ജെംഷദ്പൂർ: പ്ലേ ഓഫ് മോഹം സഫലമാക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് അടിതെറ്റി. പഴയ ഗുരു സ്റ്റീവ് കോപ്പലിന്റെ തന്ത്രങ്ങൾക്ക് തക്ക സമയത്ത് മറുപടി വൈകിയതോടെ ഒന്നിനെതിരെ രണ്ടു ഗോളകൾക്ക് ജെംഷദ്പൂർ എഫ്‌സിയോട് തോൽവി.സീസണിൽ തുടർച്ചായ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് മഞ്ഞപ്പട കളിക്കളത്തിലിറങ്ങിയത്. ആദ്യ പകുതിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജംഷേദ്പൂർ മുന്നിലായിരുന്നു.

ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവിലാണ് ഇരുഗോളുകളും വലയിലായത്. മത്സരം തുടങ്ങി 22-ാം സെക്കൻഡിൽ ജെറിയാണ് അതിഥേയർക്കായി ആദ്യ ഗോൾ വലയിലാക്കിയത്. ഗോൾ പോസ്റ്റിന് മുന്നിൽ വീണുകിട്ടിയ അവസരം അതിവേഗ നീക്കത്തിലൂടെ വലയിലാക്കിയാണ് ജെറി ജംഷേദ്പൂരിനെ മുന്നിലെത്തിച്ചത്. 31-ാം മിനിറ്റിൽ ആദ്യ ഗോളിന് വഴിയൊരുക്കിയ അഷിം ബിശ്വാസിലൂടെ ജംഷേദ്പൂർ ലീഡ് രണ്ടാക്കി ഉയർത്തി.

ഇഞ്ച്വറി ടൈമിൽ മാർക്ക് സിഫ്‌നിയോസ് നേടിയ ഗോൾ പ്രതീക്ഷയുണർത്തിയെങ്കിലും ജയം അകലെയായി.ഐ.എസ്.എല്ലിന്റെ നാലാം സീസണിൽ ഇരുടീമുകളും മുഖാമുഖം വരുന്നത് ഇത് രണ്ടാം തവണയാണ്. കൊച്ചിയിൽ നടന്ന ആദ്യറൗണ്ട് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനെ ഗോൾരഹിത സമനിലയിൽ കുരുക്കാൻ കോപ്പലിനും സംഘത്തിനുമായിരുന്നു.