ശാസ്ത്രജ്ഞന്മാർ പ്രവചിച്ചത് പോലെ 30 വർഷങ്ങൾക്കിടെ ഇന്നലെ രാത്രിയിൽ ചന്ദ്രൻ ചുവന്ന് തുടുക്കുകയും ചന്ദ്രഗ്രഹണമുണ്ടാവുകയും ഫുൾ മൂൺ എന്ന പ്രതിഭാസമരങ്ങേറുകയും ചെയ്തു. എന്നാൽ ഇത് ലോകാവസാനമാണെന്ന് പ്രവചിച്ചവർ വിഢികളായ രാത്രി കൂടിയായിരുന്നു കഴിഞ്ഞ് പോയത്. ഇത് യേശുവിന്റെ രണ്ടാവരവാണെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നവർ നിരാശരാവുകയും ചെയ്തു. ഒന്നും സംഭവിക്കാതെ കഴിഞ്ഞ രാത്രി പുലർന്നതോടെ ലോകാവസാന തിയറിക്കാർ എന്താണ് പറയുന്നതെന്ന് നോക്കാം.

വാഷിങ്ടണിലെ ടാകോമയിലുള്ള എൽഷഡായ് മിനിസ്ട്രീസിലെ പാസ്റ്റർ മാർക്ക് ബ്ലിറ്റ്‌സാണ് ഈ ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് ലോകാവസാന തിയറി ആദ്യമായി മുന്നോട്ട് വച്ചത്.2007 മുതൽ താൻ ഇത് സംബന്ധിച്ച ഗവേഷണം നടത്തുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണിത് പ്രവചിക്കുന്നതെന്നുമായിരുന്നു അദ്ദേഹം അവകാശപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ' ബ്ലഡ് മൂൺസ്: ഡികോഡിങ് ദി എമിനെന്റ് ഹെവൻലി സൈൻസ്' എന്ന പേരിൽ കഴിഞ്ഞ വർഷം മാർച്ചിൽ അദ്ദേഹം ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചിരുന്നു. മനുഷ്യൻ നാശത്തിന്റെ വക്കിലെത്തിയെന്നായിരുന്നു ഇതിലൂടെ അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നത്.ഇതിന് മുമ്പ് ഇത്തരത്തിലുള്ള മൂന്ന് ബ്ലഡ് മൂൺ ഉണ്ടായിരുന്നുവെന്നും ഇന്നലെ കഴിഞ്ഞത് ഇക്കൂട്ടത്തിൽ പെട്ട അവസാനത്തേതാണെന്നും അതോടെ ലോകം അവസാനിക്കുമെന്നുമായിരുന്നു അദ്ദേഹം വാദിച്ചിരുന്നത്. ഇതിന് മുമ്പ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 15നും ഒക്ടോബർ എട്ടിനും ഈ വർഷം ഏപ്രിൽ നാലിനുമായിരുന്നു ഇത്തരം പ്രതിഭാസങ്ങളുണ്ടായതെന്നായിരുന്നു പാസ്റ്റർ കണ്ടെത്തിയിരുന്നത്.

1948ൽ ഇസ്രയേൽ ഒരു രാജ്യമായപ്പോഴും ഇസ്രയേൽ 1967ൽ ജെറുസലേമിനെ വീണ്ടെടുത്തപ്പോഴും ഫുൾ മൂൺ ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ ഭൂകമ്പങ്ങൾ ഇരട്ടിയായി വർധിച്ചതും ലോകാവസാനത്തിന്റെ സൂചനയായി ബ്ലിറ്റ്‌സ് എടുത്ത് പറഞ്ഞിരുന്നു. ഇത് മിശിഹാ തിരിച്ച് വരുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം വ്യാഖ്യാനിച്ചിരുന്നു. ഇത്തരം ഗ്രഹണങ്ങൾ തികച്ചും ജ്യോതിശാസ്ത്രപരമാണെന്നും ഇതിലൂടെ ദൈവം ചില സന്ദേശങ്ങൾ തരുകയാണെന്നും പാസ്റ്റർ വാദിച്ചിരുന്നു.

