മുംബൈ: മീ ടു ക്യാംപയിനിലൂടെ തങ്ങൾ നേരിട്ട ലൈംഗിക ചൂഷണം നടിമാർ തുറന്ന് പറയുന്നത് ഏവരേയും ഞെട്ടിച്ചിരിക്കുന്നതിന് പിന്നാലെ വെളിപ്പെടുത്തലുമായി ബോളിവുഡ് നടൻ. സാഖിബ് സലിം കഴിഞ്ഞ ദിവസം നടത്തിയ മീ ടൂ വെളിപ്പെടുത്തൽ കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് 21 വയസുള്ളപ്പോൾ താൻ നേരിട്ട ലൈംഗിക ചൂഷണം സാഖിബ് തുറന്ന് പറഞ്ഞത്.

ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ തന്റെ അടുത്തെത്തിയ ഒരാൾ സംസാരിച്ചിരിക്കുന്നതിനിടെ തന്റെ പാന്റ്സിനുള്ളിൽ കയ്യിടാൻ ശ്രമിച്ചു. അയാൾ തന്നെ ദുരുപയോഗിക്കാൻ ശ്രമിക്കുകയായിരുന്നു. ഉദ്ദേശം മനസ്സിലാക്കിയ താൻ അപ്പോൾതന്നെ കൈതട്ടിമാറ്റുകയും നല്ല ഒരു ഇടി കൊടുത്ത് അസഭ്യം പറഞ്ഞ് എഴുന്നേറ്റുപോയി എന്നും സാഖിബ് സലീം പറയുന്നു. അന്ന് തനിക്ക് 21 വയസ്സായിരുന്നു പ്രായം. ഇപ്പോൾ അയാളുടെ പേര് പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സാഖിബ് വ്യക്തമാക്കി.

ഈ വർഷം പുറത്തിറങ്ങിയ 'റേസ് 3' എന്ന ത്രില്ലർ ചിത്രത്തിൽ സുപ്രധാന വേഷം സാഖിദ് ചെയ്തിട്ടുണ്ട്. മോഡൽ ആയി കരിയർ തുടങ്ങിയ സാഖിബ് ഇതിനകം നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.മീ ടു ക്യാംപയിനെ താൻ പിന്തുണയ്ക്കുന്നു. പലരുടെയും കഥകൾ ഹൃദയഭേദകമാണെന്നും ദുഷ്ടന്മാരാണ് ലൈംഗിക കുറ്റവാളികൾ എന്നും സാഖിബ് പറയുന്നു. എല്ലാവർക്കും വ്യത്യസ്തമായ അനുഭവങ്ങൾ പലരിൽ നിന്നും പല തരത്തിൽ ഉണ്ടായിട്ടുണ്ടെന്നത് ഉറപ്പാണെന്നും സാഖിബ് പറയുന്നു.

സിനിമ മേഖലയിൽ നടക്കുന്ന ലൈംഗിക ചൂഷണത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഒടുവിലായി രംഗത്തെത്തിയ ആളാണ് സാഖിബ് സലീം. മുൻപ് സെയ്ഫ് അലി ഖാനും തനിക്ക് ചില ദുരനുഭവങ്ങൾ സിനിമാ മേഖലയിൽ നിന്നും നേരിട്ടുണ്ടെന്നും ബോളിവുഡിൽ ചുവടുറപ്പിച്ച് വരുന്ന സമയത്തായിരുന്നു ഇതെന്നും എന്നാൽ ലൈംഗിക സ്വഭാവമുള്ളവയായിരുന്നില്ല അവയെന്നും സെയ്ഫ് അലി ഖാൻ പറഞ്ഞിരുന്നു.