റിയോ ഡീ ജനീറോ: ഒളിമ്പിക്‌സിൽ നയനമനോഹരമായ ഇനമാണു സിംക്രണൈസ്ഡ് സ്വിമ്മിങ്. നീന്തൽക്കുളത്തെ നൃത്തവേദിയാക്കി മാറ്റുന്ന ഈയിനത്തിൽ ഇന്ത്യൻ സഖ്യം മത്സരിച്ചില്ലെങ്കിലും ഒരു ബോളിവുഡ് ഗാനം ഇവിടെ ഒഴുകിയെത്തി.

മെക്‌സിക്കോയിൽ നിന്നുള്ള ടീമാണ് ഒരു ബോളിവുഡ് ഗാനത്തിനൊപ്പം ഓളപ്പരപ്പിൽ ചുവടുവച്ചത്. മെക്‌സിക്കൻ താരങ്ങളായ കാരെ അച്ചാച്ചും നൂറിയ ഡിയോസ്ദാദോയുമാണ് നീന്തൽ നൃത്തത്തിൽ ഇന്ത്യൻ ഗാനത്തെ ഒളിമ്പിക് വേദിയിൽ എത്തിച്ചത്.

ഖട്ടാ മീത്താ എന്ന അക്ഷയ് കുമാർ ചിത്രത്തിലെ ആലിയ രേ ആലിയ എന്ന പാട്ടിനൊപ്പമാണ് മെക്‌സിക്കൻ സുന്ദരിമാർ നീന്തൽക്കുളത്തിൽ മത്സരിച്ചത്. ദിവസേന പത്തു മണിക്കൂറോളം നീളുന്ന പരിശീലനത്തിനു ശേഷമാണ് ഇവർ മത്സരത്തിനെത്തിയത്. 170.6601 പോയിന്റുമായി സിൻക്രനൈസ്ഡ് സ്വിമ്മിംഗിൽ അടുത്ത റൗണ്ടിലേക്ക് ഇവർ പ്രവേശനം നേടുകയും ചെയ്തു.