ഡബ്ലിൻ: കുടിവെള്ളം മലിനപ്പെട്ടതിനെ തുടർന്ന് ഈസ്റ്റ് കോർക്കിൽ പതിനായിരത്തോളം കുടുംബങ്ങൾക്ക് ഐറീഷ് വാട്ടർ ബോയിൽ വാട്ടർ നോട്ടീസ് നൽകി. വെള്ളിയാഴ്ചയുണ്ടായ കനത്ത മഴയെത്തുടർന്നാണ് കുടിവെള്ളം മലിനപ്പെട്ടതെന്ന് ഐറീഷ് വാട്ടർ അറിയിപ്പിൽ വ്യക്തമാക്കി.

രണ്ടു മാസത്തിനുള്ളിലായി ഇതു മൂന്നാം തവണയാണ് ഈ മേഖലയിൽ താമസിക്കുന്നവർക്ക് ബോയിൽ വാട്ടർ നോട്ടീസ് അല്ലെങ്കിൽ കുടിവെള്ളം വേറെ വാങ്ങി ഉപയോഗിക്കാൻ മുന്നറിയിപ്പ് ലഭിക്കുന്നത്. ഈ മേഖലയിലെ കുടിവെള്ളം ദിവസേന പരിശോധിക്കുന്നുണ്ടെന്നും ഗുണനിലവാരം മെച്ചപ്പെടുന്നതു വരെ മുന്നറിയിപ്പ് തുടരുമെന്നും ഐറീഷ് വാട്ടർ വ്യക്തമാക്കി. അതേസമയം ഏതാനും ദിവസങ്ങൾ കൂടി ഇതു തുടരുമെന്നാണ് പറയപ്പെടുന്നത്.

കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും പല്ലുതേയ്ക്കാനും ഐസ് ഉണ്ടാക്കാനുമുള്ള വെള്ളം തിളപ്പിച്ചു തന്നെ ഉപയോഗിക്കണമെന്നാണ് അറിയിപ്പ്. അതേസമയം കുളിക്കുന്നതിനും ടോയ്‌ലറ്റ് ഫ്‌ലഷ് ചെയ്യുന്നതിനും മറ്റും വെള്ളം അതേപടി തന്നെ ഉപയോഗിക്കാം. മിഡ്ഡിൽടൺ സൗത്ത് ഈസ്റ്റ്, ബാലിനകോറ, ക്ലോയ്ൻ, അഘഡ, വൈറ്റ് ഗേറ്റ്, ബാലികോട്ടൺ, ചർച്ച്‌സ്ടൗൺ, ട്രോബോൾഗൻ, പരിസര പ്രദേശങ്ങൾ എല്ലാം നോട്ടീസ് മേഖലയിൽ പെടുന്നുണ്ട്.