പാരിസ്: 2007ൽ തന്റെ ആറാമത്തെ വയസിൽ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെന്ന പട്ടം തേടിയെത്തിയ മിടുമിടുക്കിയാണ് തൈലെനെ ബ്ലോൻഡിയ. 11 വർഷത്തിന് ശേഷം ഇപ്പോൾ ചരിത്രം ആവർത്തിക്കപ്പെടുകയും ലോകത്തിലെ ഏറ്റവും സുന്ദരിയായ യുവതിയെന്ന സ്ഥാനം ബ്ലോൻഡിയയെ തേടിയെത്തിയിരിക്കുകയുമാണ്. സൗന്ദര്യത്തിന്റെ സർവ സവിശേഷതകളും ഒരുമിച്ച് ചേർന്ന ഫ്രഞ്ച് മോഡലാണ് ബ്ലോൻഡിയ. ടിസി കാൻഡ്ലേർസ് 2018 ആന്വൽ അവാർഡ്സ് ലിസ്റ്റിൽ ബ്ലോൻഡിയ ഒന്നാം സ്ഥാനത്തെത്തി കിരീടം ചൂടിയിരിക്കുകയാണ്. 1990ലാണ് ഈ അവാർഡ് ആരംഭിച്ചിരുന്നത്. ഏറ്റവും വൈവിധ്യമാർന്ന ബ്യൂട്ടി അവാർഡെന്ന നിലയിൽ ഇതിന് പെരുമകളേറെയുണ്ട്.

ഈ വർഷം ഈ അവാർഡിന്റെ പ്രഖ്യാപനം നടത്തിക്കൊണ്ടുള്ള വീഡിയോ രണ്ട് ദിവസത്തിനുള്ളിൽ രണ്ട് മില്യണിലധികം പേരാണ് കണ്ടിരിക്കുന്നത്. ഈ വർഷം അമേരിക്കൻ-ഫിലിപ്പിനോ അഭിനേത്രിയായ ലില സോബെറാനോ നാലാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇസ്രയേലി മോഡലായ യായിൽ ഷെൽബിയ മൂന്നാംസ്ഥാനത്താണെത്തിയിരിക്കുന്നത്. റണ്ണർ അപ്പായിത്തീർന്നിരിക്കുന്നത് തായ് വാനീസ് സിംഗറായ ചൗ ട്സു യുവാണ്. തനിക്ക് സൗന്ദര്യ കിരീടം ചൂടിയതിൽ സന്തോഷം രേഖപ്പെടുത്തി ബ്ലോൻഡിയ ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തെത്തിയിരുന്നു.

തനിക്കിത് വിശ്വസിക്കാനാകുന്നില്ലെന്നും അവർ കുറിച്ചിട്ടുണ്ട്. വൈറൽ വീഡിയോയുടെ സ്നാപ്ഷോട്ട് സഹിതം ബ്ലോൻഡിയ ഇട്ട കുറിപ്പിന് ചുരുങ്ങിയ സമയത്തിനുള്ളിൽ 80,000 പേരുടെ ലൈക്കാണ് ലഭിച്ചത്. സുന്ദരിയായ ബ്ലോൻഡിയക്ക് അവകാശപ്പെട്ടത് തന്നെയാണ് ഈ സുന്ദരിപ്പട്ടമെന്നാണ് നിരവധി ആരാധകർ വാഴ്‌ത്തിയിരിക്കുന്നത്. ദി 29വേ ആന്വൽ ഇൻഡിപെന്റന്റ് ക്രിട്ടിക്സ് ലിസ്റ്റ് 2018 എന്നറിയപ്പെടുന്ന ഈ മത്സരം 1990ൽ സ്ഥാപിച്ചത് ബ്രിട്ടീഷ് ഫിലിം ക്രിട്ടിക്കായ ടിസി കാൻഡ്ലെറാണ്. ഇതിന് മുമ്പ് മൈക്കൽ ഫെയ്ഫെർ, മരിയോൺ കോട്ടിലാർഡ്, ജൗർഡാൻ ഡുൻ തുടങ്ങിയവർക്ക് ഇതിന് മുമ്പ് ഈ പുരസ്‌കാരം ലഭിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങൾക്കിടെ ഈ അവാർഡിന് വൻ ജനകീതയാണുള്ളത്. 750 മില്യൺ ലൈക്കുകളും 1.4 മില്യൺ ഫോളേവേർസും സബ്സ്‌ക്രൈബർമാരുമാണ് ഇതിന്റെ യൂട്യൂബ് ചാനലിനുള്ളത്. 40ൽ അധികം രാജ്യങ്ങളിൽ ഈ ചാനലിന് പ്രചാരമുണ്ട്. ജീൻ പോൽ ഗൗൽടിയറിനായി ബ്ലോൻഡിയ നാലാം വയസിൽ സ്റ്റേജിൽ കയറിയിരുന്നു. തുടർന്ന് പത്താം വയസിൽ അവർക്ക് വോഗ് പാരീസിന് പോസ് ചെയ്ത ഏറ്റവു പ്രായം കുറഞ്ഞ മോഡലെന്ന സ്ഥാനവും ലഭിച്ചു.

ഈ ഫോട്ടോയ്ക്ക് ലൈംഗി കതയുടെ അതിപ്രസരമുണ്ടെന്ന് പറഞ്ഞ് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. എന്നാൽ ബ്ലോൻഡിയയുടെ അമ്മയും ഫാഷൻ ഡിസൈനറുമായ വെറോനിക്ക ലൗബ്രി ഈ കവറിനെ ന്യായീകരിച്ച് കൊണ്ട് അന്ന് മുന്നോട്ട് വന്നിരുന്നു. ഫ്രഞ്ച് ഫുട്ബോളറായ പട്രിക്ക് ബ്ലോഡ്യൂയുടെ മകളാണ് ബ്ലോൻഡിയ.