ന്യുയോർക്ക്: സ്റ്റാറ്റൻ ഐലന്റ് സീറോ-മലബാർ ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വാഴ്‌ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ തിരുനാളും പരിശുദ്ധ കന്യകാ മറിയത്തിൻേറയും മാർ തോമ്മാശ്ലീഹായുടേയും തിരുനാളുകളും സംയുക്തമായി ബേ സ്ട്രീറ്റിലുള്ള സെന്റ് മേരീസ് പള്ളിയിൽ വച്ച് ഭക്തിനിർഭരമായ തിരുക്കർമ്മങ്ങളോടും പ്രൗഢഗംഭീരമായ പ്രദക്ഷിണത്തോടും കൂടി ആഘോഷിച്ചു.

ഷിക്കാഗോ സെന്റ് തോമസ് സീറോ-മലബാർ രൂപതയുടെ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് പിതാവിന്റെ പ്രധാന കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബ്ബാനയോടുകൂടി തിരുക്കർമ്മങ്ങൾ ആരംഭിച്ചു. ഫാ. സിബി വെട്ടിയോലിൽ (വികാരി), ഫാ. ഡേവി കാവുങ്കൽ, ഫാ. റോയ്‌സൺ മേനോലിക്കൽ, ഫാ. മാത്യു ഈരാളി, ഫാ. ജോ കാരിക്കുന്നേൽ, ഫാ. ജോർജ് ഉണ്ണുണ്ണി, ഫാ. മാത്യു പാഴൂർ, ഫാ. ജിൽസൺ നടുവിലേടത്ത്, ഫാ. ബാബു തേലപ്പിള്ളി, ഫാ. ജോബി പുന്നിലത്തിൽ എന്നിവർ തിരുനാൾ കർമ്മങ്ങളിൽ പങ്കെടുത്തു.
തിരുക്കർമ്മങ്ങൾക്കുശേഷം, നിറപ്പകിട്ടാർന്ന കൊടികളുടേയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും തിരുശേഷിപ്പും വഹിച്ചുകൊണ്ട് നടത്തിയ നഗര പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ ഭക്ത്യാദരവോടുകൂടി പങ്കെടുത്തു. പ്രദക്ഷിണത്തിനുശേഷം പള്ളിയിൽ തിരിച്ചെത്തിയ ഭക്തജനം കുഞ്ഞച്ചന്റെ തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കുകയും നേർച്ചകാഴ്ചകൾ സമർപ്പിക്കുകയും ചെയ്തു. തിരുനാൾ കർമ്മങ്ങൾക്ക് ശേഷം വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

ആലപ്പുഴ-കുട്ടനാട് സ്വദേശിയും സ്റ്റാറ്റൻ ഐലന്റ് ഇടവകാംഗവുമായ പത്തിൽ ബേബി ആന്റണിയും കുടുംബവുമാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തിയത്. കൈക്കാരൻ ദേവസ്യാച്ചൻ മാത്യുവിന്റെയും ഫിലിപ്പ് പായിപ്പാട്ടിന്റെയും നേതൃത്വത്തിൽ കമ്മറ്റി അംഗങ്ങൾ ആഘോഷ പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു. ജോർജ് മുണ്ടിയാനിയുടെ നേതൃത്വത്തിലുള്ള ഗായകസംഘം തിരുക്കർമ്മങ്ങൾ ഭക്തി സാന്ദ്രമാക്കി.

തിരുക്കർമ്മങ്ങൾക്കുശേഷം അടുത്ത വർഷത്തെ തിരുനാളിന്റെ പ്രസുദേന്തി വാഴ്ചയും നടന്നു. ഇടവകാംഗമായ വട്ടുകുന്നേൽ ടോം തോമസും കുടുംബവുമാണ് അടുത്ത വർഷത്തെ തിരുനാൾ ഏറ്റെടുത്തിരിക്കുന്നത്. വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിൽ പങ്കെടുക്കുന്നതിന് നാടിന്റെ നാനാഭാഗത്തുനിന്നും വന്നു ചേർന്ന ഭക്തജനങ്ങൾക്ക് വികാരി ഫാ. സിബി വെട്ടിയോലിൽ നന്ദി പറയുകയും, തിരുനാളിൽ സഹകരിച്ച് പ്രവർത്തിച്ച എല്ലാവർക്കും കുഞ്ഞച്ചന്റെ മാദ്ധ്യസ്ഥം വഴി ധാരാളം അനുഗ്രഹങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.