മീ ടു ആരോപണങ്ങളിലൂടെ സംവിധായകരും നടന്മാരും നടത്തിയ  ലൈംഗിക ചൂഷണം പുറത്ത് വരവേയാണ് വർഷങ്ങൾക്ക് മുൻപുള്ള അഭിമുഖം സംവിധായകന് കുരുക്കായത്. ബോളിവുഡ് സംവിധായകനായ സാജിദ് ഖാനാണ് പഴയകാല വീരവാദങ്ങൾ കുരുക്കായി മാറിയത്. പണ്ട് താൻ ഒട്ടേറെ സ്ത്രീകളുടെ ഹൃദയം തകർത്തിട്ടുണ്ടെന്നാണ് സാജിദ് ഖാൻ അഭിമുഖത്തിൽ പറഞ്ഞത്. ഒരു വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് താൻ ചെയ്ത 'വീരകൃത്യങ്ങൾ' എന്നവണ്ണം സംവിധായകൻ വെളിപ്പെടുത്തൽ നടത്തിയത്. ബിപാഷ ബസു, ദിയ മിർസ തുടങ്ങി ചില നടിമാരും ഒരു വനിതാ മാധ്യമ പ്രവർത്തകയും നേരത്തെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇത് ശരിയെന്ന് ഉറപ്പിക്കുന്ന വാക്കുകളാണ് സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. നടിമാർ നടത്തിയ ആരോപണം സംവിധായകൻ നേരത്തെ നിഷേധിച്ചിരുന്നു.

ഇരുപതുകളിൽ താൻ സ്ത്രീകളെയും പെൺകുട്ടികളെയും മോശമായി കൈകാര്യം ചെയ്തിരുന്നുവെന്നും അവരോട് ലൈംഗികച്ചുവയോടെ സംസാരിക്കാറുണ്ടായിരുന്നുവെന്നും ഇക്കാര്യത്തിൽ ഒരു പട്ടിയെപ്പോലെയായിരുന്നുവെന്നും തനിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും താൻ നിരവധി സ്ത്രീകളെ വഞ്ചിക്കുകയും അവരുടെ ഹൃദയം തകർക്കുകയും ചെയ്തിട്ടുണ്ടെന്നുമായിരുന്നു സാജിത് ഖാൻ പഴയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബിപാഷയും ദിയ മിർസയും നടത്തിയ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഈ പഴയ അഭിമുഖത്തിലെ വാക്കുകളെന്നാണ് ഇപ്പോൾ വിമർശകർ പറയുന്നത്.

മുപ്പതുകളിൽ എത്തിയപ്പോഴാണ് സ്ത്രീകളെ വിട്ട് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും സാജിത് പഴയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.മീറ്റു കാമ്പയിനിന്റെ ഭാഗമായി നടികളുടെ ആരോപണം നേരിടേണ്ടിവന്ന സാജിത് ഖാന് ഹൗസ്ഫുൾ 4ന്റെ സംവിധായക ചുമതലയിൽ നിന്ന് ഒഴിയേണ്ടിവരെ വന്നു. നായകൻ അക്ഷയ് കുമാറിന്റെും നിർമ്മാതാവ് സാജി നാദിയാവാലയുടെയും നിർബന്ധത്തെ തുടർന്നാണ് സാജിതിന് താൻ സംവിധായക ചുമതലയിൽ നിന്ന് ഒഴിയുകയാണെന്ന് പറയേണ്ടിവന്നത്. ഈ തിരിച്ചടികൾക്കിടയിലാണ് പഴയ അഭിമുഖം വീണ്ടും ചിലർ കുത്തിപ്പൊക്കി വിവാദമാക്കിയത്.