ക്യാമ്പസ് രാഷ്ട്രീയത്തിന്റെ കഥകൾക്ക് എന്നും വളക്കൂറുള്ള മണ്ണാണ് മലയാള സിനിമ. ക്യാമ്പസ് കഥപറയുമ്പോഴെല്ലാം രാഷ്ട്രീയം അതിലെ നിർണായക ഘടകമാകും പലപ്പോഴും. ഇടതുപക്ഷത്തേക്ക് ചായ്‌വുള്ള രാഷ്ട്രീയ ചിത്രങ്ങൾക്കാണ് കേരളത്തിൽ സ്വീകാര്യത കൂടുതൽ എന്നതിനാൽ തന്നെ അത്തരം നിരവധി സിനിമകളും ഇറങ്ങി. അടുത്തകാലത്ത് സിനിമ രാഷ്ട്രീയക്കാർക്ക് പാർട്ടിയുടെ പ്രചരണഘടകംപോലും ആകുന്നു. ഈ സാഹചര്യത്തിൽ ഒരു വലതുപക്ഷ ചായ്‌വുള്ള പടമിറക്കി കോൺഗ്രസിനും കെഎസ്‌യുവിനും ഒരു മൈലേജ് നൽകാൻ ഒരുങ്ങുകയാണ് പാർട്ടിയിലെ ചില നേതാക്കളും അനുകൂലികളായ സിനിമാ പ്രവർത്തകരും.

കേരളാ ക്യാംപസുകളിൽ തരംഗമായ ചിത്രമായിരുന്നു ടോം ഇമ്മട്ടി സംവിധാനം ചെയ്ത 'ഒരു മെക്സിക്കൻ അപാരത'. വലതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന് ആഭിമുഖ്യമുള്ള കാംപസിൽ ഇടത് വിദ്യാർത്ഥി സംഘടനയുടെ വിജയമാണ് കഥാതന്തു. എന്നാൽ ചുവപ്പുകോട്ടയിൽ കെഎസ് യു നേടിയ വിജയത്തിന്റെ യഥാർത്ഥ കഥയാണ് പ്‌ളേറ്റുമാറ്റി ചുവപ്പൻ ചരിത്രവിജയമാക്കി സിനിമയാക്കിയതെന്ന് സിനിമക്ക് വൻ സ്വീകരണം ലഭിക്കുമ്പോൾ തന്നെ കെഎസ്‌യുകാരനായ നായകന്റെ കഥ എസ്എഫ്ഐയുടേതാക്കി മാറ്റി ചിത്രീകരിച്ചിരിക്കുകയാണ് മെക്സിക്കൻ അപാരതയിലെന്ന് വാർത്തകൾ പരന്നിരുന്നു.

എറണാകുളം മഹാരാജാസ് കോളേജിലെ 34 വർഷത്തെ എസ്എഫ്ഐ കുത്തകയ്ക്ക് തടയിട്ട് കെഎസ്‌യു കൊടി പാറിച്ച ചെയർമാൻ ആയിരുന്നു ജിനോ ജോൺ. അപാരതയിൽ ഒരു വേഷം ചെയ്തിട്ടുമുണ്ട് ജിനോ. എന്നാൽ ജിനോയുടെ ജീവിതം സിനിമയായപ്പോൾ അത് ചുവപ്പൻ വിജയമായി മാറി. ഈ ആരോപണം സിനിമ പുറത്തിറങ്ങിയപ്പോൾ ഉയരുകയും ചെയ്‌തെങ്കിലും ചിത്രം ക്യാമ്പസുകളും പ്രേക്ഷകരും ഏറ്റെടുത്തു. 'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായതിന് പിന്നാലെയാണ് ജിനോ മെക്സിക്കൻ അപാരതയിലും വേഷം ചെയ്യുന്നത്.

എന്നാൽ ഇപ്പോൾ തന്റെ 'യഥാർത്ഥ' കഥ സിനിമയാക്കുകയാണ് ജിനോ ജോൺ. 'ബ്ലൂ ഇസ് ദി വാമസ്റ്റ് കളർ' എന്നാണ് ചിത്രത്തിന്റെ പേര്. ജിനോ തന്നെയാണ് നായക വേഷം അവതരിപ്പിക്കുന്നത്. സംവിധാനവും ജിനോ തന്നെ. മെക്സിക്കൻ അപാരതയിൽ മാറ്റി അവതരിപ്പിച്ച തന്റെ കഥ ശരിയായ രീതിയിൽ ചിത്രീകരിക്കുകയാണ് ലക്ഷ്യമെന്ന് ജിനോ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. കഥ ഏറെക്കുറെ സമാനമായിരിക്കുമെങ്കിലും തികച്ചും വ്യത്യസ്തമായിരിക്കും അവതരണ രീതി. ഒരു പ്രമുഖ കോൺഗ്രസ് നേതാവായിരിക്കും സിനിമയുടെ നിർമ്മാതാവെന്നും ചില കോൺഗ്രസ് യുവ എംഎൽഎമാരും ചിത്രത്തിൽ അഭിനേതാക്കളായി എത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇപ്പോൾ വായില്ലാക്കുന്നിലപ്പൻ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ജിനോ. അതിന് പിന്നാലെ ബ്ലൂ ഈസ് ദി വാമസ്റ്റ് കളർ തുടങ്ങും. ഒരു മെക്സിക്കൻ അപാരതയുടെ സംവിധായകനായ ടോം ഇമ്മട്ടി വായില്ലാകുന്നിലപ്പനിൽ പ്രധാന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ജിനോ അറിയിച്ചു. ഇപ്പോൾ മനോജ് വർഗീസ് പാറേക്കാട്ടിൽ സംവിധാനം ചെയ്യുന്ന 'ക്യൂബൻ കോളനി' എന്ന സിനിമയിൽ അഭിനയിക്കുകയാണ് ജിനോ ജോൺ.