- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റയ്ക്ക് നിന്ന് പൊരുതി നേട്ടം കൊയ്തു; കെഎസ്ആർടിസി ചരിത്രത്തിൽ ഇതാദ്യമായി ബിഎംഎസും അംഗീകൃത യൂണിയൻ; 18.5 ശതമാനം വോട്ട് ബിഎംഎസ് നേടിയപ്പോൾ ചോർന്നത് സിഐടിയുവിന്റെ വോട്ടുകളെന്ന് ഐഎൻടിയുസി; ഇരുയൂണിയനുകളും അംഗീകാരം നിലനിർത്തിയെങ്കിലും നിറം മങ്ങി; അംഗീകാരം കിട്ടാതെ എഐടിയുസിയും
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനായി ബിഎംഎസും. ബിഎംഎസ് നേതൃത്വം നൽകുന്ന കെ.എസ്.ടി എംപ്ലോയീസ് സംഘിനെയാണ് അംഗീകൃത യൂണിയനായി തെരഞ്ഞെടുത്തത്. 36 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായി 18.5% വോട്ടു നേടി അംഗീകൃത യൂണിയനായികെ.എസ്.ടി എംപ്ലോയീസ് സംഘ് അംഗീകൃത യൂണിയനായി തെരഞ്ഞെടുക്കപ്പെടുന്നത്. ഒറ്റയ്ക്ക് നിന്നു പൊരുതിയാണ് ബിഎംഎസ് ഈ നേട്ടം കൊയ്തത്..
അതേസമയം, സിഐടിയുവിന്റെ കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷനും ഐഎൻടിയുസിയുടെ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ടും അംഗീകാരം നിലനിർത്തി. എന്നാൽ കഴിഞ്ഞതവണത്തെ നേട്ടം കൊയ്യാൻ ഇരുവർക്കും സാധിച്ചില്ല. എഐടിയുസിക്ക് അംഗീകാരം നേടാനും കഴിഞ്ഞില്ല. 15 ശതമാനത്തിലധികം വോട്ടുകൾ നേടുന്ന യൂണിയനുകൾക്കാണ് അംഗീകാരം ലഭിക്കുന്നത്. സാമ്പത്തികനില, ഡിപ്പോകളുടെ അടച്ചുപൂട്ടൽ, എം പാനൽ ജീവനക്കാരുടെ പിരിച്ചുവിടൽ തുടങ്ങിയ കാര്യങ്ങളാണ് ബിഎംസ് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയത്.
വോട്ടുകണക്ക് ഇങ്ങനെ
കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ (സിഐ.ടി.യു) 35. 24 ശതമാനം വോട്ടുകൾ നേടി കൂടുതൽ വോട്ടുകൾ നേടിയ സംഘടനയായി. ആകെ സാധുവായ 26837 വോട്ടുകളിൽ സിഐ.ടി.യുവിന് 9457 വോട്ടുകൾ ലഭിച്ചു. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ഠഉഎ) 23. 37 ശതമാനം വോട്ടുകൾ ( 6271) നേടി. കെ.എസ്.ടി. എംപ്ലോയീസ് സംഘിന് (ബി.എം.എസ്) 18.21 ശതമാനം ( 4888) വോട്ടും ലഭിച്ചു. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ - എ.ഐ.ടി.യു സി (9.64%) , കെ.എസ്.ആർ.ടി.സി വർക്കേഴ്സ് ഫെഡറേഷൻ (2.74 %), കെ.എസ്.ആർ.ടി.സി. എംപ്ലോയീസ് ഫ്രണ്ട് യൂണിയൻ ( 1.24%) , കെ.എസ്.ആർ.ടി.ഇ വെൽഫെയർ അസോസിയേഷൻ (9.03 %) വോട്ടുകളും നേടി. 134 വോട്ടുകൾ അസാധുവായി. ആകെ ഏഴ് സംഘടനകളാണ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്.
സ്റ്റേറ്റ് റിട്ടേണിങ് ഓഫീസർ കൂടിയായ റീജണൽ ജോയിന്റ് ലേബർ കമീഷണർ ഡി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. കെ.എസ്.ആർ.ടി.സിയിലെ സ്ഥിരം ജീവനക്കാരായ 27,471 തൊഴിലാളികളായിരുന്നു സമ്മതിദായകർ. സ്ഥംസ്ഥാനത്താകെ 100 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരുന്നത്.
തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിന്റെ15 ശതമാനം വോട്ടെങ്കിലും ലഭിക്കുന്ന സംഘടനകൾക്കാണ് അംഗീകാരം നൽകുന്നത്. 51 ശതമാനമോ അതിൽ കൂടുതലോ വോട്ട് ലഭിക്കുന്ന സംഘടനയെ സോൾ ബാർഗെയ്നിങ് ഏജന്റായി പരിഗണിക്കും. മൂന്നു വർഷം കൂടുമ്പോഴാണ് ഹിതപരിശോധന നടത്തുന്നത്. എന്നാൽ 2016 ലാണ് അവസാനമായി നടത്തിയത്. 2016ൽ സിഐ.ടി.യു വിന് 48.52 ശതമാനം വോട്ടും , ടി.ഡി.എഫിന് 27.01 ശതമാനം വോട്ടും ബി.എം.എസിന് എട്ട് ശതമാനം വോട്ടുമാണ് ലഭിച്ചത്.
