ലോകമെമ്പാടുമായി ഒട്ടേറെ യുവാക്കളെയും കൗമാരക്കാരെയും മരണത്തിലേക്ക് തള്ളിവിട്ട ബ്ലൂവെയ്ൽ ഗെയിം ചൈനയിലും മരണം വിതറുന്നുവെന്ന് റിപ്പോർട്ടുകൾ. സൂചിയും നൂലുമുപയോഗിച്ച് കൈയിൽ പാറ്റേണുകൾ തുന്നി സ്വയം വേദനിപ്പിച്ച് ആനന്ദം കൊള്ളുകയാണ് ഗെയ്മിന് അടിമകളായ ചൈനീസ് യുവതീയുവാക്കളിപ്പോൾ. കൈകളിലും കാലുകളിലും ചുണ്ടുകളിലും തുന്നിയ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ ഏറെ പ്രചരിച്ചിരുന്നു.

നിരോധിക്കപ്പെട്ട ഒരു ജാപ്പനീസ് കാർട്ടൂണോ ബ്ലൂവെയ്ൽ ഗെയ്‌മോ ആണ് ചൈനീസ് കൗമാരക്കാരെയും യുവതീയുവാക്കളെയും ഈ രീതിയിലേക്ക് നയിക്കുന്നതെന്നാണ് കരുതുന്നത്. റഷ്യയിൽ 130-ഓളം പേരാണ് ബ്ലൂവെയ്ൽ ഗെയ്മിന് അടിമകളായി ജീവൻ ത്യജിച്ചത്. അതേ വഴിയിലേക്കാണ് ചൈനീസ് കൗമാരവുമെന്നാണ് ആശങ്ക. കുട്ടികളെ ഈ ഗെയ്മിലേക്ക് പ്രേരിപ്പിക്കുന്നതിന്റെ പേരിൽ ഒരാൾ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

പീപ്പിൾസ് ഡെയ്‌ലിയുടെ സിന വെയ്‌ബോ പേജിലാണ് ഈ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. വളരെ ആശങ്കയുളവാക്കുന്ന ചിത്രങ്ങളാണിതെന്ന് വെയ്‌ബോയിൽ മറ്റുള്ളവർ അഭിപ്രായപ്പെട്ടു. ശരീരം മുറിപ്പെടുത്തുന്നതിലൂടെ എന്തുതരം ആനന്ദമാണ് ഇവർക്ക് ലഭിക്കുന്നതെന്നും ചിലർ ചോദിക്കുന്നു. ബ്ലൂ വെയ്ൽ ഗെയിം ലോകമെമ്പാടുമുണ്ടാക്കിയ ദുരന്തം ചൈനയിലെ കൗമാരക്കാരെയും അറിയിക്കണമെന്നും ചിലർ പറയുന്നു.

അടിച്ചമർത്തലിനെതിരായ പ്രതിഷേധമെന്ന നിലയ്ക്ക് മുമ്പ് ചുണ്ടിന് തുന്നലിടുന്ന രീതിയുണ്ടായിരുന്നു. എന്നാൽ, ഇത് അത്തരം പ്രതികരണങ്ങളല്ലെന്നാണ് സൂചന. ഗെയിമോ മത്സരത്തിന്റെ ഭാഗമോ ആയിരിക്കാം ഇതെന്നാണ് വിലയിരുത്തുന്നത്. ബ്ലൂവെയ്‌ലിൽ കളിയുടെ മാസ്റ്ററായിട്ടുള്ള ഒരാൾ കളിക്കാർക്ക് 50 ദിവസം നൽകി ഓരോ ദിവസവും ഓരോ കാര്യങ്ങൾ ചെയ്യണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കളിക്ക് അടിമപ്പെട്ട അവരോട് 50-ാം ദിവസം ജീവനൊടുക്കാനും ആവശ്യപ്പെടും .ഇങ്ങനെയാണ് പലരും ജീവനൊടുക്കിയത്.