തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബ്ളാക്ക്മെയിൽ ചെയ്തത് ഒരു പ്രമുഖ സമുദായത്തിന്റെ നേതാവാണന്ന് വിവരം. സോളാർ പ്രശ്നം കത്തി ജ്വലിച്ചു വരവെ ഈ നേതാവ് തന്നെ ബ്ളാക്ക് മെയിൽ ചെയ്തുവെന്നും അതിന് വഴങ്ങേണ്ടിയരുന്നില്ലന്നും വാർത്ത സമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കും മുൻപ് ഉമ്മൻ ചാണ്ടി തന്റെ അടുത്ത അനുയായികളോടു സൂചിപ്പിച്ചിരുന്നു. തന്നെ ഭീപ്പെടുത്തിയതു കൊണ്ട് വഴങ്ങേണ്ടി വന്നുവെന്ന് മനസാക്ഷി സൂക്ഷിപ്പുകാരോടും മുൻ മുഖ്യമന്ത്രി തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഈ സമുദായ നേതാവിന്റെ ബ്ളാക്ക് മെയിലിലാണ് തിരുവഞ്ചൂരിനെ മാറ്റി രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കിയതെന്നും വിവരമുണ്ട്.

സോളാറിൽ തന്റെ സ്റ്റാഫും സർക്കാരും പ്രതിക്കൂട്ടിലാവുന്ന സാഹചര്യത്തിൽ മറ്റു പോം വഴിയില്ലായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞാതായണ് വിവരം.സമുദായ നേതാവ് സോളാർ വിഷത്തിൽ കൂടുതൽ തെളിവുകൾ ഉണ്ടെന്നും പുറത്തു വിടുമെന്നും ഒരു ഘട്ടത്തിൽ പറഞ്ഞപ്പോൾ മറ്റു പോം വഴി ഇല്ലയായിരുന്നുവെന്നും ഉമ്മൻ ചാണ്ടി രഹസ്യമായി അടുപ്പക്കാരോടു പറഞ്ഞിട്ടുണ്ട്. തന്നെ കുടുക്കാൻ രമേശ് ചെന്നിത്തലയും ശ്രമിച്ചിരുന്നുവെന്ന് സരിത തെളിവുകൾ നിരത്തി സമർത്ഥിച്ചതോടയാണ് ഉമ്മൻ ചാണ്ടി ബ്ളാക്ക് മെയിലിങ് വിവരം പുറത്തു വിട്ടത്. സോളാറിന്റെ പേരിൽ തന്നെ പാർട്ടിയിൽ ഒതുക്കാൻ നോക്കിയാൽ അടുത്ത നിയമസഭാ തെരെഞ്ഞടുപ്പിന് മുന്നോടിയായി എല്ലാം വിളിച്ചു പറയുമെന്നും ഉമ്മൻ ചാണ്ടി ഹൈക്കമാന്റിനെ ധരിപ്പിച്ചിട്ടുണ്ട്.

തിരുവഞ്ചൂരിനെ മാറ്റി ചെന്നിത്തലയെ ആസ്ഥാനത്ത് അവരോധിക്കാൻ തനിക്ക് മേലുണ്ടായ സമ്മർദ്ദങ്ങൾ സംബന്ധിച്ച് ചില സൂചനകൾ ഉമ്മൻ ചാണ്ടി അന്ന് ഹൈക്കമാന്റിനെ ധരിപ്പിച്ചിരുന്നതാണ്. തന്നെ കുടുക്കാൻ ചെന്നിത്തല ശ്രമിച്ചുവെന്ന സരിതയുടെ വാദം ശരിയാണന്ന് തന്റെ വിശ്വസ്തർ മുഖാന്തിരം നടത്തിയ അന്വേഷണത്തിൽ ഉമ്മൻ ചാണ്ടിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. കൂടാതെ സമുദായ നേതാവും രമേശ് ചെന്നിത്തലയും തമ്മിൽ തെറ്റി എന്നതും കാര്യങ്ങൾ വിളിച്ചു പറയാൻ ഉമ്മൻ ചാണ്ടിക്ക് ശക്തി പകരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി കടുത്ത നിലപാടിലേക്ക് പോകാതിരിക്കാൻ അദ്ദേഹത്തെ അനുനയിപ്പാക്കൻ ഹൈക്കമാന്റിൽ നിന്നും തന്നെ ഉടൻ നീക്കം ഉണ്ടായേക്കും. വിഴിപ്പലക്കലുകൾ കേരളത്തിലെ പാർട്ടിയെ പടുകുഴിയിലേക്ക് തള്ളിവിടുമെന്ന കണക്കുകൂട്ടലും ഹൈക്കമാന്റിന് ഉണ്ട്. ബ്ലാക്മെയിൽ ചെയ്തതു രാഷ്ട്രീയക്കാരനല്ലെന്ന് ഉമ്മൻ ചാണ്ടി ആദ്യമേ പറഞ്ഞിരുന്നു.

