ന്യൂയോർക്ക്: ന്യൂയോർക്കിനടുത്ത് മൻഹട്ടനിലെ ടൈംസ് സ്‌ക്വയറിൽ സ്‌ഫോടനം. ടൈംസ് സ്‌ക്വയറിന് സമീപത്ത് സ്ഥിതിചെയ്യുന്ന പോർട്ട് ബസ് ടെർമിനലിലാണ് സ്‌ഫോടനം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൈപ്പ് ബോംബ് സ്‌ഫോടനമാണെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. സ്ട്രീറ്റ് 42ൽ എട്ടാം അവന്യൂവിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ടുമെന്റ് അറിയിച്ചു.

പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെയാണ് സ്ഫാടനം ഉണ്ടായത്. സംഭവത്തെ തുടർന്ന് പരിസരവാസികളെ പൊലീസിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചിട്ടുണ്ട്. അഗ്‌നിശമന സേനയും പൊലീസും സ്ഥലത്ത് എത്തി. രക്ഷാ പ്രവർത്തനം നടന്നുവരികയാണ്. സംഭവത്തെ തുടർന്ന് മൂന്ന് സബ് വെ ലൈനുകളിലുള്ളവരെ ഒഴിപ്പിച്ചു.

ബസ് ടെർമിനലിലുള്ളവരെ ഒഴിപ്പിച്ചെന്നും ട്രാഫിക് വഴിതിരിച്ചുവിട്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഒരാളുടെ ശരീരത്തിൽ കെട്ടിവച്ച പൈപ്പ് ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. രാവിലെ നല്ല തിരക്കുള്ള സമയത്താണ് സ്‌ഫോടനം ഉണ്ടായത്.