ഫറ്റോർഡ: രണ്ട് തവണ വഴുതിപ്പോയ ഐഎസ്എൽ കിരീടം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഉടൻ ഇറങ്ങും. ഫൈനൽ പോരാട്ടത്തിൽ ഹൈദരാബാദ് എഫ്‌സിയെയാണ് കൊമ്പന്മാർ നേരിടുന്നത്. മൂന്നാം ഫൈനൽ കളിക്കുന്ന ബ്ലാസ്റ്റേഴ്സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്.

ബ്ലാസ്റ്റേഴ്‌സിനെ ഗോളടിച്ചും അടിപ്പിച്ചും മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ അഡ്രിയാൻ ലൂണ അന്തിമ ഇലവനിൽ ഇടംപിടിച്ചത് ആരാധകർക്ക് ആശ്വാസം പകരുന്നു. മലയാളി താരം സഹൽ ടീമിലില്ല. പകരക്കാരുടെ നിരയിലും സഹലിന് ഇടമില്ല. പരിക്കാണ് താരത്തിന് തിരിച്ചടിയായത്. അതേസമയം മറ്റൊരു മലയാളി താരം രാഹുൽ കെപി അന്തിമ ഇലവനിൽ ഇടംപിടിച്ചു.

സെമിയിൽ ലീഗ് വിന്നഴ്സ് ഷീൽഡ് നേടിയ ജംഷഡ്പൂർ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോൽപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹൻ ബഗാനെ 3-2ന് തോൽപ്പിച്ചാണ് ഫൈനലിലെത്തി.

കന്നി കിരീടം തേടി ഐഎസ്എൽ ഫൈനലിൽ ഇറങ്ങുമ്പോൾ ഫറ്റോർഡയിലെ കണക്കുകൾ കേരള ബ്ലാസ്റ്റേഴ്സിന് മുൻതൂക്കം നൽകുന്നു. ഇവിടെ സീസണിൽ ബ്ലാസ്റ്റേഴ്സ് കളിച്ചപ്പോൾ തോൽവി നേരിട്ടത് ഒരിക്കൽ മാത്രം. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായിരുന്നു ഫറ്റോർഡ. ഫറ്റോർഡയിൽ 8 കളിയിൽ ജയം പിടിക്കാൻ ബ്ലാസ്റ്റേഴ്സിനായി. അഞ്ച് മത്സരങ്ങൾ സമനിലയിലും അവസാനിച്ചു. 24 ഗോളുകൾ ഇവിടെ ബ്ലാസ്റ്റേഴ്സ് അടിച്ചു കൂട്ടിയപ്പോൾ വഴങ്ങിയത് 11 ഗോളുകൾ മാത്രം. 5 ക്ലീൻ ഷീറ്റും ഇവിടെ ബ്ലാസ്റ്റേഴ്സ് അക്കൗണ്ടിലുണ്ട്.

ലീഗ് ഘട്ടത്തിൽ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സിന് മുകളിലാണ് ഹൈദരാബാദിന്റെ സ്ഥാനം. 20 കളിയിൽ നിന്ന് 11 ജയവും അഞ്ച് സമനിലയും നാല് തോൽവിയുമായി രണ്ടാമതായാണ് ഹൈദരാബാദ് സെമിയിലേക്ക് എത്തിയത്. ബ്ലാസ്റ്റേഴ്സ് നാലാമതായും. ലീഗിലെ ആദ്യ ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദിന് എതിരെ ബ്ലാസ്റ്റേഴ്സ് ജയം പിടിച്ചിരുന്നു. എന്നാൽ രണ്ടാം തവണ നേർക്കുനേർ വന്നപ്പോൾ ബ്ലാസ്റ്റേഴ്സിനെ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്കാണ് ഹൈദരാബാദ് തോൽപ്പിച്ചത്.