മനാമ: കേരളത്തിലെ പോലെ തന്നെ മലയാളികൾ ഏറെയുള്ള പ്രവാസി നാടുകളിലും പലിശക്കാർ അരങ്ങ് വാഴുകയാണ്. ബ്‌ളേഡ് മാഫിയക്കു സമാനമായ പ്രവർത്തനങ്ങളിലൂടെ ബഹ്‌റൈനിൽ ചുവടുറപ്പിച്ചിരിക്കുന്ന പലിശ മാഫിയതക്കെതിരെ ഒന്നിക്കാനൊരുങ്ങുകയാണ് സംഘനകൾ.

ഇത്തരം പ്രവർത്തനങ്ങൾങ്ങൾക്കെതിരെ കൂടുതൽ സംഘടനകളെ അണിനിരത്താൻ പലിശ വിരുദ്ധ ജനകീയ സമിതി തീരുമാനിച്ചു. ബഹ്‌റൈനിലെ വിവിധ സാമൂഹികസാംസ്‌കാരിക സംഘടനകളിൽ സജീവമായ കൊള്ളപ്പലിശക്കാരെ അതാത് സംഘടനകളിൽ നിന്ന്
ഒഴിവാക്കാൻ ആവശ്യപ്പെടുമെന്ന് ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.

സാമ്പത്തിക പ്രയാസമുള്ളവരെ കണ്ടത്തെുകയും അവർക്ക് സഹായം വാഗ്ദാനം ചെയ്യുകയുമാണ് പതിവ്. തുടർന്ന് കച്ചവടക്കാരോട് ദിവസപ്പിരിവും മറ്റുള്ളവരോട് മാസപ്പിരിവും നടത്തുന്നു. നൂറ് ദിനാറിന് എട്ട് ദിനാർ എന്ന കണക്കിലാണ് മാസത്തിൽ പലിശ. പലിശ മുടങ്ങാതെ നൽകുന്നവർക്ക് വീണ്ടും വീണ്ടും പണം നൽകി അവരെ കെണിയിലാക്കുകയാണ് പതിവ്. പിന്നീട് ഭീഷണി, വീടുകയറി ആക്രമണം, പാസ്‌പോർട്ട് പിടിച്ചു വക്കൽ, വ്യാജമുദ്രപത്രം ഉപയോഗിച്ചുള്ള കള്ളക്കേസ് തുടങ്ങിയ മാർഗങ്ങൾക്ക് ഇരയാകേണ്ടി വരുന്നവരാണ് അധികവും. ചിലയിടങ്ങളിൽ തൊഴിലാളികളുടെ എ.ടി.എം കാർഡ് പാസ്‌പോർട്ടിനൊപ്പം വാങ്ങിവക്കുന്ന രീതിയുമുണ്ട്.

ഇത്തരം പലിശക്കാരുടെ ഇരകളായവരുടെ സംഗമം നടത്താനും ആവശ്യക്കാർക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ഫണ്ട്
രൂപവത്കരിക്കനുമാണ് ജനകീയ സമിതി തീരുമാനിച്ചരിക്കുന്നത്.