എന്നിരുന്നാലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി എം. സുധീരൻ എന്നിങ്ങനെ തുടങ്ങി ആർ ബാലകൃഷ്ണപിള്ളയുടെയും കെ.ബി. ഗണേശ് കുമാറിന്റെയും പേരുകൾ വരെ ഒറ്റുകാരെന്ന പേരിൽ ചർച്ച ചെയ്യപ്പെട്ടു. പി.സി. ജോർജിന്റെ പേരും പ്രചരിച്ചു.ആരാണ് തന്നെ ബ്ലാക്മെയിൽ ചെയ്തതെന്ന് ഇപ്പോൾ പറയില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയതോടെ സംശയം കൂടുതൽ ശക്തമായി. ഇതിൽ ഇന്നലെ രാവിലെ മുതൽ സജീവമായ പേര് ബാലകൃഷ്ണപിള്ളയുടേതാണ്. എന്നാൽ അതു പിള്ളയല്ലെന്ന് ഉമ്മൻ ചാണ്ടി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പിന്നീട് കെ.ബി. ഗണേശ് കുമാറിന്റെ പേരും ചർച്ച ചെയ്യപ്പെട്ടു. ഗണേശും സരിതയും തമ്മിലുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ചാണ് എറണാകുളം ഗസ്റ്റ് ഹൗസിൽവച്ച് ബിജു രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയോടു പറഞ്ഞതെന്നാണ് ഇക്കൂട്ടർ കാരണമായി പറയുന്നത്. ബിജു രാധാകൃഷ്ണനുമായി എന്താണു സംസാരിച്ചതെന്ന് ഉമ്മൻ ചാണ്ടി തുറന്നുപറഞ്ഞിട്ടേയില്ല.

തന്റെ പേര് പുറത്തുവരാതിരിക്കാനായി ഗണേശ് കുമാർ ഏതെങ്കിലും തരത്തിൽ ബ്ലാക്മെയിൽ ചെയ്തിട്ടുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ പേരു പറയുന്നവരുടെ അഭിപ്രായം. മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിന് മുമ്പ് ഗണേശ് കുമാർ മുഖത്ത് അടിയേറ്റ പാടുമായി നിയമസഭയിലെത്തിയിരുന്നു. ആരാണു തല്ലിയതെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. ബിജു രാധാകൃഷ്ണനാണു ഗണേശിനെ തല്ലിയതെന്ന വാർത്ത പ്രചരിച്ചിരുന്നു. ബിജു രാധാകൃഷ്ണൻ അതു നിഷേധിച്ചുമില്ല. ഇത് പുറത്താകാതിരിക്കാനുള്ള ബ്ലാക്മെയിലിങ്ങാണെന്ന വാദവും ഉയർന്നിരുന്നു. എന്തായലും മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി ബ്ളാക്ക്മെയിലിങ്ങിന് വഴങ്ങിയത് കടുത്ത സത്യപ്രതിജ്ഞാലംഘനമാണന്ന് നിയമ വിദഗ്ദർ പറയുന്നു.

