തിരുവവന്തപുരം: കന്യാസ്ത്രിയെ വേശ്യയെന്ന് വിളിച്ച് അധിക്ഷേപിച്ച് പി.സി ജോർജ് എംഎ‍ൽഎയുടെ പ്രസ്തവനക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം. ഫ്രാങ്കോ മുളക്കൽ വിഷയത്തിൽ പരാതിയുമായി രംഗത്തെത്തിയ കന്യാസ്ത്രീയെ വേശ്യയെന്ന് പരിഹസിച്ച പി.സി ജോർജിന്റെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് 
ബോളിവുഡ്‌ നടി സ്വര ഭാസ്‌കർ. എംഎ‍ൽഎയുടെ വാക്കുകൾ ലജ്ജിപ്പിക്കുന്നതാണെന്നും ഛർദിക്കാൻ വരുന്നുവെന്നും സ്വര ട്വിറ്ററിൽ കുറിച്ചു.

സ്വരയുടെ വാക്കുകൾ:-

''ഇത് ലജ്ജാകരവും വെറുപ്പുളവാക്കുന്നതുമാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദ്രുവീകരണം സമൂഹത്തെ മലിനമാക്കുന്നു. ശരിക്കും ഛർദിക്കാൻ വരുന്നു.''

ട്വീറ്റിന് പിന്നാലെ സ്വരയെ അധിക്ഷേപിച്ച് സംവിധായകനും ബിജെപി അനുഭാവിയുമായ വിവേക് അഗ്‌നിഹോത്രി രംഗത്തെത്തി. മീടു പ്രാസ്റ്റിറ്റിയൂട്ട് എന്ന ഹാഷ്ടാഗിട്ട് എവിടെ പ്ലക്കാർഡ് എന്ന് വിവേക് ട്വീറ്റ് ചെയ്തു. ട്വീറ്റിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നു. കൂട്ടമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ട്വിറ്റർ ഇടപെട്ട് പോസ്റ്റ് പിൻവലിച്ചു. പിന്നാലെ ട്വിറ്ററിന് നന്ദി പറഞ്ഞ് സ്വര വീണ്ടുമെത്തി.

സ്ത്രീപക്ഷനിലപാടുകൾ കൊണ്ട് ശ്രദ്ധേയയായ നടിയാണ് സ്വര. മീ ടു ക്യാംപെയിന്റെ ഭാഗമായി സ്വര നടത്തിയ തുറന്നുപറച്ചിലുകൾ വലിയ ചർച്ചയായിരുന്നു. അതേസമയം കന്യാസ്ത്രീക്കെതിരായ അധിക്ഷേപത്തിൽ ദേശീയ വനിതാ കമ്മീഷൻ എംഎൽഎക്ക് സമൻസ് അയച്ചിട്ടുണ്ട്. ഈ മാസം 20ന് ജോർജ് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. കോട്ടയത്തുവച്ചാണ് പി സി ജോർജ് കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചത്.

കന്യാസ്ത്രിയെ അധിക്ഷേപിച്ച പി.സി ജോർജ് എംഎ‍ൽഎയെ റിപ്പബ്ലിക്ക് ചാനലിൽ നടത്തിയ ചർച്ചയിൽ ചാനൽ അവതാരിക വെള്ളം കുടിപ്പിച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. കന്യാസ്ത്രിക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്താൻ ജനപ്രതിനിധി എന്ന നിലയിൽ നിങ്ങൾക്ക് എങ്ങനെ സാധിച്ചു എന്നാണ് അവതാരിക ചോദ്യമുന്നയിച്ചത്. ഇതിന് പി.സി ജോർജ്   മറുപടി നിൽകാൻ തയ്യാറായില്ലായിരുന്നു. ഞാൻ സ്വതന്ത്ര ജനപ്രതിനിധിയാണെന്നും താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു എന്നായിരുന്നു പി.സിയുടെ മറുപടി. എന്നാൽ അവതാരിക പി.സിയെ വാരിക്കുടയുന്ന ചോദ്യങ്ങളാണ് ചോദിച്ചത്.

12 തവണ പീഡിപ്പിച്ചപ്പോൾ ആസ്വദിച്ചെന്നും 13-ാം തവണ പരാതി നൽകാനായി എത്തിയ കന്യാസ്ത്രീയെ കന്യകയാണോ എന്ന് പരിശോധിക്കണമെന്നും കന്യാസ്ത്രീ വേശ്യയാണെന്നുമായിരുന്നു പി.സി ജോർജിന്റെ പ്രതികരണം. ഇതിനെതിരെ സോഷ്യൽ മീഡിയ ശക്തമായ ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ്. വായടയ്ക്കടാ പി.സി എന്ന ഹാഷ് ടാഗോടെ പി.സിക്കെതിരെ ക്യാമ്പയിനുമായി സോഷ്യൽ മീഡിയ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്.

എന്നാൽ വനിതാ കമ്മീഷൻ സമൻസിനെ പരിഹസിച്ച് പി.സി ജോർജ് രംഗത്തെത്തുകയും ചെയ്തു. വനിതാ കമ്മീഷൻ അധ്യക്ഷ ആരാണെന്നും വണ്ടിക്കൂലി തന്നാൽ താൻ പോകുമെന്നുമായിരുന്നു പി.സിയുടെ പ്രതികരണം. എന്നാൽ ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്തുകൊണ്ടുപോകുമെന്നും പിന്നാലെ വനിതാ കമ്മീഷൻ നിലപാട് വ്യക്തമാക്കി.