ബ്ലഡ് മൂണുമായി ബന്ധപ്പെട്ട്‌ലോകാവസാനം പ്രവചിച്ച മറ്റൊരു പുരോഹിതനാണ് ടെക്‌സാസിലെ സാൻ അന്റോണിയോവിലുലഌപാസ്റ്റർ ജോൺ ഹാഗീ. പാസ്റ്റർ ബ്ലിറ്റ്‌സ് പുസ്തകമിറക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം ഇതിനെക്കുറിച്ച് അദ്ദേഹം 2013 ഒക്ടോബറിൽ പുസ്തകമിറക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ഈ വിഷയം കൈകാര്യംചെയ്തുകൊണ്ട് ഒരു ഡോക്യുമെന്ററി സ്‌റ്റൈലിലുള്ള ഫിലിമും ഇദ്ദേഹം പുറത്തിറക്കിയിരുന്നു. 2012 ഒക്ടോബറിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തതും തന്റെ ചർച്ചിൽ വച്ച് നടന്നതുമായ ഒരു പ്രഭാഷണത്തിൽ അദ്ദേഹം ബ്ലഡ് മൂണിനെ പറ്റി ഗൗരവമായ ഭാഷയിൽ മുന്നറിയിപ്പുമേകിയിരുന്നു. ഇത് സ്വർഗത്തിൽ നിന്നുമെത്തുന്ന കൂട്ട സംഹാരത്തിന്റെ സൂചനയാണെന്നായിരുന്നു അദ്ദേഹം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചിരുന്നത്. ദൈവത്തെ നേരിൽ കാണാൻ തയ്യാറായിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായി സമയമാണ്‌സമാഗതമാകുന്നതെന്നും അദ്ദേഹം പ്രവചിച്ചിരുന്നു.

ചന്ദ്രഗ്രഹണവും ചന്ദ്രൻ ചുവന്ന് തുടുക്കുന്നതുമായ പ്രതിഭാസങ്ങൾ ഒന്നിച്ചെത്തുന്നത് വളരെ അപൂർവമായ സംഗതിയായാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. 30 വർഷങ്ങൾക്കിടെ ആദ്യമാണ് ഇത് സംഭവിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സെപ്റ്റംബർ 26 ഞായറാഴ്ച വൈകീട്ടാണീ അപൂർവ പ്രതിഭാസം അരങ്ങേറുന്നത്. ഈ ഗ്രഹണത്തിലൂടെ ചന്ദ്രൻ ഏറെക്കൂറെ പൂർണമായും മറയ്ക്കപ്പെടുമെന്നാണ് കരുതുന്നത്. 1982ന് ശേഷം ഈ പ്രതിഭാസം നടന്നിട്ടില്ല. ഇനി 2033 വരെ ഇനി ഉണ്ടാവുകയുമില്ല.

അത്തരം സന്ദർഭങ്ങളിൽ ചന്ദ്രൻ ഭൂമിയുടെ തൊട്ടടുത്തെത്തും. അതായത് അപ്പോൾ 222,000 മൈലുകൾ മാത്രമെ ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് ദൂരമുണ്ടാകൂ. സാധാരണത്തേതിൽ നിന്നും വലുതും തിളക്കമേറിയതുമായ ചന്ദ്രനായിരിക്കും അപ്പോഴുണ്ടാവുക. അതിനൊപ്പം ചന്ദ്രഗ്രഹണവുമുണ്ടാകും. പൂർണചന്ദ്രൻ അംബ്ര എന്നറിയപ്പെടുന്ന ഭൂമിയുടെ നിഴലിലേക്ക് പൂർണമായും മറയുന്ന അവസ്ഥയാണ് അപ്പോൾ സംജാതമാകുന്നത്.