റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനമുയർത്തി വെള്ളിമെഡൽ നേടിയ ബാഡ്മിന്റൺ താരം പി.വി. സിന്ധുവും ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ സാക്ഷി മാലിക്കും ഇനി ബിഎംഡബ്ല്യു കാറിന് ഉടമകൾ. ഇവർ മാത്രമല്ല. ജിംനാസ്റ്റിക്‌സിൽ നാലാം സ്ഥാനത്തെത്തി അഭിമാനതാരമായ ദിപ കർമാകറിനും സിന്ധുവിനെ മെഡൽ ജേത്രിയാക്കിയ പരിശീലകൻ പുല്ലേല ഗോപിചന്ദിനും ബിംഎംഡബ്ല്യുവിന്റെ ഗമയോടെ ചീറിപ്പായാം.

ഇന്ത്യയുടെ അഭിമാനതാരങ്ങളെ ആദരിക്കാൻ ഹൈദരാബാദ് ജില്ലാ ബാഡ്മിന്റൺ അസോസിയേനാണ് ഇവർക്ക് ബിഎംഡബ്ല്യു കാറുകൾ സമ്മാനിച്ചത്. അസോസിയേഷൻ പ്രസിഡന്റ് വി.ചാമുണ്ഡേശ്വരനാഥിന്റെ വകയായിരുന്നു കാറുകൾ. അത് സമ്മാനിക്കാൻ ഇന്ത്യൻ കായികവേദിയുടെ അംബാസഡർ സച്ചിൻ തെണ്ടുൽക്കർ നേരിട്ടെത്തിയതും ചടങ്ങിനെ പ്രൗഢമാക്കി.

റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ഗുഡ്‌വിൽ അംബാസഡറായിരുന്നു സച്ചിൻ തെണ്ടുൽക്കർ. ഹൈദരാബാദിലെ ഗച്ചിബൗളിയില പുല്ലേല ഗോപിചന്ദ് അക്കാദമിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം തന്നെ നാലുപേർക്കും പുതിയ കാറിന്റെ താക്കോൽ കൈമാറി.

വെള്ളിമെഡൽ നേടിയ പി.വി സിന്ധുവിന് ചുവന്ന ബി.എം.ഡബ്ല്യു320ഡി മോഡലാണ് സമ്മാനനിച്ചത്. സാക്ഷിക്ക് നീല നിറത്തിലുള്ള എക്‌സ്1 മോഡലും ദിപയ്ക്ക് വെള്ള എക്‌സ്1 മോഡലും ഗോപിചന്ദിന് വെള്ള 320ഡി മോഡലും സമ്മാനമായി ലഭിച്ചു. 320ഡി മോഡലിന് 37 ലക്ഷം രൂപയും എക്‌സ്1 മോഡലിന് 29.90 ലക്ഷം രൂപയുമാണ് വില.