ന്യൂഡൽഹി: ബോളിവുഡ് ചിത്രം പീപ്‌ലി ലൈവിന്റെ സഹസംവിധായകൻ മഹമൂദ് ഫാറൂഖിക്ക് ഏഴുവർഷം തടവ്. അമേരിക്കൻ ഗവേഷകയെ ബലാത്സംഗം ചെയ്ത കേസിലാണു ശിക്ഷ.

ഡൽഹി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. 2015 മാർച്ചിൽ കൊളംബിയ യൂണിവേഴ്സ്റ്റിയിൽ നിന്നും ഗവേഷണത്തിനായി ഇന്ത്യയിൽ എത്തിയ 35കാരിയെ ഫാറൂഖി ബലാത്സംഗം ചെയ്തെന്നാണ് കേസ്.

പീഡനത്തിനിരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ജൂണിൽ ഫാറൂഖി അറസ്റ്റിലായി. 2015 മാർച്ച് 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വവസതിയിൽ രാത്രി അത്താഴവിരുന്നിന് വിളിച്ച് ഫറൂഖി ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. വിചാരണക്കിടെ ഫാറൂഖി ആരോപണം നിഷേധിച്ചെങ്കിലും ഗവേഷക പരാതിയിൽ ഉറച്ചുനിന്നു.

2010ലാണ്പീപ്‌ലി ലൈവ് പുറത്തിറങ്ങിയത്. ഫാറൂഖിയുടെ ഭാര്യയും തിരക്കഥാകൃത്തുമായ അനുഷ റിസ്വിയാണ് 'പീപ്‌ലി ലൈവ്' സംവിധാനം ചെയ്തത്. കർഷകരുടെ പ്രശ്നങ്ങൾ പ്രയേമാക്കിയ ചിത്രം ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. ആമിർ ഖാന്റെ നിർമ്മാണ കമ്പനിയാണ് ചിത്രം നിർമ്മിച്ചത്.