ബോഡി ക്ലോക്ക് അഥവാ ജൈവ ഘടികാരം എന്ന് കേട്ടിട്ടുണ്ടോ ? നിങ്ങളുടെ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളും, മുൻകൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരം മുൻപോട്ട് കൊണ്ടുപോകുന്നത് ജൈവഘടികാരത്തിന്റെ സ്പന്ദനങ്ങളാണ്. നിങ്ങൾ ദീർഘദൂര വിമാനയാത്രകഴിഞ്ഞിറങ്ങുമ്പോൾ സംഭവിക്കുന്ന ജെറ്റ് ലാഗിനു കാരണം ഈ ജൈവ ഘടികാരത്തിലെ സമയം, പുറത്തെ സമയവുമായി പൊരുത്തപ്പെടാത്തതുകൊണ്ടാണ്. നിങ്ങളുടെ ഭക്ഷണം, ഉറക്കം, ലൈംഗികത ഇവയെല്ലാം നിയന്ത്രിക്കുന്നത് ജൈവഘടികാരം തന്നെയാണ്.

നമ്മുടെ ജീവിതത്തിന്റെ താളം ക്രമീകരിക്കുന്നത് ഈ ജൈവ ഘടികാരമാണ്. നമ്മൾ എത്രത്തോളം വ്യക്തതയോടെ ചിന്തിക്കുന്നു എന്നതു മുതൽ നമ്മുടെ ദഹനവ്യുഹം അടുത്ത ഭക്ഷണം സ്വീകരിക്കാൻ എപ്പോൾ തയ്യാറാകുന്നു എന്നതുവരെ എല്ലാം നിയന്ത്രിക്കുന്നത് ഇതു തന്നെയാണ്. നമുക്ക് രോഗങ്ങൾ പിടിപെടുന്നത് എപ്പോഴെന്നോ, മാംസപേശികൾ എപ്പോൾ ദൃഢമാകണമെന്നോ ഒക്കെനിശ്ചയിക്കുന്നതും അദൃശ്യമായ ഈ ഘടികാരമാണ്. നമ്മുടെ ലൈംഗിക ശേഷിയേയും മുൻഗണനകളേയും വരെ ഇത് സ്വാധീനിക്കും. മാത്രമല്ല, നമ്മുടെ ആശയവിനിമയ കഴിവിനേയും മറ്റു നൈപുണികളേയും ഉണർത്തുന്നതും ഇതാണ്.

ഇതിനെ കുറിച്ചുള്ള പഠനങ്ങൾ ഇപ്പോൾ പല പാശ്ചാത്യ യൂണിവേഴ്സിറ്റികളിലും പുരോഗമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി, നമ്മുടെ ആരോഗ്യത്തെ കൂടുതൽ മെച്ചപ്പെടുത്താൻ ജൈവഘടികാരത്തെ എങ്ങനെ കൂടുതൽ കൃത്യതയുള്ളതാക്കാം എന്നതിനെ കുറിച്ചുള്ള ചില പഠന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. നിങ്ങളുടെ ജൈവ ഘടികാരത്തെ മെച്ചപ്പെടുത്താൻ ദൈന്യദിനേന ചെയ്യേണ്ട നാലു കാര്യങ്ങളാണ് ഇതിന്റെ ഭാഗമായി ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശരീരത്തിന്റെ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനത്തിനായി നമ്മുടെ ജൈവ ഘടികാരത്തെ എല്ലാ ദിവസവും റീസെറ്റ് ചെയ്യേണ്ടതുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജൈവഘടികാരത്തിലെ സമയവും ബാഹ്യ സമയവും തമ്മിൽ ഒത്തുപോകേണ്ടതുണ്ട്. അതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ദിവസവും അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഉദയത്തിനു ശേഷവും അസ്തമനത്തിനു മുൻപുമായി ശരീരത്തെ വെയിൽ കൊള്ളിക്കുക എന്നതാണ്.

കിടന്നതിനു ശേഷം ഉറങ്ങുന്നതിനു മുൻപായി സ്മാർട്ട്ഫോൺ, ഐ പാഡ് എന്നിവ ഉപയോഗിക്കുന്ന ശീലമുണ്ടെങ്കിൽ അതിൽ നിന്നും വരുന്ന പ്രകാശം ജൈവഘടികാരത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അതിന്റെ സമയക്രമീകരണത്തെ തെറ്റിക്കുമെന്നും ഒരു വാദം ഉയർന്നിരുന്നു. യഥാർത്ഥത്തിൽ ഇവയിൽ നിന്നൊക്കെ വരുന്ന പ്രകാശം, ഏറ്റവും കുറഞ്ഞ പകൽ വെളിച്ചത്തേക്കാൾ വളരെ കുറവാണ് അതുകൊണ്ടു തന്നെ ഇവയ്-ക്ക് നിങ്ങളുടെ ജൈവഘടികാരത്തെ സ്വാധീനിക്കാൻ കഴിയില്ല.

