മഡ്ഗാവ്: നാട്ടുമൈതാനം വിട്ടതോടെ ഗോൾവല കാക്കാനും കേരള ബ്ലാസ്‌റ്റേഴ്‌സ് മറന്നതുപോലെ. ആരാധകരെ നിരാശയിലാഴ്‌ത്തി സീസണിലെ ആദ്യ തോൽവിയും. എവേ മത്സരത്തിൽ എഫ്‌സി ഗോവ കടന്നാക്രമിച്ചതോടെ, മഞ്ഞപ്പട രണ്ടിനെതിരെ അഞ്ചുഗോളുകൾക്ക് അടിയറവ് പറഞ്ഞു.

തുടരത്തുടരെ ഗോളുകൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് വശംകെട്ടു. രണ്ടു ഗോളടിച്ചപ്പോൾ അഞ്ചു ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന്റെ വല ചലിപ്പിച്ച് കടന്നുപോയത്.പരിക്കേറ്റ ഇയാൻ ഹ്യൂമും കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട സി.കെ വിനീതുമില്ലാതെ കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിന് നാലാം മിനിറ്റിൽ തന്നെ തിരിച്ചടി നേരിട്ടു. പരിക്കേറ്റ് സൂപ്പർ താരം ബെർബറ്റോവ് മടങ്ങി. പകരം മിലൻ സിങ്ങ് കളത്തിലെത്തി.

മുംബൈക്കെതിരായ മത്സരത്തിൽ ലക്ഷ്യം കണ്ട് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വളർച്ചക്ക് വിരാമമിട്ട സിഫ്നിയോസ് തന്നെയാണ് ഗോവക്കെതിരെയും ആദ്യം ലക്ഷ്യം കണ്ടത്. ഗോവയുടെ പ്രതിരോധ താരത്തെ മറികടന്ന് ക്ലോസ്റേഞ്ച് ഷോട്ടിലൂടെ സിഫ്നിയോസ് ലക്ഷ്യം കാണുകയായിരുന്നു. ഗോവൻ ഗോളിയുടെ പിഴവും സിഫ്നിയോസിന്റെ തുണക്കെത്തി.

രണ്ടാം പകുതിയിൽ എട്ടു മിനിറ്റിനിടെയാണ് കോറോ ഹാട്രിക്ക് തികച്ചത്. ആദ്യ പകുതിയിൽ ലാൻസറോട്ടെ നേടിയ ഇരട്ടഗോളുകളാണ് ആദ്യ പകുതിയിൽ ഗോവയ്ക്ക് കരുത്തായത്. 9, 18 മിനിറ്റുകളിലായിരുന്നു ലാൻസറോട്ടെയുടെ ഗോളുകൾ. സിഫ്‌നിയോസിന്റെ ഏഴാം മിനിറ്റിനു ഗോളിനു പിന്നാലെ ജാക്കിചന്ദ് സിങ്ങാണ് (30) ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോൾ നേടിയത്. മൽസരത്തിന്റെ ആറാം മിനിറ്റിൽത്തന്നെ സൂപ്പർതാരം ദിമിറ്റർ ബെർബറ്റോവ് പരുക്കേറ്റ് കയറിയും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.

വിജയത്തോടെ നാലു കളികളിൽനിന്ന് ഒൻപതു പോയിന്റുമായി ഗോവ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. സീസണിലെ ആദ്യ തോൽവി വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സാകട്ടെ നാലു കളികളിൽനിന്ന് നാലു മൂന്നു പോയിന്റുമായി എട്ടാം സ്ഥാനത്തു തുടരുന്നു.