി പാസായതാണ് സർക്കാരിന് തിരിച്ചടിയായത്.

കള്ളപ്പണം സംബന്ധിച്ചുള്ള ഭേദഗതിയാണ് ഇടതുപക്ഷം കൊണ്ടുവന്നത്. കള്ളപ്പണം തിരികെ കൊണ്ടുവരും അഴിമതിക്കെതിരെ നടപടിയെടുക്കും എന്ന ഭേദഗതിയാണ് ചൊവ്വാഴ്ച പാസായത്. സിപിഐ(എം) എംപി സീതാറാം യെച്ചൂരിയാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്.

ഭേദഗതിയെ പ്രതിപക്ഷം ഒന്നടങ്കം അനുകൂലിച്ചു. കള്ളപ്പണം തിരികെയെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നു ഭേദഗതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടെടുപ്പിലൂടെ പാസാക്കിയ ഈ ഭേദഗതികൂടി ഉൾപ്പെടുത്തിയാണ് നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭ അംഗീകാരം നൽകിയത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി പാർലമെന്റിൽ പാസായത് അത്യപൂർവ്വ സംഭവമായി.

കള്ളപ്പണം തിരിച്ചുകൊണ്ടുവരാനുള്ള നടപടികളെടുക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന കേന്ദ്ര സർക്കാരിന് അത് സാധ്യമായില്ലെന്ന ഭേദഗതി നന്ദിപ്രമേയത്തിന്റെ ഭാഗമായി ഉൾപ്പെടുത്തേണ്ടിവന്നത് വൻ നാണക്കേടാണുണ്ടാക്കിയത്. നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകിയ ശേഷമാണ് സഭ വോട്ടെടുപ്പിലേക്ക് നീങ്ങിയത്. ഈ ഘട്ടത്തിന്റെ തന്റെ ഭേദഗതിയിൽ ഉറച്ചുനിൽക്കുന്നതായി യെച്ചുരി വ്യക്തമാക്കി. ഇതോടെ പ്രമേയം വോട്ടിനിട്ടു. 57നെതിരെ 118 വോട്ടുകൾക്കാണ് ഭേദഗതി പാസായത്.

നിലവിൽ രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത സർക്കാരിന് ഭേദഗതി വോട്ടിനിട്ട് അംഗീകരിക്കേണ്ടി വരികയായിരുന്നു. സർക്കാരിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ശബ്ദവോട്ടോടെ അംഗീകാരം നൽകിയാണ് ഇത്തരം ഘട്ടങ്ങളെ സാധാരണ മറികടക്കാറുള്ളത്. ഇത്തവണ ഭേദഗതിയിൽ യെച്ചൂരി ഉറച്ചുനിന്നതോടെയാണ് വോട്ടെടുപ്പിലേക്ക് നീങ്ങിയത്.