കോഴിക്കോട്: ഓക്‌സിജൻ സിറ്റിയെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. തിരൂരിലെ ജ്യൂലറിയിലെ ആത്മഹത്യയേയും ബോബി ചെമ്മണ്ണൂർ ഓർക്കുന്നില്ല. ഇതെല്ലാം മാധ്യമങ്ങളുണ്ടാക്കിയ വിവാദങ്ങളാണോ? സോഷ്യൽ മീഡിയ ധൈര്യപൂർവ്വം ഏറ്റെടുത്ത വിഷയങ്ങൾ. അങ്ങനെ സോഷ്യൽ മീഡിയയിൽ അടുത്തകാലത്ത ഏറ്റവുംകൂടുതൽ വിവാദങ്ങളിൽപെട്ട വ്യകതിയാണ് ചെമ്മണ്ണുർ ഗ്രൂപ്പ് ജൂവലറി ഉടമ ബോബി ചെമ്മണ്ണുർ. കോടികളുടെ പരസ്യം നൽകി മാധ്യമങ്ങളുടെ വായ അടപ്പിക്കുകയാണ് ബോബിയുടെ രീതി. പക്ഷേ ഈയിടെ പ്രതീക്ഷിക്കാത്ത ഒരു അടി ബോബിക്ക് മീഡിയയിൽ നിന്ന് കിട്ടി. മുതലാളിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്തുള്ള അടി. ഇത്തരത്തിലൊന്ന് മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് ബോബി പ്രതീക്ഷിച്ചില്ല.

ഒരു ചാനൽ ബോബി ചെമ്മണൂർ ഗ്രൂപ്പിന്റെ വിറ്റുവരവ് 64 കോടി രൂപയാണെന്നാണ വാർത്ത നൽകിയത്. യഥാർത്ഥത്തിൽ 2500 കോടി രൂപ വിറ്റുവരവും 1550 കോടി രൂപയുടെ ആസ്തിയുമുള്ള ഗ്രൂപ്പിനാണ് 64 കോടി രൂപ വിറ്റുവരവ് ആ ചാനൽ കാണിച്ചത്. ഇതോടെ കമ്പനിയുടെ ഷെയർ ഹോൾഡേഴ്സിലും ഉപഭോക്താക്കളിലും തെറ്റിദ്ധാരണ പരക്കുകയും കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ നഷടം സംഭവിക്കുകയും ചെയ്തത്രെ. ഇതെല്ലാം പറയുന്നത് സാക്ഷാൽ ബോബി ചെമ്മണൂർ തന്നെയാണ്. രക്തദാനത്തിന്റെ മഹത്വം വിശദീകരിച്ച് നടത്തിയ ഓട്ടത്തിലൂടേയും മറ്റും നേടിയെടുത്ത സൽപ്പേരെല്ലാം ഈ വാർത്തയോടെ പോയെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കത്ത് എഴുത്ത്. ഒറ്റ കത്തോടെ മാധ്യമങ്ങൾ മുഴുവൻ തനിക്ക് പിന്നിൽ അണിനിരക്കുമെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ പ്രതീക്ഷ.

ബോബി തന്നെ സഹായിക്കണമെന്ന് പറഞ്ഞ മാധ്യമങ്ങളുടെ ബ്യൂറോ ചീഫുമാർക്ക് എഴുതിയ കത്തിലാണ് ഇക്കാര്യങ്ങൾ വ്യകതമാക്കുന്നത്. ഞങ്ങളുടെ എല്ലാ വളർച്ചയ്ക്കും ഏറ്റവും വലിയ പങ്ക് വഹിച്ചത് മീഡിയയാണ്. അതിന് എല്ലാ കാലത്തും നന്ദിയും കടപ്പാടും തനിക്കുണ്ട്. എന്നാൽ തന്റെ ഒരു ഷോറൂമിന്റെ മാത്രം വിറ്റുവരവായിരുന്നു 64 കോടി എന്നത്. തന്നെ തകർക്കാൻ ക്വട്ടേഷൻ ഏറ്റെടുത്തിട്ടുള്ള തന്റെ കുടുംബത്തിൽ തന്നെയുള്ള ഒരാളാണ് 64 കോടി മൊത്തം വിറ്റുവരവായി കാട്ടി ചാനലിൽ വാർത്ത നൽകിയത്. തന്റെ ഗ്രൂപ്പിനെ അടച്ചുപൂട്ടിക്കാനും നശിപ്പിക്കാനും വേണ്ടി കുറച്ചു കാലമായി ഈ വ്യക്തി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചാനലുകാർ തെറ്റിദ്ധരിപ്പിക്കപ്പെട്ട് ആ വാർത്ത നൽകുകയും ചെയ്തു.

