കുറിപ്പ്

ബ്ലൂബെറി കഴിക്കുന്നത രക്തസമ്മർദം കുറക്കുന്നതായി അമേരിക്കൻ ശാസ്ത്രജ്ഞർ കണ്ടുപിടിച്ചിരിക്കുന്നു. സ്ത്രീകളിൽ ആർത്തവവിരാമത്തിനു ശേഷവും രക്തസമ്മർദം കുറയ്ക്കാൻ ബ്ലൂബെറി നല്ലതാണെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. രക്തത്തിലെ കൊളസ്‌ട്രോൾ കുറയ്ക്കുവാനും ഗ്ലൂക്കോസ്, ഇൻസുലിൻ തോത് ശരിയായ അളവിൽ നിയന്ത്രിച്ചു നിർത്താനും ഇവ സഹായിക്കുന്നു. ആന്തോസയാനിൻ, വൈറ്റമിൻ ബി കോംപ്ലക്‌സ്, കോപ്പർ, സിങ്ക്, അയേൺ, സെലീനിയം എന്നിവ ബ്ലൂബെറിയിൽ അടങ്ങിയിട്ടുണ്ട്. കോപ്പർ പ്രതിരോധശേഷി നൽകുന്നതിനും, അയേൺ രക്തമുണ്ടാകുന്നതിനും സഹായിക്കുന്നു. ബ്ലൂബെറിക്ക് നീല നിറം നൽകുന്നത് ആന്തോസയാനിനാണ്. ബാക്ടീരിയകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. വയറിലെ കൊഴുപ്പുകുറക്കാൻ ബ്ലൂബെറി ഏറെ സഹായകമാണ. സാധാരണയായി നോർത്ത് അമേരിക്കയിലാണ് ബ്ലൂബെറി കണ്ടുവരുന്നത്. ഉരുണ്ട ആകൃതിയിലുള്ള ഇവ പഴുത്തുകഴിഞ്ഞാൽ നല്ല നീല നിറത്തിൽ മാംസളമായിത്തീരും. ഹീത്ത് എന്ന ഫാമിലിയിലാണ് ഇവ ഉൾപ്പെടുന്നത്.

ബ്ലൂബെറി കേക്ക് ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ:-

ബട്ടർ 1 കപ്പ്
പഞ്ചസാര 1 ¾ കപ്പ്
നാരങ്ങ തൊലി (ചിരണ്ടിയത്) – 1
മുട്ട - 3 എണ്ണം
വാനില എസ്സെൻസ് 1/2 ടീ. സ്പൂൺ
മോര് ¾ കപ്പ്
ബ്ലൂബെറി 1 കപ്പ്
മൈദ 2½ കപ്പ്
ബെയ്ക്കിങ് പൗഡർ 2 ടീ. സ്പൂൺ
ബെയിക്കിങ് സോഡ 1 ടീ. സ്പൂൺ

നാരങ്ങ ഗ്ലൈസ്സ്
പഞ്ചസാര 1½ കപ്പ്, പൊടിച്ചത്
നാരങ്ങനീര് 1 ടേ. സ്പൂൺ
നാരങ്ങ തൊലി (ചിരണ്ടിയത്) – 1
പാല് – 1 ടേ.സ്പൂൺ
വാനില എസ്സെൻസ് ¼ ടീ.സ്പൂൺ

ഉണ്ടാക്കുന്നവിധം:-

ബേയ്ക്ക് ചെയ്യാനുള്ള പാത്രത്തിൽ അല്പം ബട്ടർ പുരട്ടി, അതിലേക്ക് അല്പം മൈദ തൂകി, തട്ടിക്കുടഞ്ഞ് തയ്യാറക്കി വെക്കുക. മുട്ടയുടെ വെള്ളയും മഞ്ഞയും, രണ്ടു പാത്രത്തിൽ മാറ്റുക. മഞ്ഞക്കരുവിനൊപ്പം, പൊടിച്ച പഞ്ചസാരയും, ബട്ടറും, നാരങ്ങത്തൊലി ചിരണ്ടിയതും ചേർത്ത് അടിച്ചു പതപ്പിക്കുക. മൊരും ചേർക്കുക. ഇതിലേക്ക് അരക്കപ്പു വീതം മൈദ ചേർത്ത്, എഗ്ഗ് ബീറ്റർ കൊണ്ടുതന്നെ, അടിച്ചു ചേർക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ള പതപ്പിച്ചു വച്ചിരിക്കുന്നത്, പതുക്കെ സ്പൂൺ കൊണ്ട് ഇളക്കിച്ചേർക്കുക. ഇവിടെ ബേക്കിക്കിങ് പൗഡറും സോഡയും ചേർക്കുക. ഇതു ചേർത്തുകഴിഞ്ഞാൽ അധികം അടിക്കുകയോ , ഇളക്കുകയോ ചെയ്യരുത്. ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന ബ്ലൂബെറിയും ചേർത്ത് ബേയക്ക് ചെയ്യാനുള്ള പാത്രത്തിലേക്ക് ഒഴിക്കുക.

180 ഡിഗ്രീയിൽ ഓവൻ ചൂടാക്കുക. അതിലേക്ക് കേക്ക് വച്ച്, 15 മിനിട്ട് പിന്നീട് 150 ഡിഗ്രിയിലേക്ക് കുറച്ച് 15 മിനിട്ടുകൂടി ബെയിക്ക് ചെയ്യുക. ശേഷം ഒരു കത്തികൊണ്ട് കുത്തിനോക്കിയാൽ, കത്തി വൃത്തിയായി തിരിച്ചെടുക്കാമെങ്കിൽ കേക്ക് തയ്യാർ! അല്പമെങ്കിലും മാവ് പറ്റിപ്പിടിക്കുന്നുണ്ടെങ്കിൽ 5, 10 മിനിട്ടുകൂടി ബെയ്ക്ക് ചെയുക.

ഗ്ലേസ്സ്

തണുത്തു കഴിയുംബോൾ ഗ്ലേസ്സ് ഒരുമിച്ചു ചേർത്ത്, കേക്കിന്റെ മുകളിളേക്ക് ഒഴിക്കുക, അല്ലെങ്കിൽ ഒരോ പീസും മുറിച്ച്, അതിൾക്ക് അല്പം ഒഴിച്ച് വിളമ്പുക.