ഇത്തരത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ശീലമാക്കിയവർക്ക് ഏതാനും മിനിറ്റുകൾ മാത്രമാണ് ഉറക്കം വൈകുന്നത്. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ എറെ വേവലാതി വേണ്ട എന്ന് ഗവേഷകർ പറയുന്നു. സ്മാർട്ട് ഫോൺ പോലുള്ളവ ഉപയോഗിക്കുന്ന നേരത്ത് മനസ്സ് കൂടുതൽ ജാഗരൂകമാകുന്നതിനാലാണ് ഉറക്കം വൈകുന്നതെന്നും അവർ പറയുന്നു. ഇത്തരം ഉപകരണങ്ങളിൽ നിന്നുള്ള നേരിയ പ്രകാശത്തിന് നിങ്ങളുടെ ജൈവഘടികാരത്തെ സ്വാധീനിക്കാൻ കഴിയില്ല.

അതുപോലെ പ്രവർത്തി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഉറക്കത്തിനായി കൃത്യമായ ഒരു സമയപ്പട്ടിക കാത്തു സൂക്ഷിക്കുക. ഇത് നിങ്ങളുടെ ജൈവ ഘടികാരത്തിന്റെ കൃത്യത വർദ്ധിപ്പിക്കാൻ സഹായിക്കും. ആധുനിക മനുഷ്യന്റെ പുതിയ വിചാരങ്ങളിൽ ഒന്നാണ് ചെയ്യുവൻ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും ഏത് സമയത്തും ചെയ്യാൻ കഴിയുമെന്നത്. എന്നാൽ ഇത് തികച്ചും തെറ്റായ ഒരു ധാരണയാണെന്നാണ് ഗവേഷകർ പറയുന്നത്. രത്രികാലങ്ങളിലെ ഷിഫ്റ്റ് ഉറക്കത്തെ മാത്രമല്ല, നമ്മുടെ ജൈവ ഘടികാരത്തിന്റെ പ്രവർത്തനങ്ങളേയും തടസ്സപ്പെടുത്തുന്നു.

നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എപ്പോഴും ചെയ്യാൻ ആയെന്നു വരില്ല. അതിന് നമ്മുടെ ശരീരം തയ്യാറാകണം. അതിനായി ആയിരക്കണക്കിന് ജീനുകൾ സജീവമാവുകയും നിർജ്ജീവമാകുകയും വേണം,അതും കൃത്യമായ ഒരു ക്രമത്തിൽ. പ്രോട്ടീനുകൾ, എൻസൈമുകൾ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് മറ്റു ധാതുക്കൾ എന്നിവ ആഗിരണം ചെയ്യപ്പെടുകയും അവയെല്ലാം വിഘടിക്കപ്പെടുകയും ഊർജ്ജം ഉദ്പാദിപ്പിക്കപ്പെടുകയും വേണം. വളർച്ച മുതൽ പ്രത്യൂദ്പാദനം വരെയുള്ള നമ്മുടെ ഓരോ പ്രവർത്തനങ്ങള്ക്കും ഇതെല്ലാം അനിവാര്യമാണ്. മാതമല്ല, ഇതെല്ലാം കൃത്യമായ സമയങ്ങളിൽ നടക്കുകയും വേണം. ഇതാണ് വളരെ കൃത്യതയോടെ നമ്മുടെ ജൈവ ഘടികാരം നിയന്ത്രിക്കുന്നത്.

മസ്തിഷ്‌കത്തിലെ സൂപ്രകിയാസ്മാറ്റിക് ന്യുക്ലിയസ്സുകളിലാണ് ഈ ഘടികാരം സ്ഥിതി ചെയ്യുന്നത് എന്ന് ഗവേഷകർ പറയുന്നു. തികച്ചും സ്വതന്ത്രമായി സ്പന്ദിച്ച് അവ 24 മണിക്കൂറും ഒരു താളം രൂപീകരിക്കുന്നു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു ഘടികാരത്തിന് നമ്മുടെ പഴയ ഘടികാരങ്ങളെ പോലെ ദിനേന വൈൻഡിങ് പോലുള്ള പ്രക്രിയകൾ ചെയ്യേണ്ടതുണ്ട്. എസ് സി എന്നിൽ ഉള്ളത് മാസ്റ്റർ ക്ലോക്ക് ആണെങ്കിൽ നമ്മുടെ കരൾ, മാംസപേശികൾ, പാൻക്രിയാസ് തുടങ്ങിയ, ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലേയും ഓരോ കോശങ്ങളിലും ചെറു ഘടികാരങ്ങൾ ഉണ്ട്. ഇതെല്ലാം മസ്തിഷ്‌കത്തിലെ പ്രധാന ക്ലോക്കുമായി തുലനാവസ്ഥയിൽ ആയിരിക്കണം.

ഈ ഘടികാരത്തിന്റെ കൃത്യത പരിപാലിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൂര്യോദയത്തിനു ശേഷവും അസ്തമനത്തിനു ശേഷവും ശരീരത്തെ വെയിൽ കൊള്ളിക്കുക എന്നത്. ഇതുവഴി പുറത്തെ സമയവുമായി ജൈവഘടികാരത്തിലെ സമയത്തിന് താദാത്മ്യം പ്രാപിക്കാൻ കഴിയും എന്ന് ഗവേഷകർ പറയുന്നു. അതുപോലെ ദിവസവും ഒരേ സമയത്ത് ഉറങ്ങുക, ഉണരുക, ഭക്ഷണം കഴിക്കുക തുടങ്ങിയ ശീലങ്ങളും ഈ ഘടികാരത്തിന് കൃത്യതയേകും.