- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രക്തം നൽകാം ജീവനേകാം'; രക്തദാന രജിസ്ട്രേഷന് നൂതന ആപ്പുമായി തൃശ്ശർ ജില്ലയിലെ നാഷ്ണൽ സർവ്വീസ് സ്കീം
തൃശ്ശൂർ: രക്തദാന രജിസ്ട്രേഷന് നൂതന ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് തൃശ്ശർ ജില്ലയിലെ നാഷ്ണൽ സർവ്വീസ് സ്കീം. രക്തം ദാനം ചെയ്യാൻ ദാതാക്കളെ തേടി ഇനി അലയേണ്ടി വരില്ല. രക്തദാനത്തിന് ദാതാക്കളെ ആവശ്യമുള്ളവർ ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് സെർച്ച് ചെയ്താൽ മതി. ഏത് ഗ്രൂപ്പിലുള്ള ദാതാക്കളുടെ ലിസ്റ്റും ആപ്പിൽ ലഭ്യമാകും. ആപ്പിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഓൺലൈനായി നിർവഹിച്ചു.
ലോക രക്തദിനാചരണത്തിന്റെ ഭാഗമായാണ് ജില്ലാ എൻ എസ് എസ് ടീം ജീവദ്യുതി നിർമ്മിച്ചത്. ജില്ലയിൽ 100 യൂണിറ്റുകളിലായി പതിനായിരം വളണ്ടിയർമാരാണുള്ളത്. ആപ്പ് മുഖേന ഒരു വളണ്ടിയർ കുറഞ്ഞത് രണ്ട് പേരെയെങ്കിലും രജിസ്റ്റർ ചെയ്യിക്കണം. ഇരുപതിനായിരം രക്തദാതാക്കളുടെ രജിസ്ട്രേഷൻ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹയർസെക്കന്ററി ജില്ലാ കോർഡിനേറ്റർ വി എം കരീം അറിയിച്ചു. ഈ രക്തദാന ലിസ്റ്റ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറും.
സ്ത്രീകൾ രക്തദാനത്തിൽ കുറവുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചിരുന്നു. ജില്ലയിൽ ഈ കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇത് വഴി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആപ്പിന്റെ ലിങ്ക്: https://play.google.com/store/apps/details?id=com.hsenssbloodbrigade.android.system
മറുനാടന് ഡെസ്ക്