തിരക്ക് പിടിച്ച ഈ ജീവിതത്തിൽ കാർ പാർക്ക് ചെയ്യാനൊന്നും മിക്കവർക്കും സമയമുണ്ടാകാറില്ല. പലരും കാറിൽ നിന്നിറങ്ങി നേരെ ഓഫീസിലേക്ക് ഓടിക്കയറാൻ ആഗ്രഹിക്കുന്നവരാണ്. അതിനിടെ കാർ പാർക്കിങ് ഏരിയയിൽ കൊണ്ടിടുകയെന്നതൊക്കെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ആ അവസ്ഥയ്ക്ക് പരിഹാരമൊരുക്കി അത്ഭുത ബിഎംഡബ്ല്യൂ വരാൻ പോകുകയാണ്. അതിന് വേണ്ടിയുള്ള പുതിയ ടെക്‌നോളജി തയ്യാറാക്കുന്നുണ്ടെന്നാണ് കമ്പനി പ്രസ്താവിച്ചിരിക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ നിങ്ങളുടെ സ്മാർട്ട് വാച്ചിനോട് പറഞ്ഞാൽ കാർ സ്വയം പാർക്ക് ചെയ്തു കൊള്ളും. തിരിച്ച് വരുമ്പോൾ സ്വയം ആളെ കയറ്റാനും ഈ കാറിനാകും....!!.

ഇതുപ്രകാരം നാം സ്മാർട്ട് വാച്ചിന് കമാൻഡ് കൊടുക്കുമ്പോൾ കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് നിന്നും സ്വയം നീങ്ങി വാതിലിനടുത്തേക്കെത്തും. തുടർന്ന് നിങ്ങൾക്കതിൽ കയറിയിരുന്നാൽ മതി. റിമോട്ട് വാലറ്റ് പാർക്കിങ് അസിസ്റ്റന്റ് എന്നാണ് പുതിയ സാങ്കേതികവിദ്യ അറിയപ്പെടുന്നത്. മ്യൂണിച്ച് കേന്ദ്രമാക്കിയുള്ള ബിഎംഡബ്യൂവിന്റെ ഐ3 വെഹിക്കിളിൽ ഇത് പരീക്ഷിക്കാനൊരുങ്ങുകയാണ്. ജിപിഎസിന് പകരമായി ഈ സാങ്കേതികവിദ്യയിൽ കാറിലെ നാല് ലേസർ സ്‌കാനറുകളാണുപയോഗിക്കുന്നത്. ഇതിലൂടെ നാവിഗേഷന് വേണ്ടി ബിൽഡിംഗിന്റെ ഒരു വെർച്വൽ മാപ്പ് ക്രിയേറ്റ് ചെയ്യപ്പെടുന്നു. കാർപാർക്കിങ് ഏരിയക്കടുത്തെത്തുമ്പോൾ ഡ്രൈവർ കാറിൽ നിന്നിറങ്ങി ഈ ഫീച്ചർ ആക്ടിവേറ്റ് ചെയാൽ മാത്രം മതി.

തുടർന്ന് പാർക്കിങ് ഏരിയയുടെ ഘടന കാറിന് മനസ്സിലാകുകയും പാർക്കിങ് സാധ്യമാകുകയും ചെയ്യുന്നു. പാർക്കിങ് സ്ഥലത്ത് എവിടെയാണ് കാലിയായ സ്ഥലമുള്ളതെന്ന് തിരിച്ചറിയാനും അതിനനുസരിച്ച് സ്വയം പാർക്ക് ചെയ്യാനും ഇതിലൂടെ കാറിന് സാധിക്കുമെന്നാണ് ഇതിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. പാർക്കിങ് സ്ഥലത്തെ തടസ്സങ്ങൾ തിരിച്ചറിയാനായി 360 ഡിഗ്രി കോളിഷൻ അവോയ്ഡൻസ് പോലുള്ള സാങ്കേതികവിദ്യകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർക്കിംഗിനിടെ എന്തെങ്കിലും തടസ്സങ്ങൾ തിരിച്ചറിയുകയാണെങ്കിൽ കാർ ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യപ്പെടും. എന്നാൽ ഈ ഫീച്ചർ എപ്പോൾ വിപണിയിലെത്തുമെന്ന് ബിഎംഡബ്ല്യൂ വ്യക്തമാക്കിയിട്ടില്ല.