ലൂസിയാന: ഇന്ത്യൻ വംശജനും ലൂസിയനാന ഗവർണറുമായ ബോബി ജിൻഡാൽ അമേരിക്കൻ പ്രസിഡന്റ് മത്സരരംഗത്തുനിന്നും പിന്മാറുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ പ്രളയത്തിനിടയിൽ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാൻ കഴിയാത്തതിനെ തുടർന്നാണ് മാസങ്ങൾ നീണ്ട പ്രചാരണങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പ്രഖ്യാപനമായത്.  കഴിഞ്ഞ മൂന്നുമാസമായി ചൂടേറിയ വാഗ്‌വാദങ്ങളും, തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും വിരാമമിടുന്നതായി ജിൻഡാൽ പറഞ്ഞു. നാൽപ്പത്തിനാലുകാരനായ ജിൻഡാൽ ലൂസിയാന ഗവർണർ പദവിയിൽ തുടർച്ചയായി രണ്ടു ടേം പൂർത്തിയാക്കി. ഈ വർഷാവസാനം അദ്ദേഹം പദവി ഒഴിയും.

നവംബർ 18നു അയോവ സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താനിരിക്കെയുള്ള ജിൻഡാലിന്റെ അപ്രതീക്ഷിത പ്രഖ്യാപനം പ്രവർത്തകരെ നിരാശപ്പെടുത്തി. ഫോക്‌സ് ഫോർ സ്റ്റുഡോയിയിൽ പത്‌നി സുപ്രിയയുമൊത്താണു ജിൻഡാൽ ഔദ്യോഗിക പിൻവാങ്ങൽ പ്രഖ്യാപിക്കാൻ എത്തിയത്. ജിൻഡാലിന്റെ മുഖ്യ ഉപദേശകൻ കർട്ട ആഡേഴ്‌സും ഒപ്പമുണ്ടായിരുന്നു. ഉദ്ദേശിച്ച രീതിയിൽ ജനപിന്തുണ നേടാൻ സാധിച്ചില്ലെന്നും അതിനാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയാണെന്നുമാണ് ജിൻഡാൽ പ്രഖ്യാപിച്ചത്.

ലൂസിയാന ഗവർണറായി ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും യു.എസ് കോൺഗ്രസ് അംഗമായും, 2007ൽ മുപ്പത്താറാം വയസിൽ ഗവർണറായും ജിൻഡാൽ തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്ത്യൻ വിഭാഗത്തിന്റെ മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് ഇറക്കിയ ജിൻഡാൽ സ്വർഗ വിവാഹത്തിനെതിരേ ശക്തമായ നിലപാടാണു സ്വീകരിച്ചിരുന്നത്.

ഈ വർഷം അവസാനം ഗവർണർ കാലാവധി അവസാനിക്കുന്ന ജിൻഡാൽ തന്റെ സഹപ്രവർത്തകരുമായി ആലോചിച്ച് ഭാവി പരിപാടികൾ നിശ്ചയിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രൈമറി വോട്ടിംഗിലേക്ക് എത്തും മുമ്പ് പ്രചാരണം അവസാനിപ്പിക്കുന്ന ഗവർണർ പദവിയിലെ പരിചയമുള്ള മൂന്നാമത്തെയാളാണ് ജിൻഡാൾ. ടെക്‌സാസ് മുൻ ഗവർണർ റിക്ക് പെറി, വിസ്‌കോൻസിൻ ഗവർണർ സ്‌കോട്ട് വാക്കർ എന്നിവർ സെപ്റ്റംബറിൽ മത്സരരംഗത്തു നിന്ന് പിന്മാറിയിരുന്നു.