ചെന്നൈ: തെറി വിളിച്ച്.. മലയാളികളുടെ പോക്ക് എങ്ങോട്ടാണ്? വിജയമായാലും പരാജയമായാലും ഫേസ്‌ബുക്കിലൂടെ തെറിവിളിക്കുന്നത് മലയാളികളുടെ ഹോബിയായി മാറിയിട്ടുണ്ട്. ഷറപ്പോവയിൽ തുടങ്ങിയ തെറിവിളി ഏറ്റവും ഒടുവിൽ അഭിഷേക് ബച്ചനിൽ എത്തി നിൽക്കുന്നു. ഐഎസ്എൽ രണ്ടാംപാദ സെമിയിൽ ചെന്നൈ എഫ്‌സിയെ കീഴടക്കി ഫൈനലിൽ കടന്നപ്പോൾ മലയാളികൾ ആഘോഷമാക്കിയത് അഭിഷേക് ബച്ചനെ കളിയാക്കിക്കൊണ്ടാണ്.

ചെന്നൈ എഫ് സി മൂന്ന് ഗോളടിച്ച് മുന്നിൽ നിന്നപ്പോൾ പമ്പ് ഡാൻസും ലുങ്കി ഡാൻസും കളിച്ച അഭിഷേഖിനെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്ററുകളും കമന്റുകളും കൊണ്ട് നിറയുകയായിരുന്നു. മത്സരത്തിനിടെ ചെന്നൈയിൻ എഫ്‌സി ഓരോ ഗോൾ അടിക്കുമ്പോഴും ആരാധകരെ നോക്കി പാമ്പ് നൃത്തം ചെയ്തായിരുന്നു അഭിഷേക് പ്രോത്സാഹിപ്പിച്ചത്. എന്നാൽ അവസാന നിമിഷം ബ്ലാസ്റ്റേഴ്‌സ് ഗോളടിച്ചതോടെ ചിത്രം മാറി. ഇതോടെ അഭിഷേക് ബച്ചന്റെ ഫേസ്‌ബുക്ക് പേജിലും മലയാളികൾ 'പൊങ്കാല' ഇട്ടു തുടങ്ങുകയായിരുന്നു.

മത്സരത്തിനു മുമ്പുള്ള ട്വിറ്റർ പോരാട്ടത്തിൽ 55 ശതമാനം പേർ ചെന്നൈയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയപ്പോൾ കേരളത്തിന് ലഭിച്ചത് 45 ശതമാനം പിന്തുണയായിരുന്നു. അതിനിടെ രണ്ടാം പാദ സെമി മത്സരത്തിൽ തന്റെ ടീമിന്റെ പരാജയത്തെക്കുറിച്ച് ടിവി അവതാരകയുടെ ചോദ്യത്തിന് മറുപടി പറയവെ അഭിഷേക് ബച്ചൻ വിതുമ്പുകയും ചെയ്തിരുന്നു.

നല്ലൊരു മടങ്ങിവരവിന് ശേഷം ജയം കൈവിട്ട് പോയതാണ് അദ്ദേഹത്തെ നിരാശനാക്കിയത്. എങ്കിലും യഥാർഥ ഫുട്‌ബോളിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇടവേളയിൽ ടീമിനെ പിന്തുണയ്ക്കാൻ ആരാധകരോട് ആവശ്യപ്പെട്ട് സ്റ്റേഡിയം വലംവച്ച അദ്ദേഹം ചെന്നൈയോടു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലുങ്കി അണിഞ്ഞാണ് സ്റ്റേഡിയത്തിലെത്തിയത്. ഫൈനലിൽ എത്തിയ ബ്ലാസ്റ്റേഴ്‌സ് കപ്പു നേടുമെന്നാണ് ആരാധകരുടെ അഭിപ്രായം. ഇന്നത്തെ കളിയിൽ സീകോയുടെ ഗോവയാണ് വിജയിക്കുന്നതെങ്കിൽ ഫൈനലിൽ കേരളത്തിന് കടുത്ത എതിരാളിയെ ആയിരിക്കും നേരിടേണ്ടി വരികയെന്നും ഫുട്‌ബോൾ പ്രേമികൾ പറയുന്നു.