റഫറണ്ടത്തിലേത് സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കേറ്റ തിരിച്ചടി: ഐഎൻടിയുസി
ഇടതു സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കേറ്റ തിരിച്ചടിയാണ് കെഎസ്ആർടിസി റഫറണ്ടത്തിൽ സിഐടിയു നേതൃത്വം നൽകിയ കെഎസ്ആർറ്റിഇഎക്ക് 14 ശതമാനം വോട്ട് കഴിഞ്ഞ തവണത്തെക്കാൾ നഷ്ടപ്പെട്ടതെന്ന് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ തമ്പാനൂർ രവി.
ബിഎംഎസ് നേതൃത്വം നൽകുന്ന സംഘടനയ്ക്ക് ഇത്തവണ അംഗീകാരം നേടാനായത് സി ഐടിയുവിന്റെ വോട്ടിങ് ഷെയറിൽ വന്ന ചോർച്ചയാണ്.കഴിഞ്ഞ തവണ 8.30 ശതമാനം വോട്ട് മാത്രം ഉണ്ടായിരുന്ന ബിഎംഎസ് ഇപ്പോൾ 18.21 ശതമാനമായി ഉയർത്തി.സി ഐടിയുവിൽ നിന്നും വിട്ടുപോയ തൊഴിലാളികൾ ബിഎംഎസിനാണ് വോട്ട് നൽകിയതെന്ന് ഇതിലൂടെ വ്യക്തം. എഐടിയുസിയാകട്ടെ അംഗീകാരം കിട്ടിയില്ലെന്ന് മാത്രമല്ല, കഴിഞ്ഞ തവണത്തേക്കാൾ നിലമെച്ചപ്പെടുത്താനും കഴിഞ്ഞില്ല.
കെഎസ്ആർടിയിസിൽ നിന്നും സർക്കാർ പിരിച്ചുവിട്ട 10000 ത്തോളം ജീവനക്കാരിൽ ഭൂരിഭാഗം പേരും കോൺഗ്രസ് നേതൃത്വം നൽകുന്ന റ്റിഡിഎഫിൽ നിന്നാണ്. എന്നിട്ടും കഴിഞ്ഞ തവണത്തെക്കാൾ രണ്ടു ശതമാനം വോട്ട് ഷെയർ മാത്രമാണ് കുറവ് വന്നത്. റ്റിഡിഎഫ് ആകെ 23.37 ശതമാനം വോട്ട് നേടിയാണ് അംഗീകാരം നിലനിർത്തിയത്.
അംഗീകാരം ലഭിക്കുമെന്ന് പ്രചാരണം നടത്തിയ വെൽഫെയർ യൂണിയന് 9 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. തൊഴിലാളികളിൽ നിന്നുള്ള തിരിച്ചടി ഭയന്ന് ഒന്നര വർഷത്തോളം റഫറണ്ടം നടത്തുന്നത് വൈകിപ്പിക്കാൻ സി ഐടിയു ശ്രമിച്ചു. എന്നാൽ റ്റിഡിഎഫ് ഹൈക്കോടതിയിൽ നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് റഫറണ്ടം നടത്താൻ അംഗീകാരം കോടതി നൽകിയതെന്നും തമ്പാനൂർ രവി പറഞ്ഞു.
കെഎസ്ആർടിസിയിൽ 2016 ലെ റഫറണ്ടത്തിൽ 39210 തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 27471 തൊഴിലാളികളാണുള്ളതെന്നും തമ്പാനൂർ രവി ചൂണ്ടിക്കാട്ടി
ഹിത പരിശോധനയിൽ 97.73 % പേർ വോട്ട് രേഖപ്പെടുത്തി
ഹിതപരിശോധനയിൽ 97.73 % പേർ വോട്ട് രേഖപ്പെടുത്തി. വോട്ടവകാശം ഉണ്ടായിരുന്ന 27471 വോട്ടർമാരിൽ 26848 പേരാണ് വോട്ടെടുപ്പിൽ സമ്മതിദാനാവകാശം നിർവ്വഹിച്ചത്. തിരഞ്ഞെടുപ്പിനായി സംസ്ഥാന വ്യാപകമായി 100 ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്. തലസ്ഥാന ജില്ലയിലായിരുന്നു കൂടുതൽ വോട്ടർമാരും ബൂത്തുകളും ഉണ്ടായിരുന്നത്. 23 ബൂത്തുകളിലായാണ് തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടന്നത്.
സോൺ തിരിച്ചുള്ള കണക്കുകളിൽ തിരുവനന്തപുരം സോണിലാണ് ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ 10349 പേർക്ക് വോട്ടവകാശം ഉണ്ടായിരുന്നപ്പോൾ 10147 പേർ വോട്ട് രേഖപ്പെടുത്തി. (98.05%), കോഴിക്കോട് 7305 പേരിൽ 7121 പേർ വോട്ട് രേഖപ്പെടുത്തി. (97.56%), എറണാകുളം സോണിൽ 9817 പേർക്ക് വോട്ടവകാശം ഉണ്ടായിരുന്നപ്പോൾ 9574 പേരും വോട്ട് രേഖപ്പെടുത്തി ( 97.52 %).
ഇരിങ്ങാലക്കുട, എടത്വ, മൂലമറ്റം, നെടുമങ്ങാട്, വിതുര, ആര്യനാട്, അടൂർ, ആര്യങ്കാവ്, പന്തളം എന്നിവിടങ്ങിൽ 100% പേരും വോട്ട് രേഖപ്പെടുത്തി. കാലാവധി അവസാനിച്ച് ഒന്നര വർഷത്തിന് ശേഷമാണ് ഇത്തവണ ഡിസംബറിൽ ഹിതപരിശോധന നടത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനകം 120 ദിവസം ഡ്യൂട്ടിയോ, ഹാജരോ തികച്ചവർക്കായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