മുത്തശ്ശിക്കഥകളുടെ ഹൃദ്യമായ വലയത്തിനകത്തായിരുന്നു മലയാളി വളർന്നിരുന്നത്. ഉറങ്ങാൻ നേരം കേൾക്കുന്ന ആ കഥകൾക്ക് അപൂർവ്വമായ ഔഷധങ്ങളുടെ ഗുണം ഉണ്ടായിരുന്നു. അവ നമ്മുടെയൊക്കെ ബാല്യങ്ങളെ ശാന്തവും നിഷ്‌കളങ്കവുമായ ഉറക്കത്തിലേക്ക് കൊണ്ടുപോകുകയും ഒരുപാട് നന്മകളിലേക്ക് ഉണർത്തുകയും ചെയ്തു. കഥകൾ കേട്ട് കിടന്ന ഓരോ രാത്രിയും കടന്ന് നാം ഉണർന്നത് കഴിഞ്ഞ ദിവസത്തെക്കാൾ നല്ല മനുഷ്യരായിട്ടായിരുന്നു.

അന്ന് കേട്ട കഥകളിൽ ചിലതിൽ ഒരു സൂര്യന്റെ പ്രഭയോടെ ഉദിച്ച് ഉയർന്ന നിന്നത് അനശ്വരവും അഭിജാതവുമായ ചില മനുഷ്യ നന്മകളായിരുന്നു. അതിലൊന്നാണ് ദാനം നൽകുക എന്ന ഏറ്റവും വലിയ നന്മ. കർണ്ണനായിരുന്നു അതിൽ ഏറ്റവും തേജസി. അതോടെ മരണം ഉറപ്പ് എന്നറിഞ്ഞിട്ടും സ്വന്തം കവചകുണ്ഡലങ്ങൾ ഊരിയെടുത്തു അദ്ദേഹം. കുരുക്ഷേത്രത്തിൽ മരണംസന്നനായി കിടക്കുമ്പോഴും ദാനം ചോദിച്ചായാൾക്ക് സ്വർണം കെട്ടിയ സ്വന്തം പല്ല് വലിച്ച് പറിച്ച് കൊടുത്തിട്ട് അദ്ദേഹം പറഞ്ഞു! ഇനിയിതേയുള്ള എന്റെ കൈയിൽ!

മറ്റൊരു കഥ ശിബി ചക്രവർത്തിയുടെതാണ്. വിശക്കുന്ന പരുന്തിന്റെ മുന്നിൽ അകപ്പെട്ട പ്രാവിനെ രക്ഷിക്കാൻ സ്വന്തം തുടയിലെ മാംസം അരിഞ്ഞു കൊടുത്തു ആ ദാനി... ദധീചി മഹർഷിയുടെ കഥയും കുട്ടിക്കാലത്ത് കേട്ടതാണ്. ഇന്ദ്രന് വജ്രായുധം ഉണ്ടാക്കാൻ സ്വന്തം അസ്ഥി ഊരിക്കൊടുത്തു അദ്ദേഹം... ഈ കഥകളെല്ലാം കേട്ട് മറക്കാനുള്ളവയല്ലായിരുന്നു. കേട്ടു കഴിയുമ്പോൾ തന്നെ മനസ്സിലും ശരീരത്തിലും ഒരു സംസ്‌കാരമായി നിറയുന്നതായിരുന്നു ദാനം...

അഥവാ.. നൽകൽ... മൂന്ന് 'ദ' യാണ് ആചാര്യന്മാർ ഉപദേശിച്ചത്. ദേവന്മാർക്ക് ദമം.. അസുരന്മാർക്ക് ദയ, മനുഷ്യർക്ക് ദാനം. ഇല്ലാത്തവന്റെ ഇല്ലായ്മ കാണുക... നൽകുക... ഈശോവാസ്യോപനിഷത്ത് പറയുന്നത് പോലെ ത്യാഗത്തിലൂടെ അനുഭവിക്കുക..

എല്ലാ മതങ്ങളുടെ സത്തയിൽ ഈ നൽകൽ ഉണ്ട്. നൽകുമ്പോൾ നൽകുന്നയാൾക്ക് എന്തെങ്കിലും കുറവ് വരുന്നു എന്ന വിചാരമാണ് മനുഷ്യരെ അതിൽ നിന്ന് പിൻവലിക്കുന്നത്..

