ദിലീപ് വിഷയത്തെ കുറിച്ച് മോഹൻലാലിനോട് ബോളിവുഡ് താരങ്ങൾ പോലും ചോദിച്ചിരുന്നതായി ജഗദീഷ്. അമ്മയുടെ പ്രസിഡന്റായിട്ടും ദിലീപിനെ എന്തിനിങ്ങനെ പിന്തുണയ്ക്കുന്നു എന്ന തരത്തിലാണ് ഹിന്ദി സിനിമയിലെ സൂപ്പർ താരങ്ങൾ മോഹൻലാലിനോട് ചോദ്യങ്ങൾ ചോദിച്ചതെന്നും അത് മോഹൻലാലിന് മനോവിഷമം ഉണ്ടാക്കി എന്നും ജഗദീഷ് പറയുന്നു. ദിലീപിനെ സംബന്ധിച്ച എല്ലാ ചോദ്യങ്ങളും തന്റെ നേർക്ക് വന്നതിൽ മോഹൻലാൽ അസ്വസ്ഥനായിരുന്നെന്നും ജഗദീഷ് പറഞ്ഞു.

നിരപരാധിത്വം തെളിയിച്ചാൽ മാത്രം ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുക്കും എന്ന ഉറച്ച നിലപാടിലാണ് മോഹൻലാൽ രാജി ചോദിച്ചു വാങ്ങിയതെന്ന് ജഗദീഷ്. 'ഈയിടെ മോഹൻലാൽ മുംബൈയിൽ പോയിരുന്നു. ഹിന്ദി സൂപ്പർ താരങ്ങളൊക്കെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. എന്തുകൊണ്ടാണ് നിങ്ങൾ ഇതിനെയൊക്കെ പിന്തുണയ്ക്കുന്നതെന്ന് അവർ അദ്ദേഹത്തോട് ചോദിച്ചു. തമിഴ് പത്രത്തിൽ വാർത്തയും വന്നു മോഹൻലാൽ കുറ്റാരോപിതനൊപ്പമെന്ന്. ഇതെല്ലാം അദ്ദേഹത്തിന് മാനസിക വിഷമമുണ്ടാക്കി.'

'എന്റെ അടുത്തു പോലും ലാൽ ചോദിച്ചു, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ? എന്ന്. അങ്ങനെ ലാൽ ഒരു ഉറച്ച നിലപാടെടുക്കുകയും ദിലീപിനോട് രാജി ആവശ്യപ്പെടുകയും ചെയ്തു.' ജഗദീഷ് പറഞ്ഞു.