പാം ബീച്ച് (ഫ്ളോറിഡ): ബിഗ് കൊണ്ടി എന്ന പേരിൽ അറിയപ്പെടുന്ന് ചാമ്പ്യൻ ബോഡി ബിൽഡർ ഡാളസ്സ് മക്കാർവർ (26) ഫ്ളോറിഡായിലുള്ള സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഓഗസ്റ്റ് 21 തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടിലെത്തിയ കൂട്ടുകാരിയാണ് മക്കാർവർ അബോധാവസ്ഥയിൽ കിടക്കുന്നത് ആദ്യമായി കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിങ്കളാഴ്ച ഫോണിൽ വിളിച്ചു ഡിന്നർ തയ്യാറാക്കുകയാണെന്ന് മക്കാർവർ പറഞ്ഞിരുന്നതായി കൂട്ടുകാരിയും ഗുസ്തിക്കാരിയുമായ ഡാൻ ബ്രൂക്ക് അറിയിച്ചു. അവസാനമായി മക്കാർവർ തന്നോട് 'ഗുഡ് ബൈ' പറഞ്ഞുവെന്നും ഡാൻ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ജിമ്മിൽ പ്രാക്ടീസ് ചെയ്യുന്ന വീഡിയൊ മക്കാർവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയതാകാം മരണ കാരണമെന്ന് മക്കാർവറിന്റെ റൂം മെയ്‌റ്റ് അഭിപ്രായപ്പെട്ടു. അടുക്കളയിൽ മുഖം താഴെയായി ചലനമറ്റ രീതിയിലായിരുന്നു മക്കാർവർ കിടന്നിരുന്നതെന്നും പറയപ്പെടുന്നു.