കൊച്ചി: മഞ്ഞപ്പടയ്ക്ക് തുടർച്ചയായ രണ്ടാം പരാജയം. അതും ഹോം ഗ്രൗണ്ടിൽ. നിർണായക മത്സരത്തിൽ എഫ്‌സി ഗോവയോട് ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ്ഹോം ഗ്രൗണ്ടിൽ തോൽവി വഴങ്ങിയത്. ആദ്യ പകുതിയിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ 77-ാം മിനിറ്റിൽ എഡു ബേഡിയയാണ് ഗോവയുടെ വിജയമുറപ്പിച്ച ഗോൾ നേടിയത്.

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ഫെറാൻ കൊറോമിനസിലൂടെ ഗോവയാണ് കൊച്ചിയിൽ ആദ്യം വലകുലുക്കിയത്. കേരള പ്രതിരോധത്തിലെ വീഴ്ച മുതലെടുത്ത കൊറോമിനസ് ക്രോസ് ബാറിനു വിലങ്ങനെയുണ്ടായിരുന്ന മൂന്നു പ്രതിരോധ താരങ്ങളെ മറികടന്ന് വലകുലുക്കുകയായിരുന്നു.

ഗോൾ വീണതോടെ തിരിച്ചടിയുടെ മൂർച്ച കൂട്ടിയ ബ്ലാസ്റ്റേഴ്‌സിന് താമസിയാതെ പ്രതിഫലം ലഭിച്ചു. മലയാളിതാരം സി.കെ.വിനീതിന്റെ ബൂട്ട് ഗോൾ പോസ്റ്റിലേക്കു നിറയൊഴിക്കുകയായിരുന്നു. സിയാം ഹാംഗലിന്റെ പാസാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോളിനു വഴിയൊരുക്കിയത്.

രണ്ടാം പകുതി ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയാണ് ആരംഭിച്ചത്. പക്ഷേ, അവസരങ്ങൾ മുതലാക്കാൻ ബ്ലാസ്റ്റേഴ്‌സിനായില്ല. 77-ാം മിനിറ്റിൽ ഗോവയ്ക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്കിന് തലവച്ച എഡു ബേഡിയ ബ്ലാസ്റ്റേഴ്‌സ് ഗോൾവലയിലേക്കു പന്ത് തിരിച്ചുവിടുന്‌പോൾ കാഴ്ചക്കാരനാകാനായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഗോളി പോൾ റെഹൂക്കയുടെ വിധി.

ജയത്തോടെ 19 പോയിന്റുമായി ഗോവ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കു കയറി. 12 കളികളിൽനിന്നു 14 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തു തുടരുന്നു. തോൽവിയോടെ ബ്ലാസ്റ്റേഴ്‌സിന്റെ സെമി സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു.