- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെക്ക് ഡാമിലെ മോട്ടോർ തകരാറ് മൂലം വെള്ളം ഒഴുകി പോയി; ഭൂതത്താൻ അണക്കെട്ടിൽ ബോട്ടിങ് മുടങ്ങി; വിനോദ സഞ്ചാരികൾക്ക് നിരാശ
കോതമംഗലം: ഭൂതത്താൻകെട്ടിൽ ചെക്കുഡാമിന്റെ ഷട്ടർ ഉയർത്തുന്നതിനിടെ മോട്ടോർ തകരാറിലായി. വെള്ളം ഒഴുകി പോയതിനെത്തുടർന്ന് ബോട്ടിങ് മുടങ്ങി. വിനോദ സഞ്ചാരികൾക്ക് കടുത്ത നിരാശ. ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ ഒരാഴ്ച മുമ്പ് തുറന്നിരുന്നു. ജലനിരപ്പ് ക്രമാതീതമായി താഴുകയും ചെയ്തിരുന്നു.എല്ലാവർഷും ഈ സമയത്ത് ഡാം തുറക്കുക പതിവാണ്.ഈ സമയത്ത് ഇവിടെ ബോട്ടിങ് നിലച്ചിരുന്നു.
ഇതിന് പരിഹാരമെന്ന നിലയിൽ ഈ വർഷം ജലാശയത്തിന്റെ സമീപം ചെക്കുഡാം നിർമ്മിയിക്കുകയും വെള്ളം ശേഖരിക്കുകയും ചെയ്തിരുന്നു. ഇതുമൂലം ഡാം തുറന്നിട്ടും ഇവിടെ ബോട്ടിങ് സാധ്യമാവുകയും ചെയ്തിരുന്നു. ഇന്നലെ ജലാശയത്തിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതിനാൽ തീരത്ത് കുടിവെള്ള പദ്ധതികൾക്കായി സ്ഥാപിച്ചിരുന്ന കിണറുകളിലും ജലനിരപ്പ് താഴ്ന്നിരുന്നു. പമ്പിങ് മുടങ്ങുന്ന സ്ഥിതിയിലേയ്ക്ക് എത്തിയതോടെയാണ് ചെക്കുഡാമിൽ നിന്നും ജലാശയത്തിലേയ്ക്ക് വെള്ളം തുറന്നുവിടുന്നതിന് അധികൃതർ തീരുമാനിച്ചത്.
ചെക്കുഡാമിന്റെ ഷട്ടർ ഉയർത്തി വെള്ളം ഒഴുക്കി നിശ്ചിത സമയം കഴിഞ്ഞ് താഴ്‌ത്താൻ ശ്രമിച്ചപ്പോഴാണ് മോട്ടോർ തകരാറിലായത്. ഷട്ടർ ഉയർത്താനും താഴ്‌ത്താനും പറ്റാത്ത സ്ഥിതിയായി. ഇതോടെ ചെക്ക് ഡാമിലെ വെള്ളം ഒട്ടുമുക്കാലും ഒഴുകിപ്പോയി. തടാകം വറ്റിയതോടെ ഇവിടുത്തെ ബോട്ടിങ് നിലച്ചിരിക്കുകയാണ്. ബോട്ടിങ് ലക്ഷ്യമിട്ടെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇത് തിരിച്ചടിയായി.
ചെക്കുഡാമിന്റെ ഷട്ടർ എത്രയും വേഗം നന്നാക്കി, ബോട്ടിങ് ആരംഭിക്കണമെന്നുള്ള ആവശ്യം ശക്തമായിട്ടുണ്ട്. മുന്നറിയിപ്പില്ലാതെയാണ് ചെക്കുഡാമിലെ വെള്ളം തുറന്നുവിട്ടതെന്നും ആക്ഷേപവും ഉയർന്നിട്ടുണ്ട്. വെള്ളം അതിവേഗത്തിൽ ഒഴുകിയതോടെ തടാകത്തിലുണ്ടായിരുന്ന ബോട്ടുകൾ മറിയുകയും വെള്ളത്തിൽ മുങ്ങുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ലേഖകന്.