കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി(86) അന്തരിച്ചു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ വ്യക്തിത്വമാണ് ബിഎം കുട്ടി. മാപ്പിളപ്പാട്ടിനെ ഗാനമേളയാക്കി ശ്രദ്ധേയനായി. ഗൾഫിൽ അടക്കം നിരവധി വേദികളിൽ മാപ്പിളപ്പാട്ടിന്റെ മാധുര്യം കുട്ടി എത്തിച്ചു. കേരളത്തിലെ പഴയതും പുതിയതുമായ തലമുറകൾക്ക് ഒരുപോലെ സുപരിചിതനാണ് വി എം. കുട്ടി എന്ന വടക്കുങ്ങര മുഹമ്മദ് കുട്ടി.

കോഴിക്കോട്ടാണ് വി എം കുട്ടിയുടെ അന്ത്യം. സ്വകാര്യ ആശുപത്രിയിൽ ഹൃദയസംബന്ധമായ രോഗത്തിന് ചികിൽസയിലായിരുന്നു. ഉണ്ണീൻ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്കു സമീപമുള്ള പുളിക്കലിൽ 1935 ൽ ജനനം. മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന് ശേഷം 1957 ൽ കൊളത്തൂരിലെ എ.എം.എൽ.പി സ്‌കൂളിൽ പ്രധാനദ്ധ്യാപകനായി ചേർന്നു. 1985 ൽ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു. ചെറുപ്പത്തിലേ ചിത്രരചന,അഭിനയം ,ഗാനാലാപനം എന്നിവയിൽ തത്പരനായിരുന്നു വി എം. കുട്ടി. പാണ്ടികശാല ഒറ്റപ്പിലാക്കൽ ഫാത്തിമ്മക്കുട്ടി എന്ന വനിതയിൽ നിന്നാണ് താൻ മാപ്പിളപ്പാട്ടിനെ പരിചയപ്പെടുന്നത്.

1954 ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ് ഈ രംഗത്തേക്കുള്ള കുട്ടിയുടെ ചുവടുവെപ്പ്. പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയിൽ പ്രസിദ്ധനായി. 1957 മുതൽ സ്വന്തമായി ഗായകസംഘമുള്ള വി എം.കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകൾ അവതരിപ്പിക്കുകയുണ്ടായിട്ടുണ്ട്. ചലച്ചിത്രം, കാസറ്റുകൾ, എന്നിവക്ക് വേണ്ടി ധാരാളം ഗാനങ്ങൾ പാടിയിട്ടുണ്ട് അദ്ദേഹം. ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടൻ ഗാനശാഖയിലും വി എം.കുട്ടിക്ക് നല്ല പാണ്ഡിത്യമുണ്ടായിരുന്നു. മൈലാഞ്ചി,പതിനാലാം രാവ്,ഉല്പത്തി,സമ്മാനം,മാന്യമഹാ ജനങ്ങളേ,സമ്മേളനം,1921,മാർക്ക് ആന്റണി എന്നീ ചിത്രങ്ങളിൽ പിന്നണിപാടിയിട്ടുണ്ട് വി എം.കുട്ടി.

1970കൾവരെ കല്യാണപ്പന്തലുകളിൽ മാത്രമൊതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയ മാപ്പിളപ്പാട്ട് ഗായകനും കവിയുമാണ് വി എം കുട്ടി. കേരളത്തിൽ സ്വന്തമായി മാപ്പിളപ്പാട്ടിന് ഗാനമേള ട്രൂപ്പുണ്ടാക്കിയത് വി എം കുട്ടിയാണ്. പൊതുവേദിയിൽ ആദ്യമായി ഗാനമേള അവതരിപ്പിച്ചതും അദ്ദേഹം തന്നെ. 1972ൽ കവി ടി ഉബൈദിന്റെ ആവശ്യപ്രകാരം കാസർക്കോട് നടന്ന സാഹിത്യപരിഷത്ത് സമ്മേളനത്തിൽ വച്ചായിരുന്നു അത്.

1987ൽ കവരത്തി സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്കു മുന്നിൽ മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ച് ശ്രദ്ധനേടി വി എം കുട്ടി. 1965 മുതൽ ഗൾഫ് നാടുകളിലെ വേദികളിലും ഈ കലാകാരന്റെ ഗാനവിരുന്നുകൾ അരങ്ങേറി. 'ബദ്റുൽഹുദാ യാസീനൻ...' എന്ന ബദ്ര് പാട്ട് ആകാശവാണിയിൽ അവതരിപ്പിച്ചുകൊണ്ട് ഇരുപതാം വയസ്സിൽ തുടങ്ങിയ സപര്യ അരനൂറ്റാണ്ടുകാലവും പിന്നിട്ട് മുമ്പോട്ട് പോയി.

ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകൾക്ക് ശബ്ദവും സംഗീതവും നൽകിയ വി എം കുട്ടി മികച്ച ഗാനരചയിതാവുമാണ്. 'കിളിയേ... ദിക്ര് പാടിക്കിളിയേ...' എന്ന വിശ്രുത ഗാനം ഉൾപ്പെടെ നിരവധി ഗാനങ്ങൾ അദ്ദേഹത്തിന്റെ രചനകളായുണ്ട്. 1921 അടക്കം അഞ്ചിലധികം സിനിമകളിലും ഗാനങ്ങൾ എഴുതി. മാപ്പിളപ്പാട്ടിന്റെ ലോകം, ബഷീർ മാല, ഭക്തിഗീതങ്ങൾ, മാനവമൈത്രി ഗാനങ്ങൾ, കുരുവിക്കുഞ്ഞ്(കുട്ടിക്കവിത) എന്നിവയാണ് വി എം കുട്ടിയുടെ പ്രധാന കൃതികൾ. സംഗീത നാടക അക്കാദമി അവാർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് അവാർഡ്, സി എച്ച് കൾച്ചറൽ സെന്റർ അവാർഡ്, ഇന്തോ-അറബ് കൾച്ചറൽ സെന്ററിന്റെ 'ഒരുമ' അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും ഈ മാപ്പിള കലാകാരനെ തേടിവന്നു.

കേരള സംഗീത നാടക അക്കാദമി അംഗം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് സെക്രട്ടറി, ഇന്തോ-അറബ് കൾച്ചറൽ സൊസൈറ്റി രക്ഷാധികാരി, മോയിൻകുട്ടി വൈദ്യർ സ്മാരക കമ്മിറ്റി അംഗം എന്നീ പദവികളിലും പ്രവർത്തിച്ചു.