എന്നാൽ ഇല്ലാത്തവന് നൽകുമ്പോൾ ഭൗതികമായി കുറവ് വരുമ്പോഴും ആത്മാവിൽ എന്തും കൂടുകായാണ് ചെയ്യുന്നത്. മനം മറിഞ്ഞ് എന്തെങ്കിലും നൽകിക്കഴിഞ്ഞ് തനിച്ചിരുന്ന് സ്വന്തം ഉള്ളിലേക്ക് നോക്കുക ... അപ്പോൾ അനുഭവിക്കാം ആത്മാവിന്റെ സമൃദ്ധി..
ഇത്തവണ ബ്ലോഗ് എഴുതാൻ ഇരുന്നപ്പോൾ ദാനം എന്ന വിഷയത്തെക്കുറിച്ചായത് അവിചാരിതമല്ല. രണ്ട് കാരണങ്ങളുണ്ട്. അതിന് പിന്നിൽ... ആദ്യത്തേത് ദുബായിലുള്ള.. എന്റെ ഒരു സംഘം സ്‌നേഹിതന്മാർ ചേർന്ന് ' ലാൽ കെയർ' എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചിരിക്കുന്നു. ലോകമെങ്ങുമുള്ള അശരണരെ സഹായിക്കുകയും അവർക്ക് അത്താണിയാവുകയും ചെയ്യുക എന്നതാണ് അതിന്റെ ലക്ഷ്യം. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അവർ ഇത് പറഞ്ഞപ്പോൾ. അവർ ചെയ്യുന്ന ഈ മഹത് കർമ്മത്തിൽ എന്റെ ആത്മാവും ശരീരവും കലർന്നിട്ടുണ്ടല്ലോ എന്ന ആഹ്ലാദം....... പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. ' കെയർ' എന്ന പദമാണ് ഭാഷയിലെയും ജീവിതത്തിലെയും സ്‌നേഹസമ്പന്നമായ പദം എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നോട് ചേർന്ന് നിൽക്കുന്ന എല്ലാവർക്കും പരമാവധി കെയർ നൽകാൻ ഞാൻ ശ്രമിക്കാറുണ്ട്. കെയർ എന്ന പദത്തിൽ സ്‌നേഹവും കർമ്മവും വാത്സല്യവും മൂന്ന് മഹാനദികളെപ്പോലെ വന്ന് സംഗമിക്കുന്നു.

റംസാൻ മാസത്തിലാണ് ദാനത്തേയും മറ്റുള്ളവരോടുള്ള കരുതലിനേയും കുറിച്ച് നാം ചിന്തിക്കുന്നത്. ഇസ്ലാമിന്റെ അടിസ്ഥാനശില സക്കാത്തിലാണ്. ഉപവാസത്തിലൂടെ നാം ഇല്ലായ്മയുടെ വേദനയറിയുന്നു. ഉള്ളത് പങ്കിടാൻ അത് പഠിപ്പിക്കുന്നു. നൽകുക....... നൽകുക.........നൽകുക. എന്നത് മാത്രമാണ് ഈ മതത്തിന്റെ സത്ത. ദാഹിക്കുന്നവന് ജലം, വിശക്കുന്നവന് ഭക്ഷണം. നഗ്നന് വസ്ത്രം. തണലില്ലാത്തവന് തണൽ. എല്ലാം നൽകൽ അതു മാത്രമാണ് പ്രാർത്ഥന. അതു പക്ഷെ ഒരു മാസം മാത്രം ചെയ്തു നിർത്തേണ്ട ഒന്നല്ല. മറിച്ച് ഒരു ജന്മം മുഴുവൻ തുടരേണ്ടതാണ്.... ' സക്കാത്ത് നൽകാത്ത നിസ്‌കാരത്തടമ്പ് പടച്ചോൻ കാണുല്ല' എന്ന് പാടിയത് സത്യമാണ്.

കഴിഞ്ഞ് ഒരു മാസമായി ഞാൻ അമേരിക്കയിലായിരുന്നു. സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി.......... തിരിച്ച് നാട്ടിലെത്തി ഒരു മാസത്തെ പത്രങ്ങളിലൂടെ കടന്നുപോയപ്പോൾ പലതും വേദനിപ്പിക്കുന്ന വാർത്തകളായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ്, അപകടം പറ്റി റോഡിൽ കിടന്ന് ആരും തിരിഞ്ഞ് നോക്കാതെ ചോരവാർന്ന് മരിച്ചുപോയവരെക്കുറിച്ചുള്ളവ.... മണിക്കൂറുകളോളമാണ് അവർ റോഡിൽ കിടന്നത്. അവരെ രക്ഷപെടുത്തുന്നതിൽ നിന്ന് എന്താണ് മലയാളിയെ മാറ്റിനിർത്തുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇങ്ങിനെ അപകടത്തിൽപ്പെട്ടവരെ ഞാൻ എടുത്ത് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. റോഡിൽ കിടന്ന് മരിച്ച ആ മനുഷ്യരുടെ വിലപിക്കുന്ന ചോരയിൽ ചവിട്ടി നിന്നാണ് ദാനത്തെ കുറിച്ചും നൽകലിനെക്കുറിച്ചും പറയുന്നത് എന്ന കാര്യത്തിൽ ഞാൻ ലജ്ജിക്കുന്നു. എല്ലാവരും കടുത്ത മതവിശ്വാസികളാണ്. എന്നാൽ ആ മതങ്ങൾ പഠിപ്പിക്കുന്ന മനുഷ്യസ്‌നേഹം നാം ഉൾക്കൊള്ളുന്നില്ല. ഉൾക്കൊണ്ടിരുന്നെങ്കിൽ ഈ മനുഷ്യർ റോഡിൽ കിടന്ന മരിക്കില്ലായിരുന്നു. മതവിശ്വാസം എന്നാൽ ആരാധനാലയങ്ങളിലെ പ്രാർത്ഥന മാത്രമല്ല. ജീവന്റെ നിലവിളികളെ കേൾക്കാൻ കൂടിയാണ്. സ്വന്തം സഹോദരിയുടെ നിലവിളി കേൾക്കാത്ത നിങ്ങളുടെ പ്രാർത്ഥന ഏത് ദൈവമാണ് സുഹൃത്തേ കേൾക്കുക..