ഇതുകൊണ്ട് കോടിക്കണക്കിന് രൂപയുടെ നഷടമാണ് കമ്പനിക്ക് സംഭവിച്ചതെന്ന് ബോബി കത്തിൽ പറയുന്നു. വളരെ സത്യസന്ധമായി ബിസിനസ്സ് ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിയാണ് താൻ. അതുകൊണ്ട് തന്നെ മീഡയ ഒരിക്കലും എനിക്കെതിരെ തെറ്റായ വാർത്ത കൊടുക്കാറില്ല. ഗ്രൂപ്പിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളിൽ ഇതുവരെ ആർക്കും പരാതിയില്ല. അങ്ങനെയുള്ള ഒരവസ്ഥയിൽ ഈ ഒരു വാർത്തയുടെ ഫലമായി എന്റെ വ്യക്തിത്വത്തിനും എനിക്ക് സമൂഹത്തിലുമുള്ള വിശ്വാസ്യതയ്ക്കും വലിയ കോട്ടം സംഭവിച്ചു. ഒറ്റ ദിവസം കൊണ്ട് ഞാനൊരു കള്ളനായി മാറി. എന്റെ ജീവിതത്തിൽ ഒരു രൂപ പോലും ഞാൻ മോഷ്ടിച്ചിട്ടില്ല. 100 കോടിയോളം രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ച വ്യക്തിയാണ് ഞാൻ. കൊടുത്തിട്ടേ ഉള്ളു.

ഒന്നും ആരിൽ നിന്നും വാങ്ങിയിട്ടുമില്ലെന്നും ബോബി പറയുന്നു. നിയമപ്രകാരമാണ് ഞാൻ ബിസിനസ്സ് ചെയ്യുന്നത്. ടാറ്റ, കല്ല്യാൺ മുതലായവരൊക്കെ ചെയ്യുന്നതുപോലെ തന്നെയാണ് ഗോൾഡ് പർച്ചേസ് പ്ലാൻ നടത്തുന്നത്. നിയമപ്രകാരം ഏതൊരു പൗരനും സ്വർണ്ണമോ മറ്റെന്തു തന്നെയും വാങ്ങാൻ അഡ്വാൻസ് ചെയ്യാം എന്നിരിക്കെ എന്നെ മാത്രം തിരഞ്ഞ് പിടിച്ച് ഞാൻ തട്ടിപ്പ് നടത്തുന്നു എന്ന് പറയുന്നതിന്റെ ഉദ്ദേശമെന്താണെന്ന് മനസ്സിലാവുന്നില്ല. ഒരാൾക്കും ഒരുപദ്രവവും ഇതുവരെ ചെയ്തിട്ടില്ല. തട്ടിപ്പിനിരയായ ഒരാളെയെങ്കിലും കാണിച്ചു തരാമെങ്കിൽ ഞാൻ എന്റെ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടി താക്കോൽ നിങ്ങളുടെ കയ്യിൽ തരാമെന്നും മാധ്യമപ്രവർത്തകരോട് ബോബി പറയുന്നുണ്ട്.

വ്യക്തിപരമായി എന്നെക്കുറിച്ച് ഫ്രീക്ക് ഔട്ട് എന്നോ മറ്റെന്തെങ്കിലുമൊക്കെ പറയുമായിരിക്കും. പക്ഷെ സാമ്പത്തിക മേഖലയിൽ ഇന്നുവരെ ഒരു രൂപ പോലും ഒരാളെയും പറ്റിച്ചിട്ടില്ല. എന്നിരിക്കെ മീഡിയയിൽ തനിക്കെതിരെ തെറ്റായി വന്ന വാർത്ത മൂലം ഞങ്ങളുടെ ഗ്രൂപ്പിന് ഒരുപാട് വിഷമതകൾ നേരിടേണ്ടിവന്നു. ഈ കത്ത് ഒരു പരാതിയായി കണക്കാക്കരുതെന്നും ബോബി പറയുന്നു. ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള ഊമക്കത്തുകളോ പ്രചരണങ്ങളോ അതുപോലെയുള്ള മെസ്സേജുകളോ വന്നാൽ ഞങ്ങളുമായി ഒന്ന് ബന്ധപ്പെട്ട് വിലയിരുത്തി യാഥാർത്ഥ്യം മനസ്സിലാക്കി മാത്രമെ തുടർ നടപടികൾ നടത്താവൂ എന്ന് വിനയപൂർവ്വം അപേക്ഷിക്കുകയാണ്.

സത്യസന്ധമായ എന്ത് വാർത്തയുണ്ടെങ്കിലും നിങ്ങൾ കൊടുത്തുകൊള്ളു. ഞാൻ സ്വാധീനിക്കാൻ ശ്രമിക്കില്ല. ചെയ്യാത്ത കുറ്റത്തിന് എന്നെ ശിക്ഷിക്കരുതെന്നും ബോബി പറയുന്നു. ഈ അവസ്ഥയിൽ എന്റെ നിരപരാധിത്വം തുറന്നുകാണിക്കാൻ എന്തെങ്കിലും സഹായം ചെയ്തു തരാൻ സാധിക്കുമെങ്കിൽ ഉപകാരമെന്നും പറയുന്ന ബോബി സ്നേഹം കൊണ്ട് ലോകം കീഴടക്കുക എന്ന പതിവ് ആഹ്വാനത്തോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്.