- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് മേക്കപ്പ് മാൻ കൊക്കെയ്നുമായി പിടിയിൽ; സുരാജ് ഗോദാംബെയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടിയത് 56000 രൂപ വില വരുന്ന ലഹരിമരുന്നുമായി; കൊക്കെയ്ൻ എത്തിച്ച് നൽകിയ ഓട്ടോറിക്ഷ ഡ്രൈവറും അറസ്റ്റിൽ
മുംബൈ: ബോളിവുഡ് മേക്കപ്പ് ആർട്ടിസ്റ്റിനെ കൊക്കെയ്ൻ കൈവശം വച്ചതിന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. പ്രമുഖ മേക്കപ്പ്മാനായ സുരാജ് ഗോദാംബെയെ ആണ് കൊക്കേയ്നുമായി എൻ.സി.ബി. വ്യാഴാഴ്ച്ച പിടികൂടിയത്. ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ചൊവ്വാഴ്ച മുതൽ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തി വരികയാണ്. ഇതിന്റെ ഭാഗമായാണ് അറസ്റ്റ്.
3 ഇഡിയറ്റ്സ്, ഫിയർലെസ്സ്, തനു വെഡ്സ് മനു റിട്ടേൺസ് തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചയാളാണ് സുരാജ് ഗോദാംബെ. ഇയാളിൽനിന്ന് 11 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്. ഇതിന് ഇന്ത്യൻ വിപണിയിൽ 56000 രൂപ വില വരും. സുരാജ് ഗോദാംബെയ്ക്ക് കൊക്കെയ്ൻ എത്തിച്ച് നൽകിയ ഓട്ടോ റിക്ഷ ഡ്രൈവറും പിടിയിലായിട്ടുണ്ട്. മുംബൈയിലെ ഓഷിവാരയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. നൈജീരിയൻ സംഘത്തിന് വേണ്ടിയാണ് ഓട്ടോറിക്ഷ ഡ്രൈവർ വിതരണക്കാരനായതെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോവിന്റെ പ്രസ്താവനയിൽ പറയുന്നു.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പ്രമുഖ മയക്കുമരുന്ന് വിതരണക്കാരിലൊരാളായ റീഗെൽ മഹാക്കലിനെയും ഇയാളുടെ സംഘത്തിൽ ഉൾപ്പെട്ട അസം ഷെയ്ഖ് ജുമാനെയും അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡിനിടെ മൂന്ന് കോടിയോളം വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് എൻ.സി.ബി. ലഹരിമാഫിയകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. ബോളിവുഡിലെ ലഹരി ഉപയോഗത്തെക്കുറിച്ചും ലഹരിമരുന്ന് വിതരണത്തെക്കുറിച്ചും അന്വേഷണത്തിൽ വിവരങ്ങൾ ലഭിച്ചു. തുടർന്ന് വിവിധ സിനിമ താരങ്ങളെയും സിനിമ പ്രവർത്തകരെയും എൻ.സി.ബി. ചോദ്യംചെയ്തു. ഇവരിൽനിന്നാണ് മുംബൈയിലെ ലഹരിമരുന്ന് വിതരണക്കാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
മറുനാടന് ഡെസ്ക്