കൊച്ചി: പുതിയ പഞ്ചായത്ത് രൂപീകരണം റദ്ദാക്കിയുള്ള സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയതിന് പിന്നാലെ സംസ്ഥാന സർക്കാറിന് വീണ്ടും തിരിച്ചടി. ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടതാണ് സർക്കാറിന് കനത്ത തിരിച്ചടി സമ്മാനിച്ചത്. വാർഡ് വിഭജനത്തിൽ സർക്കാർ നടപടികൾക്കെതിരായ ഹർജിയിലാണ് ഉത്തരവ്. വിഭജനത്തിന് മുമ്പുള്ള നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. വില്ലേജുകൾ രൂപീകരിച്ചുള്ള വിജ്ഞാപനം ഇറക്കിയില്ല. വാർഡ് പുനർ വിഭജനം സംബന്ധിച്ച വിജ്ഞാപനം പരസ്യപ്പെടുത്തിയില്ലെന്നും കോടതി കണ്ടെത്തി. വാർഡ് വിഭജനം ചോദ്യം ചെയ്തുള്ള 12 ഹർജികളാണ് കോടതി പരിഗണിച്ചത്.

പുതുതായി 69 പഞ്ചായത്തുകളുടെയും നാല് മുനിസിപ്പാലിറ്റികളുടേയും രൂപീകരണമാണ് നേരത്തെ സിംഗിൾ ബെഞ്ച് തടഞ്ഞത്. എങ്ങനെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രമാണെന്നും 2010 ലെ രീതിയിൽ നടത്തണോ എന്ന കാര്യത്തിൽ കമ്മീഷനു തീരുമാനിക്കാമെന്നും ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം ലീഗി നിലപാടുകൾക്ക് ഹൈക്കോടതിയിൽ നിന്നും തുടർച്ചയായി തിരിച്ചടിയേൽക്കുന്ന പശ്ചാത്തലത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി സമവായ സാധ്യത തേടി മുസ്ലിംലീഗ് രംഗത്തെത്തി.

കോടതി വിധിക്കെതിരേ അപ്പീലിനു പോവില്ലെന്നും സംശയങ്ങൾ ഇല്ലാതാക്കാൻ തെരെഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച നടത്തുമെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പാണാക്കാട് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിനുശേഷം തീരുമാനങ്ങൾ വിശദീകരിച്ച് മന്ത്രി കുഞ്ഞാലിക്കുട്ടിയാണ് നിലപാട് വ്യക്തമാക്കിയത്.

രാഷട്രീയ പാർട്ടികൾക്കിടയിൽ സമവായം ഉണ്ടാക്കാൻ ശ്രമിക്കും. തെരെഞ്ഞെടുപ്പ് സമയത്ത് നടത്തുക എന്നത് ജനങ്ങളുടെ ആവശ്യമാണ്. കമ്മീഷന് കമ്മീഷന്റെ നിലപാടെടുക്കാം. സമയത്തിനു നടത്തണമെന്നത് ലീഗിന്റെ നിലപാട് . പക്ഷെ കോടതിവിധിയുടെ പശ്ചാത്തലത്തിൽ എന്തൊക്കെ ചെയ്യണം എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. ഇലക്ഷൻ കമ്മീഷനും സർക്കാരുമാണ് 24 ന് തിരുവനന്തപുരത്ത് വിവിധ തരത്തിൽ ചർച്ച നടക്കുന്നതുകൊണ്ടും സമയം കുറവായതുകൊണ്ടും മറ്റ് കാര്യങ്ങൾ പറയുന്നില്ല. എല്ലാവർക്കും അനിയോജ്യമായ തീരുമാനം ഉണ്ടാവണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരെഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്നത് കൂട്ടായി എടുക്കേണ്ട തീരുമാനമാണ്. വരാൻ പോവുന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും നഗര കാര്യസെക്രട്ടറി കമ്മീഷനു നൽകിയ കത്തിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സർക്കാറിന് കനത്ത തിരിച്ചടി നൽകിയ കോടതി വിധി ഉണ്ടായത്. 150 ഓളം പഞ്ചായത്തുകളുടെ വിഭജനം നിയമാനുസൃതമല്ലെന്നാണ് നേരത്തെ സിംഗിൾ ബഞ്ച് കണ്ടെത്തിയിട്ടുള്ളത്. പുതിയ 69 ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണം അസാധുവാക്കി കോടതി ഉത്തരവിടുകയും ചെയ്തു. പഞ്ചായത്ത് ആക്ട് അനുസരിച്ച് നിലവിലുള്ള വില്ലേജുകൾ അത് ഏത് പഞ്ചായത്തിലായാലും മുഴുവനായും നിലനിർത്തണമെന്ന നിയമമാണ് സർക്കാരിന് കോടതിയിൽ നിന്ന് തിരിച്ചടിയായത്. ഒരു പഞ്ചായത്തിൽ രണ്ട് വില്ലേജുകളിലെ പ്രദേശങ്ങൾ വരാൻ പാടില്ലെന്നും കോടതി നിരീക്ഷിച്ചു. പഞ്ചായത്ത് രൂപീകരണത്തിന്റെ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഒരു റവന്യു വില്ലേജ് രണ്ടു പഞ്ചായത്തുകളിലായി വരുന്ന വിഭജനമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. ഇതോടെ 150 ഓളം പഞ്ചായത്തുകളുടെ വിഭജനമാണ് ഇല്ലാതായത്.

ഒക്ടോബർ രണ്ടാംവാരം തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമീഷൻ ഷെഡ്യൂൾ തയാറാക്കിയിരുന്നത്. ഇതനുസരിച്ച് മറ്റ് നടപടികളും ആരംഭിച്ചിരുന്നു. വാർഡ് വിഭജനം പൂർത്തിയാകാത്ത സാഹചര്യത്തിൽ 2010ലെ വാർഡ് വിഭജനം അടിസ്ഥാനമാക്കി നിശ്ചിത സമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കമ്മീഷന്റെ നിലപാട്. സിംഗിൾ ബഞ്ച് വിധി ശരിവച്ച ഉത്തരവിനെതിരെ അപ്പീൽ പോകുന്നില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.