അങ്ങനെ ബ്ളാക്ക്മെയിലിനിരയായെന്ന് ഉമ്മൻ ചാണ്ടി ആവർത്തിച്ച് പറയുന്നതിലൂടെ കുരുക്ക് വീണ്ടും മുറുകുകയാണ്. സോളാർ കേസിലെന്നപോലെ ബ്ളാക്ക്മെയിൽ കേസിലും ഉമ്മൻ ചാണ്ടി നിയമത്തിനുമുന്നിൽ പ്രതിസ്ഥാനത്താകുകയാണ്. പ്രീതിയോ ഭീതിയോ ഇല്ലാതെ എല്ലാവരോടും ഒരേ നീതിയോടെ പെരുമാറുമെന്ന് സത്യപ്രതിജ്ഞചെയ്താണ് മുഖ്യമന്ത്രിയും മന്ത്രിമാരും അധികാരമേൽക്കുന്നത്. ഇവിടെയാണ് ഉമ്മൻ ചാണ്ടി പറയുന്നത് പ്രീതിക്കോ ഭീതിക്കോ പാത്രമായി തുല്യനീതിയോടെയല്ലാതെ പ്രവർത്തിച്ചെന്ന്. ഇത് മാത്രമല്ല, ഒരാൾ ബ്ളാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചാൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം പൊലീസിന് പരാതി നൽകണം.

ഉമ്മൻ ചാണ്ടി പരാതി നൽകിയില്ലെന്ന് മാത്രമല്ല, ഭീതിയോടെ പ്രീതി കാട്ടുകയുംചെയ്തു. ഇത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കുറ്റകരമാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.നിരവധിപേർ ബ്ളാക്ക്മെയിലിങ്ങിന് ശ്രമിക്കാന്മാത്രം മുഖ്യമന്ത്രിയെന്നനിലയിൽ എന്തോ തെറ്റ് ചെയ്തെന്നും ഉമ്മൻ ചാണ്ടി സമ്മതിക്കുകയാണ്. അതല്ലെങ്കിൽ ബ്ളാക്ക്മെയിലിങ്ങിന് ശ്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമായിരുന്നു. ഇതിൽ ഒരാളുടെ ബ്ളാക്ക്മെയിലിങ്ങിന് വഴങ്ങിയെന്നതിലൂടെ ക്രമംവിട്ട് എന്തോ ചെയ്തെന്നും സമ്മതിക്കുന്നു. ബ്ളാക്ക്മെയിലിങ്ങിന് വഴങ്ങിയതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി പറയുന്നു.

ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് വന്ന ഉടനെയാണ് ഈ 'വെളിപ്പെടുത്തൽ'. ഇത് വ്യക്തമാക്കുന്നത് സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ബ്ളാക്ക്മെയിലിങ് എന്നാണ്. സോളാർ തട്ടിപ്പിൽ പലതും മറച്ചുവയ്ക്കാനുള്ളതുകൊണ്ടാണ് ബ്ളാക്ക്മെയിലിങ്ങിന് കീഴടങ്ങിയതെന്നും വ്യക്തം. സോളാർതട്ടിപ്പിൽ തന്റെ പങ്ക് അറിയാതെ സമ്മതിക്കുന്നത് കൂടിയായി ഈ വെളിപ്പെടുത്തൽ എന്ന് വിലയിരുത്തപ്പെടുന്നു. ഉമ്മൻ ചാണ്ടിക്കുമുന്നിൽ ഇനി ഒരുവഴിയേ ഉള്ളൂ. ബ്ളാക്ക് മെയിൽ ചെയ്തത് ആരെന്നും എന്തുനേടാൻ ചെയ്തെന്നും എന്തിന് വഴങ്ങിയെന്നും വെളിപ്പെടുത്തുക. അത് വൈകുന്നിടത്തോളം ഉമ്മൻ ചാണ്ടി സംശയത്തിന്റെ മുൾമുനയിൽത്തന്നെയെന്ന് ഉറപ്പാണ്.