ന്യൂഡൽഹി: ടെലികോം ഓപ്പറേറ്റർമാരോടും ഇന്റർനെറ്റ് സേവന ദാതാക്കളോടും കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്നത് 857 അശ്ലീല സൈറ്റുകൾ നിരോധിക്കാൻ. ഇന്റർനെറ്റ് ശുദ്ധീകരണത്തിന്റെ ഭാഗമായാണിതെന്നാണ് വിശദീകരണം. കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല വീഡിയോകൾ നിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. സോഷ്യൽ മീഡിയയിൽ നിരോധനത്തിന് എതിരെ പ്രതിഷേധം വ്യാപകമാകുമ്പോഴാണ് നീക്കം.

കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ഉള്ളടക്കങ്ങൾ ഫലപ്രദമായി തടയാനാകാത്തതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സുപ്രീംകോടതി വിമർശിച്ചിരുന്നു. കോടതി വിമർശനത്തിന്റെ മറവിൽ അഡൽറ്റ് സൈറ്റുകൾക്ക് കൂച്ചുവിലങ്ങിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഇന്റർനെറ്റ് ഉപയോക്താക്കളുടെ ആരോപണം. എന്നാൽ അശ്ലീല ഉള്ളടക്കം ഇല്ലാത്ത അഡൽറ്റ് സൈറ്റുകൾ തടയാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ബ്ലോക്ക് ചെയ്ത സൈറ്റുകളിൽ ഇവ യാദൃച്ഛികമായി ഉൾപ്പെട്ടതാവാമെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഈ വാക്കുകളിൽ തന്നെ നിരോധനം ഉണ്ട്. അശ്ലീല ഉള്ളടക്കം ഇല്ലാതെ എങ്ങനെ അഡൽറ്റ് സൈറ്റുകൾ പ്രവർത്തിക്കുമെന്നാണ് പ്രതിഷേധക്കാർ ഉയർത്തുന്ന ചോദ്യം.

ഒരാൾ തന്റെ വീടിന്റെ നാല് ചുമരുകൾക്കുള്ളിലിരുന്ന് ചെയ്യുന്ന കാര്യത്തെ തടയാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നാണ് സർക്കാർ വാദം. ഇത്തരത്തിലെ അഭിപ്രായ പ്രകടനവുമായി സുപ്രീകോടതി നിരീക്ഷണങ്ങളും പുറത്തുവന്നിരുന്നു. എന്നിട്ടും സർക്കാർ നിരോധന നീക്കം നടത്തുന്നതാണ് സോഷ്യൽ മീഡിയയിലെ പ്രതിഷേധത്തിന് കാരണം. പ്രമുഖ ഇൻർനെറ്റ് സേവനദാതാക്കൾ അശ്ലീലവെബ്‌സൈറ്റുകൾ ശനിയാഴ്ച മുതലാണ് നൽകാതായത്. ഇത്തരം സൈറ്റുകൾ വിളക്കുന്നവർക്ക് 'അധികൃതരുടെ നിർദ്ദേശമനുസരിച്ച് ഈ സൈറ്റുകൾ ഒഴിവാക്കിയിരിക്കുന്നു' എന്ന അറിയിപ്പാണ് സേവനദാതാക്കൾ നൽകുന്നത്.

എം ടി.എൻ.എൽ, ബി.എസ്.എൻ.എൽ, എ.സി.ടി, വൊഡാഫോൺ എന്നീ ഇന്റർനെറ്റ് സേവനദാതാക്കളാണ് അശ്ലീല സൈറ്റുകൾ നൽകാതായത്. എന്നാൽ എയർടെൽ, ടാറ്റാ ഫോട്ടോൺ തുടങ്ങിയവയിൽ വിലക്കില്ല. ഇതേതുടർന്ന് ട്വിറ്ററിലും റെഡ്ഡിറ്റിലും ഫെയ്ബുക്കിലും നിരോധനത്തിനെതിരെ പ്രത്യേക ഹാഷ് ടാഗുകൾ തന്നെ പ്രത്യക്ഷപ്പെട്ടു. സ്വച്ഛ് ഭാരത് പദ്ധതിക്ക് പിന്നാലെ സ്വച്ഛ് ഇന്റർനെറ്റ് പദ്ധതിക്കൊരുങ്ങുകയാണ് മോദി സർക്കാർ എന്ന് റിപ്പോർട്ടുണ്ടായിരുന്നു. ബിജെപി ഈ നിക്കത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്.

ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിനെതിരാണ് ഇത്തരം അശ്ലീലസൈറ്റുകളെന്ന് വാർത്താവിനിമയ ഐ.ടി. മന്ത്രി രവിശങ്കർ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. അശ്ലീല സൈറ്റുകൾ നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി പരിഗണിച്ചുകൊണ്ടിരിക്കവെയാണ് ഇത്തരമൊരു നടപടി. സ്വകാര്യമായി അശ്ലീല സൈറ്റുകൾ കാണുന്നത് നിരോധിക്കുന്നത് ആർട്ടിക്കിൾ 21 ന്റെ ലംഘനമാണെന്നാണ് ഈ ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എച്ച്.എൽ ദത്തു അഭിപ്രായപ്പെട്ടിരുന്നു.

ഏതാണ്ട് നാല് കോടി അശ്ലീല സൈറ്റുകൾ ഇന്ത്യയിൽ ലഭ്യമാണെന്നാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ കണക്ക്. ഇവയിൽ ഭൂരിപക്ഷവും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് പ്രവർത്തിക്കുന്നവയാണ്. അതുകൊണ്ട് തന്നെ നിരോധനമോ, അവ ബ്ലോക്ക് ചെയ്യുന്നതോ എളുപ്പമല്ല.