കോതമംഗലം: എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിൽ ബോട്ടിങ്ങിന് തുടക്കമായി. ബോട്ട് സർവ്വീസുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ പ്രമുഖ സ്ഥാനം ലഭിക്കത്തക്ക വിധമുള്ള പദ്ധതികളാണ് ഭൂതത്താൻകെട്ടിൽ നടപ്പാക്കി വരുന്നതെന്ന് എം എൽ എ പറഞ്ഞു.

വിനോദ സഞ്ചാരികൾക്ക് താമസിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ,ബോട്ടിങ്ങിന് പുറമെ കയാക്കിങ്ങ് ഉൾപ്പെടെ ഒട്ടനവധി ജല കേളികൾ,രണ്ട് ട്രീ ഹൗസുകൾക്ക് പുറമെ താമസത്തിന് കോട്ടേജുകളും ലഭ്യമാണെന്നും എം എൽ എ കൂട്ടിച്ചേർത്തു.ഭൂതത്താൻകെട്ടിൽ ഇപ്പോൾ 10 ബോട്ടുകൾക്കാണ് സർവ്വീസ് അനുമതി ലഭിച്ചിട്ടുള്ളത്.ഇതിൽ നാല് വലിയ ഹൗസ് ബോട്ടുകളും,ആറ് ചെറിയ ബോട്ടുകളുമാണുള്ളത്.

രാവിലെ 8 ന് ആരംഭിക്കുന്ന സർവ്വീസ് വൈകിട്ട് 5 വരെയുണ്ടാകും.കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് വലിയ ബോട്ടിൽ 30 മുതൽ 50 ആളുകൾക്ക് വരെ യാത്ര ചെയ്യാം.ചെറിയ ബോട്ടുകളിൽ പത്ത് പേർക്കു വരെ സഞ്ചരിക്കാം.ഇപ്പോൾ തട്ടേക്കാട്, ഞായപ്പിള്ളി എന്നീ രണ്ട് ഭാഗങ്ങളിലേക്കാണ് സർവ്വീസ് നടത്തുന്നത്.

പെരിയാറിന്റെ മടിത്തട്ടിലൂടെ കാടിനെ അറിഞ്ഞുള്ള യാത്രയാണ് സഞ്ചാരികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു.ബിജു പി നായർ പി പി ഏലിയാസ്,പി എൻ ജോസ്,ജോബി വാവച്ചൻ, ജെയ്‌സൺ ബേബി,ബെസ്സി കുര്യാക്കോസ്,റിജോ തേക്കുംകാട്ടിൽ, പ്രിൻസ് മാത്യൂ,റോയി ജോസഫ് തുടങ്ങിയവരും ആദ്യ യാത്രയിൽ പങ്കാളികളായി.