പുരുഷന്മാർക്ക് ആശ്വാസ വാർത്തയുമായി പഠനങ്ങൾ. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ കിടപ്പറയിൽ വിപരീത ഫലം നൽകുമെന്ന പുരുഷന്മാരുടെ പൊതുവെയുള്ള ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ടാണ് പുതിയ കണ്ടെത്തൽ. കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ മുതലായവയ്ക്കു കഴിക്കുന്ന മരുന്നുകൾ ശാരീരികമായി ബാധിക്കുമെന്നാണ് പുരുഷന്മാരുടെ പൊതുവേയുള്ള ധാരണ.

ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന സ്റ്റാറ്റിൻ പോലുള്ള മരുന്നുകൾ ലൈംഗികതയെ മോശമായ രീതിയിൽ ബാധിക്കാം എന്നാണ് പലരും കരുതുന്നത്. എന്നാൽ അത്തരം മരുന്നുകൾ ലൈംഗികശക്തിയെ ഇല്ലാതാക്കില്ലെന്നാണ് പഠനങ്ങളുടെ കണ്ടെത്തൽ.

2100 പുരുഷന്മാരെ പങ്കെടുപ്പിച്ചു നടത്തിയ പഠനത്തിലാണ് സ്റ്റാറ്റിൻ പോലുള്ള മരുന്നുകൾ ശാരീരികമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാക്കില്ലെന്നും കണ്ടെത്തിയത്. കിടപ്പറയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും, ലൈംഗികശേഷിയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾക്കും കാരണമായി തങ്ങൾ ഉപയോഗിക്കുന്ന മരുന്നുകളെയാണ് പലരും പഴിക്കുന്നത്.

എന്നാൽ അതെല്ലാം അവരുടെ മാനസീകമായ കാരണങ്ങളാലോ രക്തധമനികളിൽ ഉണ്ടാകുന്ന തടസ്സങ്ങളാലോ സംഭവിക്കുന്നതാകാം എന്നാണ് ഗവേഷകരുടെ വാദം. ഈ കണ്ടു പിടുത്തത്തോടെ പുരുഷന്മാരുടെ ചിന്താഗതിയിൽ വലിയൊരു മാറ്റം ഉണ്ടാകുമെന്നും പാർശ്യഫലങ്ങളെ ഭയന്ന് സ്റ്റാറ്റിൻ ഉപയോഗിക്കാതെ ആയിരക്കണക്കിനു ആളുകളാണ് വർഷാവർഷം മരിക്കുന്നതെന്നും ഇനി അതിൽ മാറ്റം വരുമെന്നും ഡോക്ടേഴ്സ് പറഞ്ഞു

രക്തസമ്മർദ്ദം കുറയ്ക്കാനുള്ള മരുന്നുകളിൽ ലൈംഗികാസക്തി കുറയുക, ശാരീരിക പ്രവർത്തനങ്ങൾ തടസ്സപ്പെടുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാമെന്ന താക്കീതുകൾ നൽകിയിട്ടുണ്ട്. സ്റ്റാറ്റിനുകളുടെ പാർശ്വഫലങ്ങളായി മസിലുകളിൽ വേദന, ഉറക്കക്കുറവ്, ലൈംഗികപ്രശ്നങ്ങൾ മുതലായവ പറയുന്നുണ്ട്.

എന്നാൽ ഏകദേശം 61 വയസ്സു വരുന്ന 2,153 പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ ഇത്തരം മരുന്നുകൾ ഉപയോ്ഗിക്കുന്നവർക്ക യാതൊരു തരത്തിലുള്ള ലൈംഗിക പ്രശ്നങ്ങളും മരുന്നുകൾ മുഖേന ഉണ്ടായിട്ടില്ലെന്നു കണ്ടെത്തി. 2016-ൽ യൂറോപ്യൻ സൊസൈറ്റി നടത്തിയ പഠനത്തിൽ സ്റ്റാറ്റിന്റെ ഉപയോഗം ലൈംഗിക ഊർജ്ജത്തെ കൂട്ടാൻ സഹായിക്കുമെന്നുമാണ് പറയുന്നത്.