- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റ് മോർട്ടം നടപടിയിലും അനാസ്ഥ; വിഷം ഉള്ളിൽചെന്നു മരിച്ച വൃദ്ധയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത് പോസ്റ്റ് മോർട്ടം ചെയ്യാതെ; സംസ്കാര ചടങ്ങുകൾക്കിടെ പൊലീസ് വന്ന് തിരികെ കൊണ്ടു പോയി; അന്വേഷിക്കുമെന്ന് ആശുപത്രി സൂപ്രണ്ട്
മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടപടിയിലും കടുത്ത അനാസ്ഥ. വിഷം ഉള്ളിൽ ചെന്നു മരിച്ച വൃദ്ധയുടെ മൃതദേഹം പോസ്റ്റുമോർട്ടമില്ലാതെ ബന്ധുക്കൾക്ക് വിട്ടു നൽകി. പിഴവ് മനസ്സിലായതിനെ തുടർന്ന് പൊലീസ് വിഷയത്തിൽ ഇടപെടുകയും സംസ്കാര ചടങ്ങുകൾക്കിടെ മൃതദേഹം ഏറ്റെടുത്ത് മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു.
പാണ്ടിക്കാട് തച്ചിങ്ങനാടം സ്വദേശി പള്ളിക്കരത്തൊടി കുഞ്ഞമ്മയുടെ മൃതദേഹമാണ് പോസ്റ്റുമോർട്ടമില്ലാതെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് വിട്ട് നൽകിയത്. കഴിഞ്ഞ മാസം 29 ന് വിഷം കഴിച്ച് ചികിത്സയിലായിരുന്ന കുഞ്ഞമ്മ ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. പതിനൊന്നു മണിയോടെ നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുകയായിരുന്നു.
വീട്ടിലെത്തിച്ച മൃതദേഹം സംസ്കരിക്കുന്നതിന് മുന്നോടിയായി അന്ത്യകർമ്മങ്ങൾ നടത്തുന്നതിനിടെയാണ് ആശുപത്രിയിൽ നിന്നും വിളിച്ച് മൃതദേഹം തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടത്. അൽപസമയത്തിനകം പൊലീസും സ്ഥലത്ത് എത്തുകയും മൃതദേഹം ഏറ്റെടുത്ത് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് തിരികെ പോകുകയും ചെയ്തു.
ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് സംഭവിച്ച വീഴ്ച്ചയാണ് മൃതദേഹം പോസ്റ്റുമോർട്ടമില്ലാതെ വിട്ടുകൊടുക്കാൻ കാരണമെന്നാണ് വിവരം.സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
അസ്വാഭാവിക മരണമുണ്ടായാൽ നിയമനടപടികൾ പൂർത്തിയാക്കേണ്ടതു സർക്കാരിന്റെ ചുമതലയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മൃതദേഹം ഉറ്റവർക്കും ഉടയവർക്കും എത്രയുംവേഗം കൈമാറണം. പോസ്റ്റ്മോർട്ടം നടത്താൻ വൈകുന്നത് മരിച്ചയാളുടെ അവകാശങ്ങളാണ് ലംഘിക്കുന്നത്.
അസ്വാഭാവികമായ മരണമാണെങ്കിൽ, മൃതദേഹം ഏറ്റുവാങ്ങാൻ മരിച്ചയാളുടെ ബന്ധുക്കളും അഭ്യുദയകാംക്ഷികളും പൊലീസ് സ്റ്റേഷനിലോ ആശുപത്രികളിലോ പോകേണ്ടതില്ല. സർക്കാർ ചെലവിൽ മൃതദേഹം മരിച്ചയാളുടെ വീട്ടിൽ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നിയമം. എന്നാൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരണം സംഭവിക്കുകയും പോസ്റ്റുമോർട്ടം നടത്താതെ, നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത് അധികൃതരുടെ കടുത്ത അനാസ്ഥയായാണ് വിലയിരുത്തപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