ടാൻസാനിയ: കടത്തുവള്ളം മറിഞ്ഞ് 40 പേർ മരിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ ടാൻസാനിയയിൽ നിന്നും വരുന്നത്. 100 പേരെ മാത്രം വഹിക്കാൻ ശേഷിയുള്ള കടത്തു വള്ളത്തിൽ 400 പേർ സഞ്ചരിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ വ്യാഴാഴ്‌ച്ചയാണ് അപകടമുണ്ടായത്. സംഭവത്തിൽ 40 പേർ മരിച്ചുവെന്ന് സർക്കാർ വക്താവ് അറിയിച്ചു.

സംഭവം നടന്ന് നിമിഷങ്ങൾക്കകം ആളുകൾ വെള്ളത്തിൽ നിന്നും ജീവൻ രക്ഷിക്കാനായി വെപ്രാളപ്പെടുന്നതും രക്ഷാപ്രവർത്തകർ വെള്ളത്തിലേക്ക് ചാടുന്നതുമായ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ടാൻസാനിയയിലെ ബുഗോളോറ, ഉക്കാറ എന്നീ ദ്വീപുകൾക്കിടയിൽ യാത്രക്കാരുമായി സഞ്ചരിക്കുന്നതിനിടെയാണ് കടത്തുവള്ളം മറിഞ്ഞത്. ഇതിൽ 105 പേരെ മാത്രം ഉൾക്കൊള്ളിക്കാനായി നിർമ്മിച്ച വള്ളമായിരുന്നെന്നും
ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.

40 പേർ മരിച്ചുവെന്നും 200 പേരെ തടാകത്തിൽ കാണാതായെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇവിടെ വെള്ളത്തിൽ വീണവർക്കായി തിരച്ചിൽ തുടരുകയാണ്. മരണ സംഖ്യ ഉയരാനാണ് സാധ്യത. സംഭവ സ്ഥലത്ത് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ 20ൽ അധികം ആളുകളെ രക്ഷിച്ചെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. 2012ൽ ഇന്ത്യൻ മഹാ സമുദ്രത്തിൽ സമാന രീതിയിൽ വള്ളം മറിഞ്ഞ് 145 പേർ പേർ മരിച്ച സംഭവമുണ്ടായിരുന്നു.